2015-07-07 22:41:00

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന ഐക്യത്തിന്‍റെ ബലതന്ത്രം


പാപ്പാ ഫ്രാന്‍സിസിന്‍റെ തെക്കെ അമേരിക്കയിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം ജൂലൈ 7-ാം തിയതി രാവിലെ വീണ്ടും ശ്രദ്ധേയമായ പരിപാടിയായിരുന്നു ക്വീത്തോയിലെ ബൈസെന്‍റിനറി പാര്‍ക്കിലെ ദിവ്യബലിയര്‍പ്പണം. എട്ടു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

2013-ല്‍ ഇക്വഡോര്‍ ആചരിച്ച റിപ്പബ്ളിക്കന്‍ ഭരണത്തിന്‍റെ രണ്ടാം ശതാബ്ദി സ്മാരകമാണ് ക്വീത്തോ നഗരമദ്ധ്യത്തിലെ ബൈസെന്‍റിനറി പാര്‍ക്ക്. പഴയ എയര്‍പോര്‍ട്ടാണ് മനോഹരമായ ഉദ്യാനമായി പരിണമിച്ചിരിക്കുന്നത്. പാരിസ്ഥിതിക സുസ്ഥിതിയും പ്രകൃതി ഭംഗിയുമുള്ള 125 ഏക്കര്‍ വിസ്തൃതിയുളള മൈതാനമാണിത്. വന്‍‍ സംഗീത പരിപരിപാടികള്‍ക്കും സ്പോര്‍ട്സ് മാമാംഗങ്ങള്‍ക്കും വേദിയാകുന്ന പാര്‍ക്കാണ് ഇക്കുറി ആത്മീയ അന്തരീക്ഷമായി മാറിയത്. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയുടെ രണ്ടാം ശതാബ്ദിസ്മാരകമാണ് ക്വീത്തോയിലെ പാര്‍ക്കെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ജനതകളുടെ സുവിശേഷവത്ക്കരണത്തിന്... എന്ന നിയോഗവുമായിട്ടാണ് ക്വീത്തോയിലെ പ്രകൃതിരമണീയമായ പാര്‍ക്കില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. ദിവ്യബലിമദ്ധ്യേ പാപ്പ വചനപ്രഘോഷണം നടത്തി.

സുവിശേഷത്തിന്‍റെ സന്തോഷത്തില്‍ ജീവിക്കുന്നതാണ് സുവിശേഷവത്ക്കരണം എന്ന് പാപ്പാ വ്യാഖ്യാനിച്ചു. ക്രിസ്തുവിനെ കണ്ടെത്തുന്ന ആര്‍ക്കും ലഭിക്കുന്ന ആന്തരിക ആനന്ദമാണ് സുവിശേഷവത്ക്കരണം. അത് വാക്കുകളുടെ വലിയ കസറത്തോ, സങ്കീര്‍ണ്ണമായ മിമാംസയോ അല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് സുവിശേഷത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചു. ക്രിസ്തു സാന്നിദ്ധ്യം നമ്മെ ഐക്യത്തിലേയ്ക്ക് നയിക്കും എന്ന ബോധ്യവും, അത് നമ്മെ ആത്മീയ സൗന്ദര്യത്തിന്‍റെ ആന്തരിക ചക്രവാളങ്ങളിലേയ്ക്ക് നയിക്കും എന്ന പ്രത്യാശയും മറ്റുള്ളവരെയും ആത്മീയതയുടെ സമൃദ്ധിയുള്ള വിരുന്നമേശയിലേയ്ക്ക് ക്ഷണിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.

‘പിതാവേ, ലോകം വിശ്വസിക്കേണ്ടതിന് അവര്‍ ഒന്നായിരിക്കട്ടെ,’ എന്ന അന്ത്യത്താഴ വേളയിലെ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥന പാപ്പാ ഉദ്ധരിച്ചു. ജീവിത ദൗത്യത്തി‍ന്‍റെ പശ്ചാത്തലത്തിലാണ് അവിടുത്തെ ഹൃദയാന്തരാളത്തില്‍നിന്നും ഈ പ്രാര്‍ത്ഥന ഉയര്‍ന്നത്. ‘അവിടുന്ന് എന്നെ അയച്ചതുപോലെ ഞാനും അവരെ, എന്‍റെ ശിഷ്യന്മാരെ അയക്കുന്നു,’ എന്നാണ് ക്രിസ്തു പ്രസ്താവിച്ചത്. ജീവിത വ്യഥകളില്‍ മുങ്ങിനില്ക്കുമ്പോഴും അവിടുന്ന് ബോധ്യത്തോടെ തന്‍റെ ദൗത്യം ഏറ്റെടുക്കുകയും അത് പ്രഖ്യാപിക്കുകയും, ജീവിത യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. ദൗത്യത്തിന്‍റെ സങ്കീര്‍ണ്ണതകളോ, അതിലെ ക്രൂരമായ ഒറ്റുകൊടുക്കലോ വഞ്ചനയോ, അതില്‍ കടന്നുകൂടുന്ന കാപട്യത്തിന്‍റെ ലാഞ്ജ്ജനയോ ക്രിസ്തുവിനെ അതില്‍നിന്നും പിന്തിരിപ്പിക്കുന്നില്ല. മനുഷ്യര്‍ ഇന്ന് ചിന്തിക്കുന്നത് - ഭീകരതയും അധിക്രമങ്ങളും രാഷ്ട്രങ്ങളുടെ ഭാഗധേയമാണ്. അതില്‍ ഞാന്‍ എന്തുചെയ്യാനാണ്. ഇത് പൊതുവെയുള്ളൊരു ചിന്താഗതിയാണ്. എന്നാല്‍ ഓര്‍ക്കുക – വ്യാപകമായ വ്യക്തിമാഹാത്മ്യവാദവും സ്വാര്‍ത്ഥതയുമാണ് മനുഷ്യരെയും സമൂഹങ്ങളെയും ഭിന്നതിയില്‍ ആഴ്ത്തുന്നതും, മനുഷ്യന്‍ മനുഷ്യനെതിരെ ഉയരുവാന്‍ പ്രേരിപ്പിക്കുന്നതും (സുവി. സന്തോഷം, 99). അങ്ങനെ ഹൃദയങ്ങളില്‍ മുളപൊട്ടുന്ന പാപത്തിന്‍റെ പൈതൃകമാണ് സമൂഹത്തിലെ അതിക്രമങ്ങള്‍ക്കും വേദനകള്‍ക്കും കാരണമാകുന്നതും, സൃഷ്ടിയെ മലീമസമാക്കുന്നതെന്നും പാപ്പാ സമര്‍ത്ഥിച്ചു. എന്നാല്‍ ക്രിസ്തു നമ്മെ അയക്കുന്നത് കലുഷിതമായ ലോകത്തേയ്ക്കു തന്നെയാണ്. ആവലാധിയോ വേവലാധിയോ നിസംഗതയോ ഉല്‍ക്കണ്ടയോ കൊണ്ടല്ല നാം പ്രതികരിക്കേണ്ടത്. ലോകത്തു നന്മ ചെയ്യുവാനുള്ള കരുത്തും ഉഭയസാദ്ധ്യതകളും ഇല്ലെന്ന് പറയരുത്. അല്ലെങ്കില്‍ പ്രതിസന്ധികള്‍ മാനുഷികമായി നിയന്ത്രണാതീതമാണെന്നും, പ്രശ്നങ്ങള്‍ പിടികിട്ടാത്ത വിധം ഭീമമാണെന്നും പറയരുതെന്ന് പാപ്പാ വചനചിന്തയില്‍ താക്കീതു നല്‍കുന്നു. എന്നാല്‍ ‘നിങ്ങള്‍ ഒന്നായിരിക്കണം’ എന്ന ക്രിസ്തുവിന്‍റെ വിളി, മുറവിളി നാം കേള്‍ക്കേണ്ടതാണ്. ഐക്യത്തിന്‍റെ പ്രയോക്താക്കളാകുവാനുള്ള കൃപയും വെല്ലുവിളിയും സ്വീകരിക്കുവാനുള്ള ആഹ്വാനമാണ് അതെന്നു പാപ്പാ അനുസ്മരിപ്പിക്കുന്നു.








All the contents on this site are copyrighted ©.