2015-06-20 19:31:00

ഡോണ്‍ബോസ്ക്കോയുടെ ജന്‍മശതാബ്ദിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം


പാപ്പാ ഫ്രാന്‍സിസ് ഡോണ്‍ ബോസ്ക്കോയുടെ രണ്ടാം ജന്‍മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കും. ജൂണ്‍ 21-ാം തിയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് സലീഷ്യന്‍ സഭാംഗങ്ങളെ അഭിസംബോധനചെയ്യും.

ജൂണ്‍ 21-ാം തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് റോമില്‍നിന്നും വിമാനമാര്‍ഗ്ഗം വടക്കെ ഇറ്റലിയിലെ ട്യൂറിന്‍ നഗരത്തില്‍ എത്തും. ട്യൂറിന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തിരുക്കച്ചയടെ സന്ദര്‍ശനവും, തുടര്‍ന്ന് വിത്തോറിയോ വെനോത്തോ  ചത്വരത്തിലെ ബലിയര്‍പ്പണവുമാണ്. ഉച്ചതിരിഞ്ഞുള്ള പരിപാടികളില്‍ ശ്രദ്ധേയമാകുന്നത് 3 മണിക്ക് ട്യൂറിനിലെ ക്രിസ്ത്യനികളുടെ സഹായമായ കന്യകാനാഥയുടെ ബസിലിക്കയില്‍വച്ചുള്ള സലീഷ്യന് സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയാണ്. ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന ശ്രദ്ധേയമായ പരിപാടിയാണ് സലീഷ്യന്‍ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച. വിശുദ്ധ ജോണ്‍ ബോസ്ക്കോ ജീവിതകാലത്ത് പണിതീര്‍ത്തതാണ് കന്യാകാനാഥയുടെ ബഹുമാനാര്‍ത്ഥമുള്ള ഈ മനോഹര പ്രാര്‍ത്ഥനാസൗധം. ആഗോള സലീഷ്യന്‍ സഭയിലെ പ്രതിനിധികളായ വൈദികരും, സഹോദരന്മാരും സന്ന്യാസിനികളും പാപ്പാ ഫ്രാ‍ന്‍സിസുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഡോണ്‍ബോസ്ക്കോയുടെ 10-ാമത്തെ പിന്‍ഗാമിയുടം ഇപ്പോഴത്തെ റെ‍ക്ടര്‍ മെയ്ജറുമായ ഡോണ് ആര്‍ത്തിമേ സലീഷ്യന്‍ കൂട്ടായ്മയിലേയ്ക്ക് പാപ്പായെ സ്വാഗതംചെയ്യുമെന്ന് ഇന്ത്യയിലെ ബാംഗളൂര്‍ സലീഷ്യന്‍ പ്രോവിന്‍ഷ്യല്‍ ഫാദര്‍ മാത്യം തോണിക്കുഴിയില്‍ (ഫാദര്‍ ജോയ്സ്) എസ്.ഡി.ബി. വത്തിക്കാന്‍ റേ‍‍ഡിയോയെ അറിയിച്ചു.

തുടര്‍ന്ന് 4 മണിക്ക് പാപ്പാ രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള കൊത്തലംഗോ ഭവനം സന്ദര്‍ശിക്കും. വൈകുന്നേരം 6 മണിക്ക് അവിടത്തെ വിത്തോറിയോ ചത്വരത്തില്‍വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയാണ്. യുവജനങ്ങളുടെ ചേദ്യങ്ങള്‍ക്ക് പാപ്പാ ഉത്തരം പറയുന്നതും ട്യൂറിന്‍ സന്ദര്‍ശനത്തിലെ ഹൃദയഹാരിയായ സംഭവമായിരിക്കും. യുവജനങ്ങളുടെ മദ്ധ്യസ്ഥനായ ‍ഡോണ്‍ ബോസ്ക്കോയുടെ രണ്ടാം ജന്‍മശതാബ്ദി പ്രമാണിച്ച് ട്യൂറിനിലെയും പിയ‍ഡ്മണ്ട് പ്രവിശ്യയിലെയും യുവജനങ്ങള്‍ മാത്രമല്ല, ഇറ്റിലിയുടെ ഇതരഭാഗങ്ങളില്‍നിന്നും ധാരളം യുവജനങ്ങള്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്. യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവിടെത്തെ മെത്രാസന മന്ദിരത്തില്‍ പാപ്പാ വിശ്രമിക്കും.   

ജൂണ്‍ 22, തിങ്കളാഴ്ച ട്യൂറിനില്‍ രണ്ടാം ദിവസം രാവിലെ 9 മണിക്ക് പാപ്പാ സ്ഥലത്തെ വല്‍ദേസിയന്‍ എവാഞ്ചലിക്കല്‍ സഭയുടെ പ്രധാന ദേവാലയം സന്ദര്‍ശിച്ച് വിശ്വാസസമൂഹവുമായി കൂടിക്കാഴ്ച നടത്തും. 10 മണിയോടെ മെത്രാസന മന്ദരത്തില്‍ തിരിച്ചെത്തുന്ന പാപ്പാ സ്ഥലത്തെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അവിടത്തെ കപ്പേളയില്‍ മെത്രാന്മാരുടെയും വൈദികരുടെയും വിശ്വാസസമൂഹത്തിന്‍റെയും കൂട്ടായ്മയില്‍ ദിവ്യബലിയര്‍പ്പിക്കും.

ട്യൂറിന്‍ നഗരാധിപന്മാരുമായുള്ള കൂടിക്കാഴ്ച, തിരുക്കച്ചയുടെ പ്രദര്‍ശനത്തിന്‍റെ സംഘാടകരും, സന്നദ്ധസേവകരുമായുള്ള കൂടിക്കാഴ്ച, പാപ്പായുടെ പൂര്‍വ്വികരായ ബര്‍ഗോളിയോ കുടുംബാംഗങ്ങളുമായുള്ള നേര്‍ക്കാഴ്ച എന്നിവയും രണ്ടാം ദിവസ പരിപാടിയില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം 5.30-ന് പാപ്പാ ട്യൂറിന്‍ വിമാനത്താവളത്തില്‍നിന്നും റോമിലേയ്ക്കു യാത്രതിരിക്കും. ഒരു മണിക്കൂര്‍ നീളുന്ന യാത്രയ്ക്കുശേഷം ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ ഉടനെ കാറില്‍ വത്തിക്കാനിലെ പേപ്പല്‍ വസതിയിലേയ്ക്ക് മടങ്ങുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.