2015-06-08 17:50:00

സാകല്യസംസ്കൃതി വളര്‍ത്തുന്ന ദിവ്യകാരുണ്യ മഹോത്സവം


അഗോളസഭയിലെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ മഹോത്സവം ജൂണ്‍ ഏഴാം തിയതി ഞായറാഴ്ചയായിരുന്നു. ലത്തീന്‍ ഭാഷയില്‍ ക്രിസ്തുവി‍ന്‍റെ തിരുശരീരത്തിന്‍റെ തിരുനാള്‍ (Corpus Christi) എന്നാണ് അറിയപ്പെടുന്നത്. വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ നല്കിയ സന്ദേശം ചുവടെചേര്‍ക്കുന്നു.

ജരൂസലേമിലെ മേല്‍മുറിയില്‍ ശിഷ്യന്മാരോടൊത്ത് ക്രിസ്തു നടത്തിയ അന്ത്യത്താഴ വിരുന്നില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെ വിവരണമാണ് ഇന്നത്തെ സുവിശേഷഭാഗം (മര്‍ക്കോസ് 14). തന്‍റെ കുരിശുയാഗത്തിന്‍റെ തലേരാത്രിയിലാണ് ക്രിസ്തു മുന്‍കൂട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കപ്പെട്ടത്: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലം ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്..... എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു (യോഹന്നാന്‍ 6, 51... 56). കൈകളില്‍ അപ്പമെടുത്തുകൊണ്ടു ക്രിസ്തു പറഞ്ഞു, വാങ്ങി, ഭക്ഷിക്കുവിന്‍, ഇതെന്‍റെ ശരീരമാകുന്നു (മര്‍ക്കോസ് 14, 22). ഈ പ്രവൃത്തിയിലൂടെയും വാക്കുകളിലൂടെയും, അപ്പം ലളിതമായ ശാരീരിക പോഷണം എന്നതിലും ഉപരിയായി വിശ്വാസ സമൂഹത്തിന് തന്‍റെതന്നെ വ്യക്തിത്വത്തിന്‍റെ ജീവപോഷണമായി മാറുന്നു.

ക്രിസ്തുവി‍ന്‍റെ ജീവിതത്തിന്‍റെ പരമകാഷ്ഠയാണ് അന്ത്യത്താഴ വിരുന്ന്. അത് കാല്‍വരിയില്‍ അര്‍പ്പിക്കപ്പെടാന്‍ പോകുന്ന അവിടുത്തെ കുരിശുയാഗത്തിന്‍റെ മുന്നോടി മാത്രമല്ല, മനുഷ്യകലത്തിനായി സ്വാര്‍പ്പണംചെയ്യുന്ന അവിടുത്തെ ജീവിതത്തി‍ന്‍റെ ഉദ്ഗ്രഥനം, സങ്കലനം കൂടിയാണ്. അതിനാല്‍ ദിവ്യകാരുണ്യം ക്രിസ്തു സാന്നിദ്ധ്യമാണ്, യേശു അതില്‍ സന്നിഹിതനാണെന്ന് പറഞ്ഞാല്‍ മാത്രം പോരാ, നമുക്കായി മുറിക്കപ്പെടുകയും, സമര്‍പ്പിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിന്‍റെ സജീവസാന്നിദ്ധ്യം അംഗീകരിക്കകയാണു വേണ്ടത്. ദിവ്യകാരുണ്യ അപ്പം സ്വീകരിക്കുമ്പോള്‍ നാം ക്രിസ്തുവിന്‍റെ ജീവനുമായിട്ടാണ് ബന്ധപ്പെടുന്നത്. നാം അവിടുന്നുമായി ഐക്യപ്പെടുന്നു, അവിടുത്തെ ജീവിതത്തോടു നാം സാരൂപ്യപ്പെടുന്നു, പ്രത്യേകിച്ച് സമൂഹത്തിലെ ഏളിയവരുമായി, പാവങ്ങളുമായി ക്രിസ്തുവില്‍, ക്രിസ്തുവിനെപ്പോലെ ഒന്നായിത്തീരുന്നു.

ദിവ്യകാരുണ്യത്തിരുനാള്‍ ഐക്യദാര്‍ഢ്യത്തിന്‍റെ സന്ദേശം ഉയര്‍ത്തിക്കൊണ്ട്, മാനസാന്തരത്തിനായുള്ള വശ്യമായ വിളി സ്വീകരിക്കുവാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും, അന്യരെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും, അവരോടു ക്ഷമിക്കുവാനും നമ്മെ ക്ഷണിക്കുന്നു. ആരാധനക്രമ അനുഷ്ഠാനങ്ങള്‍ അനുദിന ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനും ഈ തിരുനാള്‍ നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. ദിവ്യബലിയില്‍ പരികര്‍മ്മം ചെയ്യപ്പെട്ട അപ്പത്തിലും വീഞ്ഞിലും നാം കാണുന്ന ക്രിസ്തുവിനെ, അനുദിന സംഭവങ്ങളിലും ജീവിത പരിസരങ്ങളിലും കാണുവാന്‍ സാധിക്കണം – അത് കൈനീട്ടുന്നൊരു യാചകനാകാം, വേദനിക്കുന്ന രോഗിയാകാം, നമ്മെ ചോദ്യചെയ്യുന്ന വ്യക്തിയാകാം, സ്വീകരിക്കപ്പെടുമെന്നു വിചാരിക്കുന്ന അപരിചിതനാകാം...! അതാരുമാവട്ടെ.... അത് ക്രിസ്തുവിനെയും അവിടുത്തെ രക്ഷയെയും കുറിച്ച് അറിയാത്ത വിശ്വാസമില്ലാത്തൊരു മനുഷ്യനായിരിക്കാം!! നിസ്സഹായരും, എളിയവരുമായ പാവങ്ങളില്‍ ക്രിസ്തുവിനെ കാണുവാനും അംഗീകരിക്കുവാനും ദിവ്യകാരുണ്യം നമ്മെ സഹായിക്കട്ടെ!  

സഭാ ജീവിതത്തിന്‍റെ സ്രോതസ്സായ പരിശുദ്ധ കുര്‍ബാന സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സങ്കേതവും പാഠശാലയുമാണ്. ഈ ദിവ്യഭോജ്യം ആസ്വദിക്കുന്നവര്‍ക്ക് അനുദിന ജീവിതത്തില്‍ വിശക്കുന്നവരോട്, പാവങ്ങളോട് നിസംഗഭാവം പുലര്‍ത്താനാവില്ല. അന്താരാഷ്ട്ര സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പരിശ്രമമുണ്ടെങ്കിലും ദാരിദ്ര്യവും വിശപ്പും ഇന്നും ലോകത്തിനു മുന്‍പില്‍ അപരിഹാര്യമായ യാഥാര്‍ത്ഥ്യമാണ്. ഇന്നുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ സമൂഹത്തിന്‍റെ വിവിധ ഘടനകളിലൂടെയും പദ്ധതികളിലൂടെയും നാം തേടേണ്ടതാണ്.

സകലരെയും, വിശിഷ്യ എളിയവരെ ആശ്ലേഷിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്ന ഒരു സാകല്യസംസ്കൃത വളര്‍ത്തുന്നതിന് ഈ ദിവ്യകാരുണ്യത്തിരുനാള്‍, പരിശുദ്ധ ദിവ്യകാരുണ്യം നമുക്ക് പ്രചോദനവും ആത്മീയ ഭോജ്യവും വീര്യവുമാകട്ടെ. നമ്മുടെ ആശകളും പ്രത്യാശകളും ദിവ്യകാരുണ്യധാമമായ പരിശുദ്ധ കന്യകാനാഥയുടെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കാം. ദിവ്യകാരുണ്യത്തിന്‍റെ വിരുന്നു മേശയില്‍ പങ്കെടുക്കാനുള്ള പ്രചോദനം ഈ അമ്മ നമുക്കു നല്‍കട്ടെ, പ്രത്യേകിച്ച് കര്‍ത്താവിന്‍റെ ദിനത്തില്‍, ഞായറാഴ്ചകളില്‍...! അങ്ങനെ നാം ക്രിസ്തുവിന്‍റെ അനന്തമായ സ്നേഹത്തിന്‍റെ സാക്ഷികളാക്കട്ടെ!








All the contents on this site are copyrighted ©.