2015-06-25 19:24:00

മതങ്ങളുടെ കൂട്ടായ്മ സമാധാന സ്ഥാപനത്തിന്


വിശുദ്ധനാടിന്‍റെ സമാധാനത്തിനായി പരിശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ജൂണ്‍ 25-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ ആഗോള യഹൂദ മനുഷ്യാവകാശ സംഘടന – ബിനായ് ബ്രിത്തിലെ B’nai B’rith International-ന്‍റെ അംഗങ്ങളോടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസു മുതല്‍ ബിനായ് ബ്രിത്ത് കത്തോലിക്കാ സഭയുമായി അടുത്ത സഹോദരബന്ധം പുലര്‍ത്തുന്നുണ്ട്ടെന്നും, പരസ്പര അറിവിന്‍റെയും ബഹുമാനത്തിന്‍റെ പാതയില്‍ ഇങ്ങനെയുള്ള കൂടിക്കാഴ്ചകള്‍ നാഴികക്കല്ലുകളാണെന്നും പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

ഇതുപോലെ പരസ്പര ധാരണയുടെയും സഹകരണത്തിന്‍റെയും പാതയില്‍ വിവിധ കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെങ്കിലും, വിശുദ്ധ നാട്ടിലെ സമാധാനത്തിനായുള്ള പരിശ്രമം ഊര്‍ജ്ജിതപ്പെടുത്തണമെന്നും, അവിടെയുള്ള യഹൂദമതസ്ഥരും ക്രൈസ്തവരും ഒത്തൊരുമിച്ച് നാടിന്‍റെ സമാധാനത്തിനും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കെത്തിയ 60-ഓളം വരുന്ന പ്രതിനിധികളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

ദേശീയ തലത്തിലെ സമാധാനം, ജീവനോടുള്ള ആദരവ്, പരിസ്ഥിതി, മനുഷ്യാന്തസ്സ്, നീതിയും ഐക്യദാര്‍ഢ്യവും എന്നീ മേഖലകള്‍ ഇരുപക്ഷത്തെയും അടുപ്പിക്കുകയും ഐക്യപ്പെടുത്തുകയും ചെയ്യാവുന്ന കാലികവും പൊതുവുമായ ആവശ്യങ്ങളാണെന്നും, അത് വരും തലമുറയ്ക്ക് പ്രത്യാശപകരുന്നതും വിശുദ്ധനാട്ടില്‍ വീണ്ടും ഐശ്വര്യവും ഐക്യവും സമാധാനവും വളര്‍ത്തുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സമാധാനത്തിന്‍റെ പാതിയില്‍ ധീരമായ സമര്‍പ്പണവും നിലപാടും സ്വീകരിക്കാമെങ്കില്‍, വിശുദ്ധനാട്ടില്‍ മാത്രമല്ല, മദ്ധ്യപൂര്‍വ്വദേശത്തും സമാധാനവും സുസ്ഥിതിയും വളര്‍ത്തുവാന്‍ ബിനായ് ബ്രിത്തിനും, കത്തോലിക്ക-യഹൂദകൂട്ടായ്മയ്ക്കും സാധിക്കുമെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.

മതങ്ങളുടെ കൂട്ടായ്മയ്ക്ക് തുടക്കമിടുകയും അതു ബലപ്പെടുത്തുകയും ചെയ്തിട്ടുള്ള വ്യക്തികളെയും അവരുടെ പരിശ്രമങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നുവെന്നും, പ്രത്യേകിച്ച് അടുത്തകാലത്ത് വത്തിക്കാന്‍-ഇസ്രായേല്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള മെച്ചപ്പെട്ട ബന്ധങ്ങളെ പാപ്പാ തന്‍റെ പ്രാഭാഷണത്തില്‍ ശ്ലാഘിക്കുകയും ചെയ്തു.

മതങ്ങള്‍ തമ്മിലുള്ള പരസ്പര ആദരവ് വര്‍ദ്ധിപ്പിക്കുകയും സാഹോദ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തിട്ടുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖ Nostra Aetate, അതിന്‍റെ പ്രകാശപൂര്‍ണ്ണമായ പ്രബോധനത്തിന്‍റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ബിനായ് ബ്രിത്തിന്‍റെ എല്ലാം പ്രവര്‍ത്തനങ്ങളെയും സര്‍വ്വശക്തനും പിതാവുമായ ദൈവം കനിഞ്ഞ് ആശീര്‍വ്വദിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.