2015-06-17 16:10:00

പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം അങ്ങേയ്ക്കു സ്തുതി!


അങ്ങേയ്ക്കു സ്തുതി....! എന്ന ശീര്‍ഷകവുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രിക ലേഖനം പുറത്തിറങ്ങുന്നു.

ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ചയാണ് ഇറ്റാലിയന്‍ ഭാഷയില്‍ Laudato Si’ മലയാളത്തില്‍ ‘അങ്ങേയ്ക്കു സ്തുതി...’ എന്നു പേരിട്ടിരിക്കുന്ന പരിസ്ഥിതി സംബന്ധിയായ പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ പ്രബോധനം വത്തിക്കാന്‍ പ്രകാശനം ചെയ്യുന്നത്.

മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണെന്നും, സഹോദരങ്ങളോടും, സൃഷ്ടവസ്തുക്കളോടും സ്രഷ്ടാവായ ദൈവത്തോടു തന്നെയുമുള്ള രമ്യതയിലും ഐക്യദാര്‍ഢ്യത്തിലും ജീവിച്ചുകൊണ്ട് ഭൂമിയാകുന്ന വലിയ കുടുംബം ഒരുമിച്ച് പ്രപഞ്ചനാഥനായ ദൈവത്തെ സ്തുതിക്കുന്ന അത്യപൂര്‍വ്വവും സമഗ്രവുമായ വീക്ഷണമാണ് പാപ്പാ ഫ്രാന്‍സിസ് 200-പേജുകളുള്ള ചാക്രികലേഖനത്തില്‍ അവതരിപ്പിക്കുന്നതെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാ‍ര്‍ഡി റോമില്‍ മാധ്യമങ്ങളോടു പ്രസ്താവിച്ചു.

ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പ്രസ്സ് ഓഫിസില്‍ നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ചായിരിക്കും laudato Si’ എന്ന കാലിക പ്രസക്തിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം പ്രകാശനംചെയ്യുപ്പെടുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

പ്രകൃതിയോടും അതിന്‍റെ ദാതാവായ ദൈവത്തോടുമുള്ള ക്രിയാത്മകവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പ്രതികരണമായിരുന്നു ആസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭൂമിസ്തവം... പ്രപഞ്ചദാതാവിനെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന. 500-ല്‍ ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആസ്സിസിയിലെ സിദ്ധന്‍ രചിച്ച പ്രാര്‍ത്ഥനയുടെ ഉള്‍ക്കാമ്പ് ഹൃദയത്തിലേറ്റിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയുടെ ആദ്യവരികള്‍ ശീര്‍ഷമമാക്കിക്കൊണ്ട് തന്‍റെ ചാക്രികലേഖനം ലോകത്തിന് സമര്‍പ്പിക്കുന്നത്, അങ്ങേയ്ക്ക് സ്തുതി... Laudato Si’…!








All the contents on this site are copyrighted ©.