2015-07-11 00:28:00

പാപ്പാ ഫ്രാന്‍സിസിന് പാരാഗ്വേയില്‍ പരമ്പരാഗത വരവേല്പ്


ജൂലൈ 10-ാം തിയതി വെള്ളിയാഴ്ച രാവിലെ സാന്താക്രൂസിലുള്ള കേന്ദ്രജയില്‍ സന്ദര്‍ശനവും, ദേശീയ മെത്രാന്‍ സമിതിയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുമയിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ബൊളീവിയിലെ അവസാനത്തെ പരിപാടികള്‍.

ഹൃദസ്പര്‍ശിയും പ്രത്യാശ പകരുന്നതുമായിരുന്നു ജയില്‍വാസികള്‍ക്കൊപ്പം പാപ്പാ ചിലവൊഴിച്ച ഒരു മണിക്കൂര്‍. ദൈവത്തിന്‍റെ കാരുണ്യം തേടുന്നവര്‍ക്ക് രക്ഷയും മോചനവുമുണ്ടെന്ന പ്രത്യാശയുടെ സന്ദേശമാണ് പാള്‍മസോളാ കേന്ദ്രജയിലിലെ അന്തേവാസികള്‍ക്ക് നല്കിയത്.  വിമാനത്താവളത്തിലേയ്ക്കുള്ള വഴിയില്‍ സാന്താ ക്രൂസ് ഇടവക ദേവാലയത്തില്‍ ബൊളീവിയയിലെ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ച ഹ്രസ്വവും അനൗപചാരികവുമായിരുന്നു. പാപ്പാ എല്ലാ മെത്രാന്മാരുമായി വ്യക്തിഗത സംഭാഷണത്തില്‍ ചിലവഴിച്ചു.

തുടര്‍ന്ന് 17കി. മീ. അകലെ സാന്താക്രൂസിലെ വീരു വീരു വിമാനത്താവളത്തിലേയ്ക്ക് പാപ്പാ കാറിലാണ് യാത്രചെയ്തത്. എയര്‍പ്പോര്‍ട്ടിലേയ്ക്കുള്ള പ്രധാന വീഥിയിലും പരിസരത്തും പാപ്പായെ യാത്രയാക്കാനും ആവേശത്തോടെ ആയിരണങ്ങള്‍ അണിഞ്ഞൊരുങ്ങി നിന്നിരുന്നു. പാപ്പായുടെ തന്‍റെ ചെറിയ കാറിന്‍റെ ഗ്ലാസ്സു തുറന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് മുന്നോട്ടു നീങ്ങി.

12.45-ന് വിമാനത്താവളത്തിലെത്തിയ പാപ്പാ ഫ്രാന്‍സിസിനെ പ്രസിഡന്‍റ് മൊറാലെസും സംഘവും വി.ഐ.പി. ലോഞ്ചിലേയ്ക്ക് ആനയിച്ചു. ഹ്രസ്വമായ സ്വകാര്യ സംഭവത്തിനുശേഷം, പാപ്പാ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇരുരാഷ്ട്രങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലാപിക്കപ്പെട്ടു. തുടര്‍ന്ന് പാപ്പായ്ക്കും  വത്തിക്കാന്‍റെ ‍ഡെലഗേഷനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചതോടെ യാത്രയയപ്പു ചടങ്ങുകള്‍ പൂര്‍ത്തിയായി. പാപ്പാ ഫ്രാന്‍സിസ് തന്‍റെ കറുത്ത തുകല്‍ ബാഗുമായി വിമാനപ്പടവുകള്‍ കയറി.

മദ്ധ്യാഹ്നം കൃത്യം ഒരുമണിയായിരുന്നു. പാപ്പായുടെ അല്‍ ഇത്താലിയ വിമാനം എ 330 അന്‍ഡീസ് കുന്നുകളുടെ മുകളിലൂടെ തെളിഞ്ഞ നീലാകാശത്തേയ്ക്ക് അയല്‍രാജ്യമായ പരാഗ്വേ ലക്ഷമാക്കി.... ഭൂമദ്ധ്യരേഖയും കടന്ന് കിഴക്കന്‍ ഗോളാര്‍ദ്ധ ചക്രവാളങ്ങളിലേയ്ക്ക് പറന്നുയര്‍ന്നു. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ആദ്യം ഉച്ചഭക്ഷണം കഴിച്ച് പാപ്പാ വിശ്രമിച്ചു.

തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ സുന്ദരമായ ഭൂപ്രദേശമാണ് പരാഗ്വേ. കിഴക്കന്‍ പീഠഭൂമിയും പടിഞ്ഞാറന്‍ സമതലപ്രദേശങ്ങളാലും ഹരിതാഭവും ജലാവൃതവുമായ നാടാണിത്. ബഹുഭൂരി പക്ഷം കത്തോലിക്കരുള്ള ലാറ്റിനമേരിക്കന്‍ നാടാണിത്. പാപ്പാ ഫ്രാന്‍സിസിന്‍റെ 9-ാമത് അന്തര്‍ദേശിക അപ്പസ്തോലിക യാത്രയുടെ 3-ാം ഘട്ടവും അവസാനദിവസങ്ങളും.....

പരാഗ്വേയുടെ തലസ്ഥാനനഗരമായ അസൂണ്‍സിയോണിലെ അന്തര്‍ദേശീയ വിമാനത്താവളത്തിലേയ്ക്ക് പാപ്പായുടെ വിമാനം കൃത്യം 3.00 മണിക്ക് പറന്നിറങ്ങി.

സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് അന്തോണിയോ എല്‍സെയോ അരിയോത്തി വിമാനപ്പടവുകള്‍ കയറിച്ചെന്ന് പാപ്പായെ സ്വീകരിച്ച് ആനയിച്ചു. ആറുദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനം രണ്ടു രാജ്യങ്ങളിലായി തുടര്‍ച്ചയായി നടത്തി ക്ഷീണമൊന്നും ഇല്ലാതെ, ഇതാ പാപ്പാ ഫ്രാന്‍സിസ് മന്ദസ്മിതത്തോടെ വിമാനപ്പടവുകള്‍ ഇറങ്ങിവന്നു.

പരാഗ്വേയുടെ പ്രസി‍‍ഡന്‍്, ഹൊരാസിയോ മാനുവല്‍ കാര്‍ത്തെസ് ജാരയും രാഷ്ട്രപ്രതിനിധികളും പാപ്പായെ വരവേറ്റു. അസൂന്‍സിയോണ്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ്, ഏഡ്മണ്ടോ പോണ്‍സിയോനോ മേലിഡിന്‍റെ നേതൃത്വത്തില്‍ സഭാപ്രതിനിധികളും പാപ്പായെ സ്വീകരിച്ചു.

പരാഗ്വേയുടെയും വത്തിക്കാന്‍റെയും ദേശീയ ഗാനങ്ങള്‍ ആലാപിക്കപ്പെട്ടു. ശുഭ്രവസ്ത്രധാരികളായ വിദ്യാര്‍ത്ഥികളാണ് ഗാനങ്ങള്‍ ആലപിച്ചത്. തുടര്‍ന്ന് യുവജനങ്ങളുടെ പരമ്പരാഗത നൃത്തങ്ങളായിരുന്നു. സ്പാനിഷ് കൊളോനിയല്‍ പാരമ്പര്യത്തില്‍ വിരിഞ്ഞ ക്രിസ്തീയ കലാദൃശ്യങ്ങളുടെ അവതരണവും  യുവജനങ്ങള്‍ പാപ്പായ്ക്കായി കാഴ്ചവച്ചു, സ്വീകരണച്ചടങ്ങ് വര്‍ണ്ണാഭമാക്കി.








All the contents on this site are copyrighted ©.