2015-06-11 18:25:00

ക്രിസ്തു ശിഷ്യത്വത്തിന്‍റെ ത്രിമാനങ്ങളെക്കുറിച്ച്


യാത്ര, സേവനം, ഔദാര്യം എന്നിവ ക്രിസ്തു ശിഷ്യത്വത്തിന്‍റെ ത്രിമാനങ്ങളാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജൂണ്‍ 11-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ സുവിശേഷത്തെ ആധാരമാക്കി (മത്തായി 10, 7-13) ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പ്രതിഫലേച്ഛകൂടാതെ വചനം പ്രഘോഷിക്കുവാനും, സഹോദരങ്ങളെ സേവിച്ചും യാത്രചെയ്തും ഔദാര്യത്തോടെ സുവിശേഷം പ്രഘോഷിക്കുവാനും വിളിക്കപ്പെട്ടവാനാണ് ക്രൈസ്തവനെന്ന് പാപ്പാ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു.

ക്രിസ്ത്യാനി മിഷണറിയാണ്. ജ്ഞാനസ്നാനത്തിലൂ‍ടെ തനിക്കു ലഭിച്ചിരിക്കുന്ന സുവിശേഷ ദൗത്യം പങ്കുവയ്ക്കുന്നതിന് ചിലപ്പോള്‍ ഇറങ്ങിപ്പുറപ്പെടണമെന്നും, ആ സുവിശേഷ സന്തോഷം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു. എന്നാല്‍ യാത്ര എന്നു പറയുന്നത് സുവിശേഷം അറിയിക്കുവാനുള്ള തീര്‍ത്ഥാടനം - നടപ്പ് മാത്രമല്ല, അതൊരു ആത്മീയയാത്രയായും പരിഗണിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അനുദിന ജീവിതത്തില്‍ വചനം ധ്യാനിച്ചു പ്രാര്‍ത്ഥിച്ചും അത് ജീവിതത്തില്‍ ബലപ്പെടുത്തിയുമാണ് ശിഷ്യത്വത്തിന്‍റെ ഈ ആത്മീയയാത്ര യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നു പാപ്പാ വ്യക്തിമാക്കി.

ശിഷ്യത്വത്തിന്‍റെ ശ്രേഷ്ഠമായ രണ്ടാമത്തെ മാനമാണ് സേവനമെന്നും, സഹോദരങ്ങളുമായി, വിശിഷ്യാ സഹായം അര്‍ഹിക്കുന്നവരെയും അത് തേടുന്നവരെയും പരിഗണിക്കാതെ, അവരെ അവഗണിക്കുന്ന ക്രൈസ്തവജീവിതം ക്രിസ്തീയമല്ലെന്നും, അത് ക്രിസ്തു ശിഷ്യത്വമല്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. സേവനവും ആത്മീയതയും സുവിശേഷ സേവനത്തിന്‍റെ രണ്ടു തൂണുകളാണെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്.

എളിയവരിലും പാവങ്ങളിലും രോഗികളിലും പരിത്യക്തരിലും ക്രിസ്തുവുണ്ട്. അതിനാല്‍ ക്രിസ്തുവിനെ അനുകരിക്കുകയും സ്നേഹിക്കുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനിക്ക് എളിയവരെ പരിചരിക്കാതിരിക്കാനാവില്ല. സഹോദരങ്ങളെ അവഗണിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം സംതൃപ്തരായി ജീവിക്കുന്നവര്‍ക്കും ക്രിസ്തു ശിഷ്യനാരിക്കാനാവില്ലെന്ന് പാപ്പാ വ്യക്തമാക്കി.

മൂന്നാമതായി ധനത്തിന്‍റെ വ്യാമോഹത്തില്‍ മുഴുകുന്നവര്‍ക്കും ശിഷ്യത്വം നഷ്ടമാകുമെന്ന് പാപ്പാ താക്കീതു നല്കി. ദാനമായി കിട്ടിയത് ദാനമായ് നല്കുവിന്‍, എന്നാണ് ശിഷ്യന്മാരെ ക്രിസ്തു പഠിപ്പിച്ചത്. രക്ഷയും വിശുദ്ധിയും കൃപയുമെല്ലാം ദൈവത്തില്‍നിന്നും ദാനമായി സ്വീകരിച്ചവരാണു നാമെങ്കില്‍, നാം അര്‍ഹിക്കാത്തതുപോലെ ദൈവം നമുക്കായ് നല്കിയെങ്കില്‍.... അനുദിനജീവിതത്തില്‍ നാമും ഉദാരരായിരിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ഈ സുവിശേഷ ഔദാര്യം മറുന്നു പോകുന്ന ഇടവകകളും, രൂപതകളും സന്ന്യാസസഭകളും സഭാപ്രസ്ഥാനങ്ങളുമുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അവര്‍ ധനത്തിന്‍റെ ശക്തിയിലും പ്രതാപത്തിലുമാണ് രക്ഷയുടെ വ്യാമോഹത്തിലാണ്, മിഥ്യാബോധത്തിലാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.  ശിഷ്യത്വത്തിന്‍റെ മൂന്നു മാനങ്ങള്‍, യാത്ര സുവിശേഷം പ്രഘോഷിക്കുവാനുള്ള ആഹ്വാനവും, ക്രിസ്തുവിനെപ്പോലെ സേവനം ചെയ്യുവാനുള്ള ജീവിതവും – സ്വാര്‍പ്പണവും. മൂന്നാമതായി നമ്മുടെ പ്രത്യാശ സത്യമായും ക്രിസ്തുവാണ്, സ്വര്‍ത്ഥമായ സമ്പാദ്യത്തിലോ, ലോകത്തിന്‍റേതായ സുരക്ഷയിലോ, ധനത്തിലോ അല്ലെന്നും, അവയെല്ലാം നിലംപരിശാകുമെന്നും പാപ്പാ ശിഷ്യത്വത്തിന്‍റെ വചനചിന്തയില്‍ ഉദ്ബോധിപ്പിച്ചു.  








All the contents on this site are copyrighted ©.