2015-06-11 10:57:00

പ്രസി‍ഡന്‍റ് പുടിനും പാപ്പാ ഫ്രാന്‍സിസും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി


റഷ്യന്‍ പ്രസി‍ഡന്‍റ് പുടിന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

ജൂണ്‍ 10-ാം തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലുള്ള പാപ്പായുടെ പഠനമുറിയില്‍വച്ചാണ് പാപ്പാ-പുടിന്‍ കൂടിക്കാഴ്ച നടന്നത്. രണ്ടാം തവണയാണ് റഷ്യന്‍ പ്രസി‍ഡന്‍റ് പാപ്പാ ഫ്രാന്‍സിസിനെ കാണുവാന്‍ വത്തിക്കാനിലെത്തുന്നത്.

അടിയന്തിരവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത 50 മിനിറ്റു നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍  പ്രധാനപ്പെട്ടത്, മദ്ധ്യപൂര്‍വ്വദേശത്തെയും ഉക്രയിനിലെയും സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകളായിരുന്നെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാ‍ര്‍ഡി അന്നുതന്നെ രാത്രി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.    

റഷ്യയുടെ അയല്‍രാജ്യമായ ഉക്രെയിനില്‍ സ്ഥായിയായ സമാധാനം സംസ്ഥാപിതമാകുന്നതിന് ഇനിയും ആത്മാര്‍ത്ഥവും തുറവുള്ളതുമായ പരിശ്രമം ആവശ്യമാണെന്ന് പാപ്പാ നിഷ്ക്കര്‍ഷിച്ചതായി ഫാദര്‍ ലൊമ്പാര്‍‍‍ഡി അറിയിച്ചു. മേല്‍ ലക്ഷ‍ൃപ്രാപ്തിക്കായി ഇരുപക്ഷങ്ങളും സംവാദത്തിന്‍റെ അന്തരീക്ഷം പുനര്‍സ്ഥാപിക്കണമെന്നും അങ്ങനെ രാഷ്ട്രങ്ങള്‍ സമാധാനപാതയില്‍ കൂടുതല്‍ ആത്മാര്‍ത്ഥമായി സമര്‍പ്പിക്കണമെന്നും, 2014-ല്‍ ഉക്രെയിനും റഷ്യയും യൂറോപ്യന്‍ സുരക്ഷാ സമിതിയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള മിന്‍സ്ക്ക് സമാധാന ഉടമ്പടി (Minsk Protocol) പാലിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചതായി ഫാദര്‍ ലൊമ്പാര്‍‍ഡി പ്രസ്താവനയില്‍ വ്യക്തമാക്കി.  ഉക്രെയിനിലെ ജനങ്ങളുടെ ക്ലേശങ്ങളുടെയും പരിതാപകരമായ മാനുഷികാവസ്ഥയും പരിഗണിച്ച് സമാധാനത്തിനും ഒത്തുതീര്‍പ്പിനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും റഷ്യന്‍ പ്രസി‍സന്‍റിനോട് പാപ്പാ അഭ്യര്‍ത്ഥിച്ചതായി ഫാദര്‍ ലൊമ്പാര്‍‍ഡി പ്രസ്താവനയില്‍ പറയുന്നുണ്ട്.

തുടര്‍ന്ന് മദ്ധ്യപൂര്‍വ്വ ദേശത്തെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ചചെയ്തതായി ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു. സിറിയ-ഇറാക്ക് പ്രവിശ്യയിലെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടില്‍ നടക്കുന്ന അതിക്രമങ്ങള്‍ പരിഗണിച്ച് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഇടപെടലും സമാധാന പരിശ്രമവും അടിയന്തിരമാണെന്ന് അഭിപ്രായപ്പെട്ടതായി ഫാദര്‍ ലൊമ്പാര്‍‍ഡി വിശദീകരിച്ചു.  മദ്ധ്യപൂര്‍വ്വദേശത്തെ സമൂഹ്യഘടന ക്രമപ്പെടുത്തുന്നതിനും, ജീവന്‍ സംരക്ഷിക്കുന്നതിനും, ന്യൂനപക്ഷങ്ങള്‍ക്കും വിശിഷ്യ ക്രൈസ്തവര്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് ആഗോള സമൂഹത്തിന്‍റെ അടിയന്തിരമായ ശ്രദ്ധയും ഇടപെടല്‍ ആവശ്യമാണെന്ന നിഗമനത്തില്‍ രണ്ടു നേതാക്കളും സമ്മതിച്ചതായി ഫാദര്‍ ലൊമ്പാ‍ര്‍‍ഡി വിവരിച്ചു.

സന്ദര്‍ശന സ്മരകമായി പ്രസി‍ഡന്‍റ് പുടിന്‍ പാപ്പായ്ക്ക് റഷ്യയിലെ ക്രിസ്തു രക്ഷകന്‍റെ പുരാതനമായ ദേവാലയത്തിന്‍റെ പട്ടാമ്പരം നല്കിയപ്പോള്‍, ഗ്വീദോ വേരിയുടെ സമാധാനദൂതന്‍റെ മെ‍ഡലും സുവിശേഷ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രതിയും പാപ്പാ പുടിനും സമ്മാനിച്ചു.    








All the contents on this site are copyrighted ©.