2015-07-06 21:46:00

ഗ്വയാക്വിലില്‍ ഉയര്‍ന്ന വിശ്വാസത്തിന്‍റെ അലയടി - പാപ്പാ ഫ്രാന്‍സിസ് ഇക്വഡോറില്‍


ഇക്വഡോറില്‍ ഗ്വാക്വിലിലെ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പത്തു ലക്ഷം പേര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു.

ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തില്‍ പാപ്പായുടെ പ്രഥമ പുറംവാതില്‍ പരിപാടിയായിരുന്നു ഇത്. അവിടത്തെ ലോസ് സമാനസ് പാര്‍ക്കിലാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി ആര്‍പ്പിക്കപ്പെട്ടത്. 10 ലക്ഷം വിശ്വാസികളാണ് അതില്‍ ഭക്തിനിര്‍ഭരമായി ആടിയും പാടിയും പങ്കെടുത്തത്.

 

ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് ഹൃദയസ്പര്‍ശിയായിരുന്നു: സുവിശേഷകന്‍ യോഹന്നാനെ സംബന്ധിച്ചിടത്തോളം കാനായിലെ കല്യാണ സംഭവം ക്രിസ്തു പ്രവര്‍ത്തിച്ച ആദ്യത്തെ അത്ഭുതമാണ്. അവര്‍ക്ക് വീഞ്ഞില്ല മകനേ, എന്ന് അമ്മ പറയുമ്പോള്‍ ക്രിസ്തു പറയുന്നത്, തന്‍റെ സമയത്തെക്കുറിച്ചാണ്. ഇനിയും തന്‍റെ സമയമായിട്ടില്ലത്രേ! ഈ സമയത്തിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് പിന്നീട്, അവിടുത്തെ പീഡാനുഭവ രഹസ്യത്തിലാണ്.

സുവിശേഷം പഠിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും, സൗഖ്യം പകരുവാനും, സന്തോഷം നല്‍കുവാനും ഒരാവേശം ക്രിസ്തുവിലുണ്ട്... എന്ന് അമ്മ പറയുന്നു, മകനേ, അവര്‍ക്ക് വീഞ്ഞില്ല. കാനായിലെ കല്യാണം എല്ലാ തലമുറകളിലും, എല്ലാ കുടുംബത്തിലും, ഓരോ വ്യക്തി ജീവിതത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നമ്മുടെയും ജീവിതങ്ങളിലെ വീഞ്ഞ്, ജീവിതവീര്യം ക്ഷയിച്ചുപോകുന്നുണ്ട്. സുവിശേഷകന്‍ വിശേഷിപ്പിക്കുന്ന കാനായിലെ അമ്മയ്ക്ക് നമ്മുടെയും ജീവിതത്തില്‍ സ്ഥാനംകൊടുക്കാം. നമുക്ക് അമ്മയോടൊപ്പം കാനായിലേയ്ക്കൊന്നു യാത്രചെയ്യാം, ആത്മീയയാത്ര ചെയ്യാം

മറിയത്തില്‍ നാം കാണുന്നത് ശ്രദ്ധയും കരുതലും സ്നേഹവുമുള്ള അമ്മയെയാണ്. പോരെടുക്കുന്ന, കുറ്റം കണ്ടുപിടിച്ചും, കുറ്റം ആരോപിച്ചും ജീവിക്കുന്ന അമ്മായിയമ്മയെ അല്ല. കല്ല്യാണ വിരുന്ന് തന്‍റെ അനുദിന ജീവിത പന്തിയെക്കുറിച്ചല്ല, എല്ലാവരുടെയും പന്തിയെയും ഭക്ഷണത്തെയും കുറിച്ചാണ്. അവള്‍ ആകുലചിത്തയായിരുന്നു, അവള്‍ക്ക് കരുതലുണ്ടായിരുന്നു. അതുകൊണ്ടാണ് വീഞ്ഞില്ലാതെ വന്നത്, വീഞ്ഞു തീര്‍ന്നുപോയത് അവള്‍ തിരിച്ചറിഞ്ഞതും ശ്രദ്ധിച്ചതും.

വീഞ്ഞ് – ജീവിതത്തിന്‍റെ സന്തോഷമാണ്, സനേഹമാണ്, സമൃദ്ധിയാണ്. അതില്ലാത്ത എത്ര കുടുംബങ്ങള്‍, എത്ര യുവജനങ്ങള്‍, കുട്ടികള്‍, എത്രയെത്ര പ്രായമായവര്‍, മാതാപിതാക്കള്‍... പരിത്യക്തരും, പാവങ്ങളും ഉപേക്ഷിക്കപ്പെട്ടവരും, സ്നേഹിമില്ലാത്തവരും, സ്നേഹിക്കപ്പെടാത്തവരും ജീവിതത്തിന്‍റെ വീഞ്ഞു തീര്‍ന്നുപോയവര്‍! പിന്നെ, വീഞ്ഞില്ലായ്മ... തൊഴിലില്ലായ്മയുമാണ്., അത് രോഗങ്ങളാണ്, ജീവിത പ്രതിസന്ധികളാണ്, മനസ്സമാധാനമില്ലായ്മയാണ്, അത് നമ്മുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ജീവിത ക്ലേശങ്ങളാണ്..... മറിയം സ്നേഹമുള്ള നമ്മുടെ അമ്മയാണ്. നമ്മെക്കുറിച്ച്, നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധയും കരുതലുമുള്ള അമ്മയാണ് യേശുവിന്‍റെ അമ്മ, മറിയം! പാപ്പാ പിന്നെയും തുടര്‍ന്നു....

മറിയം ആത്മവിശ്വാസത്തോടെ ക്രിസ്തുവിനെ സമീപിക്കുന്നു., മറിയം യാചിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, മാദ്ധ്യസ്ഥ്യം വഹിക്കുന്നു... അങ്ങനെ പ്രാര്‍ത്ഥന നമ്മുടെ വ്യഥകളെ മറിക്കടക്കാന്‍ സഹായിക്കുമെന്നും മറിയം പഠിപ്പിക്കുന്നു.

ജീവിത സാഹചര്യങ്ങളില്‍ മറിയം നോക്കി നില്ക്കുന്നില്ല, പ്രവര്‍ത്തിക്കുന്നു, പരിശ്രമിക്കുന്നു, മദ്ധ്യസ്ഥ്യം വഹിക്കുന്നു. അവിടുന്ന പറയുന്നതുപോലെ പ്രവര്‍ത്തിക്കുക.... ഇത് ഹൃദയം തുറക്കുവാനുള്ള ക്ഷണമാണ്. ദൈവത്തോടും സഹോദരങ്ങളോടും തുറവു കാണിക്കുവാനുള്ള ക്ഷണമാണിത്...!








All the contents on this site are copyrighted ©.