2015-07-12 20:34:00

രോഗികളായ കുഞ്ഞുങ്ങള്‍ക്ക് പാപ്പായുടെ സാന്ത്വനസാമീപ്യം


പാപ്പാ ഫ്രാന്‍സിസ് കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചു. പരാഗ്വേ സന്ദര്‍ശനത്തന്‍റെ രണ്ടാം ദിവസം, ജൂലൈ 11-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8-മണിക്കായിരുന്നു രോഗികളായ കുട്ടികളെ കാണാന്‍ പാപ്പാ സമയം കണ്ടെത്തിയത്.

അസൂന്‍സിയോണിലുള്ള വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും 20 കി.മീ. അകലെയാണ് നീഞ്ഞോസ് ദി അകോസ്താ-ഞ്ഞൂ (Ninos de Acosta Nu) എന്നു സ്പാനിഷില്‍ പേരുള്ള കുട്ടികളുടെ ആശുപത്രി പാപ്പാ സന്ദര്‍ശിച്ചു. വിവിധതരം രോഗങ്ങളാ‍ല്‍ വലയുന്ന ഏകദേശം 280 കുട്ടികള്‍ പാപ്പാ സന്ദര്‍ശിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള പോളിക്ലിനിക്കാണിത്.

ആശുപത്രിയുടെ ഡയറക്ടര്‍ പാപ്പായെ സ്വീകരിച്ചു. സന്ദര്‍ശകരുടെ പുസ്തകത്തില്‍ പാപ്പാ സാന്ത്വന സന്ദേശം കുറിച്ചു. പിന്നെ കുട്ടികളുടെ വിവിധ വാര്‍ഡിലേയ്ക്കും പാപ്പാ ആനീതനായി. മാരകമായ രോഗങ്ങളുടെ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അടുക്കല്‍ച്ചെന്ന് പാപ്പാ അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. അവരെ സാന്ത്വനപ്പെടുത്തി, ആശ്ലേഷിച്ചു.

തുടര്‍ന്ന് രോഗികളായ കുട്ടികളെയും ‍ഡോക്ടര്‍മാരെയും മറ്റ് പരിചാരകരെയും പാപ്പാ അഭിസംബോധനചെയ്തു:

നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ ലഭിച്ച അവസരത്തിന് നന്ദിപറയുന്നു. പ്രിയ കുട്ടികളേ, നിങ്ങള്‍ വളരെ ബുദ്ധിശാലികളാണ്. നിങ്ങളോട് ഒന്നു ചോദിക്കട്ടെ. ഈശോ എപ്പോഴെങ്കിലും ദ്വേഷ്യപ്പെട്ടിട്ടുണ്ടോ? ബുദ്ധിമുട്ടുള്ള ചോദ്യമാണെന്നു തോന്നുകയാണെങ്കില്‍, ഉത്തരം പറയാന്‍ സഹായിക്കാമെന്നു പറഞ്ഞ പാപ്പാ, വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷ ഭാഗം ഉദ്ധരിച്ചു (മാര്‍ക്കോസ് 10, 13-15). കുട്ടികളെ തന്‍റെ പക്കല്‍ വരാന്‍ അനുവദിക്കാതിരുന്ന അവസരത്തില്‍ മാത്രമാണ് അവിടുന്ന് ദ്വേഷ്യപ്പെട്ടത്, അലോസരപ്പെട്ടത്.

കുട്ടികള്‍ അവിടുത്തെ പക്കലേയ്ക്ക് വന്നപ്പോള്‍, മുതിര്‍ന്നവര്‍ അവരെ അകറ്റി നിറുത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ ക്രിസ്തുവാകട്ടെ, അവരെ തന്‍റെ പക്കലേയ്ക്കു മാടി വിളിക്കുന്നു. അവരെ ആശ്ലേഷിക്കുന്നു. അവരെ കരങ്ങളില്‍ ഉയര്‍ത്തി മാതൃകയായി കാട്ടിക്കൊടുക്കുന്നു. കുട്ടികളില്‍നിന്നും പഠിക്കുവാന്‍ ഇന്നും ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നുണ്ട്. അവരുടെ വിശ്വാസം, സന്തോഷം, ലാളിത്യം എന്നിവയില്‍നിന്നും പഠിക്കേണ്ടതുണ്ട്.   കുട്ടികളുടെ തല്ലുപടിക്കുവാനുള്ള കരുത്തും, സഹിക്കുവാനുള്ള ശക്തിയും ശ്രദ്ധേയമാണ്. കുട്ടികളില്‍ ചിലര്‍ യോദ്ധാക്കളാണ്, മത്സരിക്കുവാനും, പൊരുതുവാനും അവര്‍ക്ക് നല്ല വീര്യമാണ്. അതു കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നും. ഇവിടെ നില്ക്കുന്ന അമ്മമാര്‍ അതു സമ്മതിക്കും. അതുപോലെ അവരുടെ അച്ഛന്മാര്‍ക്കും മുത്തച്ഛിമാര്‍ക്കും അവരുടെ വീര്യത്തെക്കുറിച്ചും പൊരുതാനുള്ള കഴിവിനെക്കുറിച്ചും നന്നായിട്ടറിയാം. കുഞ്ഞുങ്ങളുടെ ലാളിത്യവും ധീരതയും ഓമനത്തവുമെല്ലാം നമുക്ക് പ്രത്യാശയും പ്രതീക്ഷയും പകരുന്നതാണ്, പ്രത്യേകിച്ച് നമ്മുടെ വിഷമസന്ധികളില്‍.

ആശുപത്രിയില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പമായിരിക്കുക എന്നത് ഏറെ ക്ലേശകരമാണെന്ന്, പ്രിയ മാതാപിതാക്കളേ, എനിക്ക് അറിയാം, എന്നാല്‍ അത് ചിലപ്പോള്‍ അനന്ദവും സംതൃപ്തിയും തരുമെന്നും പാപ്പാ സഹാനുഭാവത്തോടെ പ്രസ്താവിച്ചു. ഈ സമ്മിശ്ര വികാരങ്ങള്‍ ചിലപ്പോള്‍ മാനസികമായ പരിമുറുക്കം മനസ്സില്‍ വളര്‍ത്തുകയും ചെയ്യാം. അപ്പോഴെല്ലാം നിങ്ങള്‍ പരസ്പരം തുണയായിരിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

ഈ സ്ഥാപനത്തിലെ ഡോക്ടര്‍മാരെയും, നഴ്സ്മാരെയും, മറ്റു സഹപ്രവര്‍ത്തകരെയും നിങ്ങള്‍ ഏറെ ആശ്രയിക്കുന്നുണ്ട്. രോഗീപരിചരണത്തിനായുള്ള അവരുടെ പ്രത്യേക വിളിക്കും, അതുപോലെ വേദനിക്കുന്ന നമ്മുടെ ഓരോ കൊച്ചുസഹോദരന്‍റെയും സഹോദരിയുടെയും അടുത്തായിരിക്കുന്നതിനുള്ള നല്ല മനസ്സിനും ദൈവത്തിനു നന്ദിയര്‍പ്പിക്കാം.

ഒരിക്കലും മറക്കരുത്, ക്രിസ്തു എപ്പോഴും കുഞ്ഞുങ്ങളുടെ ചാരത്തുണ്ട്. അവിടുന്ന് നമുടെ ഹൃദയത്തിലും സന്നിഹിതനാണ്. അവിടുത്തോടു പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്. നമ്മുടെ സന്തോഷവും സന്താപവും, രോഗവും വേദനയുമെല്ലാം ക്രിസ്തുവിനു സമര്‍പ്പിക്കാം. അവിടുന്നു നമ്മെ കൈവിടുകയില്ല. പുത്രനും പുത്രിയുമുണ്ടെങ്കില്‍, തീര്‍ച്ചയായും അവിടെ എപ്പോഴും അമ്മയുമുണ്ട്. യേശുവിന്‍റെ ചാരത്ത് എപ്പോഴും മറിയമുണ്ട് - കകൂപേയിലെ കന്യകാനാഥ! അമ്മയുടെ തിരുവസ്ത്രത്തില്‍ നമ്മുടെ ജീവിതവ്യഥകളെയും നമ്മെത്തന്നെയും പൊതിഞ്ഞു സംരക്ഷിക്കട്ടെ, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും ഈ അമ്മ മാദ്ധ്യസ്ഥ്യം വഹിക്കട്ടെ.

തനിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, വേദനിക്കുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്ന പ്രത്യാശയുടെ വാക്കുകളോടെ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.  








All the contents on this site are copyrighted ©.