2015-07-02 15:30:00

ഗ്രീസിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ പിന്‍തുണ


ഗ്രീസിലെ സ്ഥിതിഗതികളില്‍ പാപ്പാ ഫ്രാന്‍സിസ് ആശങ്കരേഖപ്പടുത്തുന്നുവെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

വേദനാജനകവും സങ്കീര്‍ണ്ണവുമായ ഗ്രീസിലെ സാമുഹ്യ-സാമ്പത്തിക പ്രതിസന്ധികളില്‍ അവിടത്തെ ജനങ്ങളെ, വിശിഷ്യാ അവിടുത്തെ ഓരോ കുടുംബങ്ങളെയും തന്‍റെ സഹതാപപൂര്‍ണ്ണവുമായ സാമീപ്യവും വാത്സല്യവും പിന്‍തുണയും പാപ്പാ ഫ്രാന്‍സിസ് അറിയിക്കുന്നതായി  ജൂലൈ 2-ാം തിയതി, വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂ‍ടെ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

പ്രതിസന്ധികളിലും മാനുഷ്യാന്തസ്സ് മാനിക്കപ്പെടണമെന്നും, രാഷ്ട്രീയ സാങ്കേതിക തര്‍ക്കങ്ങളിലും വ്യക്തിയായിരിക്കണം സമൂഹത്തിന്‍റെ കേന്ദ്രസ്ഥാനത്തെന്നും പാപ്പാ പ്രസ്താവിച്ചതായി, ഫാദര്‍ ലൊമ്പാ‍ര്‍ഡി റോമില്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.

നഷ്ടധൈര്യരാകാതെ ദൈവത്തില്‍ ആശ്രയിച്ച് ജീവിതം പ്രത്യാശയോടെ മുന്നോട്ടു നയിക്കണമെന്നും, തന്‍റെ പ്രാര്‍ത്ഥനയും സ്നേഹസാമീപ്യും എപ്പോഴം അവര്‍ക്ക് ഉണ്ടാകുമെന്നും പാപ്പാ അറിയിച്ചതായി ഫാദര്‍ ലൊമ്പാ‍ര്‍ഡി വെളിപ്പെടുത്തി.                                                                                                                                                                                                                                                                                                                                                                                                              താങ്ങുവാന്‍ ആവാത്തവിധം നിലംപരിശായിക്കൊണ്ടിരിക്കുന്ന ഗ്രീസിന്‍റെ സാമ്പത്തിക സംവിധാനങ്ങളും തൊഴിലില്ലായ്മയും, അതുവഴി വര്‍ദ്ധിച്ചിരിക്കുന്ന ദാരിദ്ര്യവും ജനജീവിതത്തെ ഏറെ ദുസ്സഹമാക്കിയിട്ടുണ്ട്. സമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടില്‍ പിടിച്ചുനില്ക്കാനാവാത്ത വിധം യൂറോപ്യന്‍ യൂണിയനിലും ലോകബാങ്കിലും ഗ്രീസിന്‍റെ കടബാധ്യതകളും അവയുടെ ഭീമമായ കുടിശികയും പെരുകിയിരിക്കുന്നതാണ് സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമായിരിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

2003-മുതല്‍ ആരംഭിച്ച ഗ്രീസിന്‍റെ സാമ്പത്തിക പ്രതിസന്ധികളുടെ തൊട്ടുപിറകെ വലുതായി ആഞ്ഞുവീശിയ ആഗോള സാമ്പത്തിക മാന്ദ്യവും, അവിടത്തെ സമൂഹ്യ ജീവിതചുറ്റുപാടുകളെ തകിടം മറിക്കുകയും ജനജീവിതത്തെ ദുസ്സഹമാക്കുകയും ചെയ്തിട്ടുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.








All the contents on this site are copyrighted ©.