2015-07-06 13:11:00

വത്തിക്കാനില്‍നിന്നും റംസാന്‍ ആശംസകള്‍


വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ റംസാന്‍ പ്രമാണിച്ച് ലോകമെമ്പാടുമുള്ള മുസ്ലീംസഹോദരങ്ങള്‍ക്ക് അയച്ച സന്ദേശം.

ഇസ്ലാമിക കലണ്ടറിലെ ഒന്‍പതാമത്തെ മാസമാണ് റംസാനായി ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആചരിക്കുന്നത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് മുഹമ്മദ് നബിക്ക് ആദ്യമായി ഖുറാന്‍ വെളിപ്പെട്ടുകിട്ടിയതിന്‍റെ ഔര്‍മ്മയാണ് ഈ നോയമ്പാചരണവും ആഘോഷവും.

പ്രിയ സഹോദരങ്ങളേ, ലോകമെബാടുമുള്ള എല്ലാ കത്തോലിക്കരുടെ പേരിലും വിശിഷ്യ, മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസി‍ഡന്‍റ് കര്‍ദ്ദിനാള്‍ റ്റുറാന്‍റെ പേരിലും സന്തോഷനിര്‍ഭരവും സമാധാനപൂര്‍ണ്ണവുമായ ഈദ് ഉല്‍ ഫിത്തര്‍ ആശംസിക്കുന്നു. ഈ റംസാന്‍ മാസത്തില്‍ ചെയ്യുന്ന ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവുമെല്ലാം നിങ്ങളു‌ടെ ജീവിതത്തെ ഐശ്വര്യപൂര്‍ണ്ണമാക്കട്ടെയെന്നും ആശംസിച്ചു.

നിങ്ങളില്‍ ചിലര്‍ക്ക്, ചിലപ്പോള്‍ മറ്റു സമുദായക്കാര്‍ക്കുപോലും അതിക്രമങ്ങള്‍മൂലമോ, പ്രിയപ്പെട്ടവരെയോ വസ്തുവകകളെയോ നഷ്ടപ്പെട്ടതിന്‍റെ വേദനിക്കുന്ന ഓര്‍മ്മകള്‍മൂലമോ, ഇന്നും അനുഭവിക്കുന്ന പീ‍ഡനങ്ങള്‍ കാരണമോ ഈ തിരുനാളിന്‍റെ സന്തോഷവും ചൈതന്യവും ഇല്ലാതായിട്ടുണ്ടാകാം.

സ്വന്തം സഹോദരങ്ങളുടെ കൊലപാതകം, മത-സാംസ്ക്കാരിക പൈതൃകങ്ങളുടെ നശീകരണം, വ്യക്തികളുടെ നാടുകടത്തല്‍, സ്ത്രീപീഡനം, അടിമത്വം, മനുഷ്യക്കടത്ത്, അവയവങ്ങളുടെ വില്പന എന്നിങ്ങനെയുള്ള അതിക്രൂരവും അനീതിപരവുമായ അതിക്രമങ്ങള്‍ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള മതസമൂഹങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുട്ടുണ്ട്.  

ഈ കുറ്റകൃത്യങ്ങളു‌ടെ ഗൗരവത്തെക്കുറിച്ച് നാമെല്ലാവരും അവബോധമുള്ളവരാണ്. എന്നിരുന്നാലും മതങ്ങളുടെ പേരില്‍ അവയെ ന്യായീകരിക്കുന്ന പ്രവണത അതിലേറെ ഹീനകരമാണ്. ധനത്തിനും അധികാരത്തിനുംവേണ്ടി മതങ്ങളെ ഉപയോഗിക്കുന്നതിന്‍റെ വ്യക്തമായ ഒരു ഉദാഹരണവുമാണിത്.

സുരക്ഷയുടെയും പൊതുക്രമങ്ങളു‌ടെയും ഉത്തരവാദിത്തമുള്ളവര്‍ക്ക് ജനങ്ങളെയും അവരു‌ടെ വസ്തുവകകളെയും അന്ധമായ ഭീകരാക്രമങ്ങളില്‍നിന്ന് സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് പറയേ​ണ്ടതില്ല.

കൂടാതെ, വ്യക്തികളുടെ രൂപീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാതാപിതാക്കള്‍, മതനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കും ഇതിന്‍റെ ഉത്തരവാദിത്വമുണ്ട്. വഴിതെറ്റിയ വ്യക്തികളു‍ടെ മനസ്സുകളില്‍ അക്രമങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ആദ്യം രൂപം കൊള്ളുകയും പിന്നെ പ്രവര്‍ത്തിയില്‍ വരികയും ചെയ്യുന്നു.

ആര്‍ക്കും ആരെയും കൊല്ലാനുള്ള അധികാരം ഇല്ല. യുവജനങ്ങളുടെ രൂപീകരണത്തിലും, വിദ്യാഭ്യാസരംഗങ്ങളിലും വ്യാപൃതരായിരിക്കുന്നവര്‍ ജീവന്‍ വിശുദ്ധമാണെന്നും വിലപ്പെട്ടതാണെന്നും പറഞ്ഞുകൊടുക്കണം. അത് പകരംവയ്ക്കാന്‍ ആവാത്തതാണെന്നും, ദൈവികാന്തസ്സ് ഉള്ളതുമാണ്. അതിനാല്‍ ജാതി മത ഭേതമെന്യേയും, സാംസ്ക്കാരിക സാമൂഹിക, രാഷ്ട്രീയാന്തരങ്ങള്‍ ഇല്ലാതെയും ഇക്കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ട്.

മറ്റു മതസ്ഥരുടെ ജീവന് വിലയില്ലെന്ന് ചിന്തിക്കരുത്. അതിനാല്‍ ആര്‍ക്കും കൊല്ലാന്‍ അവകാശമില്ല, ദൈവത്തിന്‍റെ പേരില്‍പ്പോലും! അങ്ങനെ ചെയ്താല്‍ അതൊരു ഇരട്ട കുറ്റകൃത്യമാണ് – ദൈവത്തിനും സഹോദരങ്ങള്‍ക്കും എതിരായ അപരാധമാണത്.

വിദ്യാഭ്യാസ മതബോധന മേഖലകളില്‍ ആശയക്കുഴപ്പങ്ങള്‍ വരാന്‍ പാടില്ല. വ്യക്തികളുടെ ഭാവി അവ്യക്തതകളിലോ ഭാഗികമായ സത്യങ്ങളിലോ പടുത്തുയര്‍ത്തേണ്ടതല്ല.

ഇസ്ലാം ക്രൈസ്തവ മത പാരമ്പര്യങ്ങളില്‍ നാം ദൈവത്തെ അംഗീകരിക്കുന്നതും നമസ്ക്കരിക്കുന്നതും നിത്യസത്യമായിട്ടാണ്. അതിനാല്‍ വിശ്വാസികള്‍ എന്ന നിലയില്‍ ഈ ബോധ്യം അനുദിനം ജീവിത ചുറ്റുപാടുകളില്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്.

നൈജീരിയയിലെ മുസ്ലീം നേതാക്കളോടു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രബോധിപ്പിച്ചിട്ടുള്ളതുപോലെ, ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ത്ഥനയുടെ ആനുകൂല്യമുണ്ട്. ലോകസമാധാനത്തിനും അതിന്‍റെ സുരക്ഷയ്ക്കുംവേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ജീവിതത്തിന്‍റെ നേരായ പാതയില്‍നിന്നും വ്യതിചലിച്ചുപോയവര്‍ക്കും മതത്തിന്‍റെ പേരില്‍ അതിക്രമങ്ങള്‍ ചെയ്യുന്നവര്‍ക്കും മാറ്റങ്ങള്‍ വരുത്തി ദൈവത്തിലേയ്ക്ക് തിരിച്ചുവരുന്നതിനും നാം പ്രാര്‍ത്ഥിക്കേണ്ടതുമുണ്ട്. കൂടാതെ പാവങ്ങളും രോഗികളായവര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കേണ്ടതാണ്. അവര്‍ക്കും നമ്മുടെ പ്രാര്‍ത്ഥന ആവശ്യമുണ്‌ട്.

ഈദ്-ഉള്‍-ഫിത്തിര്‍ ആഘോഷങ്ങള്‍ ഇന്നിനും നാളെയ്ക്കും പ്രത്യാശ പകരേണ്ടതാണ്. നീതിപൂര്‍വ്വകമായ നമ്മുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനുള്ള ആത്മാര്‍ത്ഥമായ പ്രത്യാശയോടെയാണ് മനുഷ്യകുലത്തിന്‍റെ ഭാവി നാം കാണേണ്ടത്.

പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്ന് ഫലവത്തായ റംസാന്‍ പെരുനാളും, സന്തോഷപൂര്‍ണ്ണമായ ഈദ്-ഉള്‍-ഫിത്തറും നേരുന്നു. നിങ്ങളുടെ മാനുഷികവും ആത്മീയവുമായ വളര്‍ച്ചിയിലൂടെ സമൂഹത്തില്‍ സമാധാനവും അഭിവൃദ്ധിയും ഉളവാകട്ടെ!

എല്ലാവര്‍ക്കും തിരുനാള്‍ ആശംസകള്‍!

വത്തിക്കാനില്‍നിന്നും,

12  ജൂണ്‍  2015   

കര്‍നാള്‍ ഷോണ്‍ ലൂയി റ്റുറാന്‍

പ്രസി‍ഡന്‍റ്

മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍

Translation of the message : sr. ranjana umi    








All the contents on this site are copyrighted ©.