2015-06-27 20:01:00

വത്തിക്കാന്‍ മാധ്യമങ്ങളെ പാപ്പാ ഫ്രാന്‍സിസ് ഒരു കുടക്കീഴിലാക്കി


ജൂണ്‍ 27-ാം തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധീകരിച്ച സ്വാധികാര പ്രബോധനത്തിന്‍റെ (Motu Proprio : L’attuale Contesto Communicativo) ബലത്തിലാണ് വ്യത്യസ്ത വിഭാഗങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമങ്ങള്‍ ആശയവിനിമയത്തിനായുള്ള സെക്രട്ടേറിയേറ്റിന്‍റെ (The Secretariate for Communications of Vatican) കീഴില്‍ ഒരുമിക്കുന്നത്.

ആശയവിനിമയ ലോകത്ത് ആധുനിക വിവര സാങ്കേതികതയും ഡിജിറ്റല്‍ മാധ്യമങ്ങളും പ്രകടമാക്കുന്ന അഭൂതപൂര്‍വകമായ വികസനമാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമ വിഭാഗങ്ങളെ ഏകോപിപ്പിക്കുവാനും നവീകരിക്കുവാനും പാപ്പാ ഫ്രാന്‍സിസിന് പ്രചോദനമായത്. അപ്പസ്തോലിക സിംഹാസനത്തിന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളുടെ ചരിത്രപരമായ വികസനവും വളര്‍ച്ചയും കണക്കിലെടുത്തുകൊണ്ടാണ് ഭരണസംവിധാനത്തില്‍ സമഗ്രതയും ഐകരൂപ്യവും കൊണ്ടുവരുന്നതിന് ഒരു ഏകോപന പുനരാവിഷ്ക്കരണ പദ്ധതി ആസൂത്രണംചെയ്ത് പാപ്പാ നടപ്പില്‍ വരുത്തിയത്.

പഠനങ്ങളുടെയും പ്രവര്‍ത്തന രേഖകളുടെയും സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷം വത്തിക്കാന്‍റെ നവീകരണത്തിനായുള്ള കര്‍ദ്ദിനാളന്മാരുടെ കൗണ്‍സിലുമായും മാധ്യമങ്ങളുടെ പരിശോധനയ്ക്കായി നിയോഗിച്ച പ്രത്യേക കമ്മിഷനുമായും കൂടിയാലോചിച്ച ശേഷമാണ് സ്വാധികാര പ്രബോധനത്തിലൂടെ വത്തിക്കാന്‍ മാധ്യമങ്ങളുടെ ശ്രമകരമായ ഏകോപനം പാപ്പാ യാഥാര്‍ത്ഥ്യമാക്കുന്നത്.

  1. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ കൗണ്‍സില്‍
  2. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ്
  3. വത്തിക്കാന്‍ ഇന്‍റെര്‍നെറ്റ് സെര്‍വിസ്
  4. വത്തിക്കാന്‍ റേ‍ഡിയോ
  5. വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രം
  6. ലൊസര്‍വത്തോരെ റൊമാനോ – വത്തിക്കാന്‍റെ ദിനപത്രം
  7. വത്തിക്കാന്‍ മുദ്രണാലയം
  8. വത്തിക്കാന്‍റെ ഫോട്ടോഗ്രഫി വിഭാഗം
  9. വത്തിക്കാന്‍ പ്രസിദ്ധീകരണശാല

എന്നിവയാണ് പാപ്പാ ഫ്രാന്‍സിസ് മാധ്യമ സെക്രട്ടേറിയേറ്റിന്‍റെ (Secretariate for Communications) കുടക്കീഴില്‍  കൊണ്ടുവരുന്നത്.

സ്വാധികാര പ്രബോധനം പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയ ജൂണ്‍ 27, 2015 മുതല്‍ വത്തിക്കാന്‍റെ മാധ്യമ വിഭാഗങ്ങള്‍ വത്തിക്കാന്‍റെ ആശയവിനിമയത്തിനായുള്ള സെക്രട്ടേറിയേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തനങ്ങള്‍ യഥാക്രമം തുടരും.

വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റ് www.vatican.va –യും @pontifex എന്ന ഹാന്‍ഡിലില്‍ പ്രവര്‍ത്തിക്കുന്ന പാപ്പായുടെ ട്വിറ്ററും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുമായുള്ള ധാരണ പ്രകാരം പുതിയ സെക്രട്ടേറിയേറ്റ് ഏറ്റെടുത്തു നടത്തും.

ആശയവിനിമയ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ പുതിയ സെക്രട്ടേറിയേറ്റ് തല്‍ക്കാലം റോമിലെ പലാത്സോ പിയോ 3, 00120 വത്തിക്കാന്‍ സിറ്റി (3 Palazzo Pio, 00120 Vatican City) എന്ന വിലാസത്തിലുള്ള മന്ദിരത്തില്‍ ജൂണ്‍ 29-ാം തിയതി തിങ്കളാഴ്ച പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും പാപ്പാ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വത്തിക്കാന്‍റെ ആശയവിനിമയത്തിനായുള്ള സെക്രട്ടേറിയേറ്റിനായി പാപ്പാ നിയോഗിച്ച അധികാരികള്‍ :

  1. പ്രീഫെക്ട് അല്ലെങ്കില്‍ മേധാവി – മോണ്‍സീഞ്ഞോര്‍ ഡാരിയോ എഡ്വേര്‍ഡി വിഗനോ. അദ്ദേഹം നിലവില്‍ വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ ‍‍ഡയറക്ടറാണ്.
  2. സെക്രട്ടറി – മോണ്‍സീഞ്ഞോര്‍ ലൂച്യോ ഏഡ്രിയന്‍ റൂയിസ്, നിലവില്‍ വത്തിക്കാന്‍ ഇന്‍റെര്‍ നെറ്റ് വിഭാഗത്തിന്‍റെ പ്രവര്‍ത്തകനാണ്.
  3. ഡയറക്ടര്‍ ജനറല്‍ - ഡോക്ടര്‍ പാവ്ളോ നൂസിനര്‍, ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി നടത്തുന്ന ‘അവിന്നീരേ’ Avennire ദിനപത്രത്തിന്‍റെ പത്രാധിപരാണ്.
  4. വൈസ് ഡയറക്ടര്‍ ജനറല്‍ - ഡോക്ടര്‍ ജാക്കമോ ഗിസാനി, നിലവില്‍ വത്തിക്കാന്‍ റേ‍‍ഡിയോയുടെ വിദേശകാര്യങ്ങള്‍ക്കുള്ള ഉദ്യോഗസ്ഥനും, നിയമവിദദ്ധനുമാണ്.







All the contents on this site are copyrighted ©.