2015-06-06 15:44:00

സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും ദൂതനായി പാപ്പാ ഫ്ര‍ാന്‍സിസ് സരയേവോയില്‍


സരയേവോ - ബോസ്നിയ – ഹെരസഗോവിനാ യൂറോപ്പിന് ഏറെ പ്രസക്തവും പ്രാധാന്യമുള്ളതും പ്രിയങ്കരവുമായ ഭൂപ്രദേശമാണ്. വിവിധ മത വംശീയ സാംസ്ക്കാരിക സമൂഹങ്ങള്‍ ഒരുമയോടെ പാര്‍ത്തിരുന്ന നാടാണിത്. ഇവിടത്തെ വാസ്തുചാതുരിയും, തൊട്ടുമ്മി നിലക്കുന്ന ദേവാലയങ്ങളും മോസ്ക്കുകളും സിനഗോഗുകളും ഈ സാമൂഹ്യ-സാംസ്ക്കാരിക സമന്വയത്തെ ഇന്നും വിളിച്ചോതുന്നതാണ്. അവയുടെ സമ്പന്നമായ സംസ്ക്കാരത്തനിമയും പാരമ്പര്യങ്ങളും നൂറ്റാണ്ടുകളോളം അഭംങ്കുരം തുടര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഈ തലസ്ഥാന നഗരത്തെ, സരയേവോയെ ‘യൂറോപ്പിന്‍റെ ജരൂസലേ’മെന്ന് (The Jerusalem of Europe) പണ്ടുമുതലേ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് അത്, സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നവമായ ബന്ധങ്ങള്‍ കൂട്ടിയിണക്കേണ്ട പാലങ്ങളുടെ നിര്‍മ്മിതി ഘട്ടത്തില്‍ എത്തി നില്ക്കുന്ന സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും ദേശങ്ങളുടെയും നാല്‍ക്കവലയായി മാറിക്കഴിഞ്ഞു.

വൈവിധ്യങ്ങളെ മാനിച്ച് പരസ്പര ആദരം വളര്‍ത്തുവാനും, ഐക്യം പുലര്‍ത്തുവാനും, വ്യക്തികളെയും അവരുടെ അന്തസ്സിനെയും മാനിക്കുന്നതിന്, സംവാദവും തുറവും അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്നും വളരുന്ന നന്മ അംഗീകരിക്കുന്നതിനും, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും അവരവരുടെ സാംസ്ക്കാരിക മൂല്യങ്ങള്‍ കൈമാറുവാന്‍ അനുവദിക്കുന്ന സംവേദനരീതിയില്‍ ഏറെ ക്ഷമയും പരസ്പര വിശ്വാസവും ആവശ്യമാണ്.

അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ, ഈ അടുത്ത കാലത്തുണ്ടായ ആഴമായ മുറിവുകള്‍ പൊറുക്കുവാനും, ഹൃദയങ്ങളിലും മനസ്സുകളിലും ഭീതിയോ വെരുപ്പോ ഇല്ലാത്തൊരു രീതിയില്‍ ഇന്നിന്‍റെ അനുദിന ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, പ്രത്യാശയോടെ മുന്നോട്ടു നീങ്ങാവുന്നൊരു ഭാവി വികസിപ്പിച്ചെടുക്കുവാനും സാധിക്കൂ.... എന്ന് ബൊസ്നിയ ഹെരെസഗോവിനായിലെ ഭരണകര്‍ത്താക്കളെയും, അതുപോലെ അവിടത്തെ മറ്റ് ഉത്തരവാദിത്വത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെയും പാപ്പാ ഉദ്ബോധിപ്പിച്ചു.

പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡെയ്റ്റണ്‍ സമാധാന ഉടമ്പടി നടപ്പിലായതിന്‍റെ രണ്ടാം വര്‍ഷത്തില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രാണ്ടാമന്‍ പാപ്പാ നടത്തിയ ചരിത്ര സന്ദര്‍ശനുശേഷം, സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും തീര്‍ത്ഥാടകനായി താന്‍ ഇവിടെ നില്ക്കുകയാണെന്ന് പാപ്പാ ബര്‍ഗോളിയോ പ്രസ്താവിച്ചു. അതിനുശേഷം സന്മനസ്സുള്ള ധാരാളം വ്യക്തികളുടെ പരിശ്രമഫലമായി ഇന്നാടിനുണ്ടായിട്ടുള്ള പുരോഗതി അഭൂതപൂര്‍വ്വകമാണ്. എന്നാല്‍ നേടിയതില്‍ സംതൃപ്തരായി മാറിനില്ക്കാതെ, ഇനിയും പരസ്പര വിശ്വാം ഊട്ടിയുറപ്പിച്ചുകൊണ്ട്, പരസ്പര ധാരണയോടും ആദരവോടുംകൂടെ അഭിവൃദ്ധിപ്രാപിക്കാന്‍ ശ്രമിക്കേണ്ടതാണ്. വളര്‍ച്ചുയുടെ ഈ പാത പുല്‍കുന്നതിന് ഇന്ന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹകരണം അടിയന്തിരമാണ്. അതുപോലെ ബോസ്നിയ-ഹെരെസെഗോവിനായില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വിശിഷ്യാ യൂറോപ്യന്‍ യൂണിയന്‍റെയും  സഹകരണം അനിവാര്യമാണ്.

യൂറോപ്പിന്‍റെ സമഗ്രഭാഗമാണ് ബോസ്നിയ ഹെരെസെഗോവിനയെന്നും, ഇന്നലെകളില്‍ ഇന്നാടിനുണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ യൂറോപ്യന്‍ ജനതയുടെ തന്നെ ജയാപജയങ്ങളുടെ പൂര്‍ണ്ണഭാഗമായി പരിഗണിക്കപ്പെടേണ്ടതാണെന്നും പാപ്പാ പ്രസ്താവിച്ചു. സമാധനപൂര്‍ണ്ണമായ സാമൂഹ്യാന്തരീക്ഷത്തിനായുള്ള ഇന്നാട്ടിലെ പരിശ്രമങ്ങള്‍ ഇനിയും സ്വീകാര്യമാകുന്നതിനും പ്രാവര്‍ത്തികമാകുന്നതിനും, ഗതകാല സംഭവങ്ങള്‍ ഈ മേഖലയിലെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിനുള്ള വ്യക്തമായ വിളിയും ദൗത്യവുമാണെന്ന് പാപ്പാ ഭരണാധികാരികളെ അനുസ്മരിപ്പിച്ചു.

ഇന്നിട്ടില്‍ ജീവിക്കുന്ന ക്രൊയേഷ്യന്‍, സേര്‍ബ്, ബോസ്നിയന്‍ സമൂഹങ്ങളില്‍ യാഥാര്‍ത്ഥ്യമാകേണ്ട സമാധാനവും ഐക്യവും, അതുപോലെ ഇവിടത്തെ ഇസ്ലാമിക, യഹൂദ, ക്രൈസ്തവ സമൂഹങ്ങള്‍ തമ്മില്‍ ഉണ്ടാകേണ്ട സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ്മയ്ക്ക് നാടിന്‍റെ അതിരുകള്‍ കടന്നുചെല്ലുന്ന പ്രാധാന്യവും പ്രസക്തിയുമുണ്ട്. വിവിധ സമൂഹങ്ങളും മതങ്ങളും തമ്മില്‍ ആര്‍ജ്ജിക്കുന്ന ഐക്യം ലോകത്തിനു തന്നെ പൊതുവായ സാക്ഷൃവും, പൊതുനന്മ സാധ്യമാണെന്നതിന് തെളിവുമായിരിക്കും. ബഹുമുഖങ്ങളായ പാരമ്പര്യങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും ഒരുമിച്ചു ജീവിക്കുവാനാകുന്നത് ഇന്നിന്‍റെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വിപരീതമായ ഗതകാല സ്മരണകളെ ശുദ്ധികലശം ചെയ്തുകൊണ്ട് ഭാവിയില്‍ പ്രത്യാശ അര്‍പ്പിച്ചു മുന്നേറുവാനും, ആഴമായ മുറിവുകള്‍ ഉണക്കുവാനും വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള രമ്യത കാരണമാകട്ടെയെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

എന്ത് അവസരവും സാധ്യതകളും ഉപയോഗിപ്പെടുത്തിക്കൊണ്ടും മൃഗീയമായ അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇന്നിന്‍റെ കിരാതത്ത്വത്തെ കാര്യപ്രാപ്തമായി ചെറുക്കണമെങ്കില്‍ മനുഷ്യസമൂഹങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്. അങ്ങനെ മൗലികവാദത്തിന്‍റെ വിദ്വേഷ പൂര്‍ണ്ണമായ ആക്രോശത്തിനു പകരം, മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചും, അവയ്ക്കുവേണ്ടി പരസ്പരം സഹകരിച്ചും, ഒത്തുചേര്‍ന്നും, കൂട്ടായ ധാരണയും സംവാദവും വളര്‍ത്തിയും, ക്ഷമിച്ചും ആദരിച്ചും ജീവിക്കുവാന്‍ പരിശ്രമിക്കേണ്ടതാണ്.

ഉത്തരവാദിത്വമുള്ള രാഷ്ട്രസേവകര്‍, അല്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ വ്യക്തികളുടെ അടിസ്ഥാന അവകാശങ്ങളും മതസ്വാതന്ത്ര്യവും മാനിക്കുകയും, അവര്‍ അങ്ങനെ ആദ്യം അവരുടെ സമൂഹങ്ങളുടെ സേവകരാകണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. അങ്ങനെ മാത്രമെ ജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പടിപടിയായി പരിഹാരം കണ്ടെത്തുവാനും, ഇനിയും നീതിയും സമാധാനവുമുള്ള സമൂഹം വളര്‍ത്തുവാനും സാധിക്കുകയുള്ളൂ.

ഈ സമൂഹ്യാവസ്ഥ യാഥാര്‍ത്ഥ്യമാക്കുന്നതിന്, നിയമത്തിന്‍റെ മുന്നില്‍ പൗരന്മാര്‍ ഏതു പ്രവിശ്യയില്‍നിന്നോ, വംശത്തില്‍നിന്നോ, മതത്തില്‍നിന്നോ ആയാലും തുല്യ അവകാശമുള്ളവരായും നീതിയോടെയും മാനിക്കപ്പെടേണ്ടതാണ്. അങ്ങനെ മാത്രമേ അവര്‍ പൊരുരാഷ്ട്രീയ സമൂഹ ജീവിതത്തില്‍ പങ്കുവാകാരാണെന്ന ബോധ്യം ഉണ്ടാവുകയുള്ലളൂ.

കത്തോലിക്കാ സഭ ഇന്നാട്ടിലെ ജനങ്ങളുടെ സന്തോഷത്തിലും ആശങ്കകളിലും ഒരുപോലെ പങ്കുചേരുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. അതുപോലെ ക്രിസ്തുവിന്‍റെ മാതൃക അനുകരിച്ച്, പാവങ്ങളായവരോ‌ടും ആവശ്യത്തിലായിരിക്കുന്നവരോടും സഭ പ്രത്യേക പരിഗണന കാണിക്കുന്നുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു.

സുസ്ഥിതി വികസനം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ സമാധാനവും പരസ്പര ധാരണയും അനിവാര്യമാണെന്ന ബോധ്യത്തില്‍, സമൂഹത്തില്‍ ഐക്യദാര്‍ഢ്യവും സംവാദവും സഹകരണവും വളര്‍ത്തുവാന്‍ സഭാ സമൂഹം ഇനിയും നിരന്തരമായി പരിശ്രമിക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

എല്ലാവരുടെയും സഹകരണത്തോടെ, ഗതകാല ദുരന്തങ്ങളുടെ കാര്‍മേഘപടലം പാടെ മാറ്റി, സമാധാനത്തിന്‍റെയും സംതൃപ്തിയുടെയും വസന്തവും ശൈത്യവും വിരിയിക്കുവാനുള്ള  ബോസിനിയ-ഹെരെസെഗോവിനായു‌ടെ പരിശ്രമത്തില്‍ പരിശുദ്ധ സിംഹാസനം പ്രത്യാശ അര്‍പ്പിക്കുകയും വിജയം നേരുകയും ചെയ്യുന്നുവെന്ന് പാപ്പാ ആശംസിച്ചു.

സരയേവോ നഗരത്തിലും, ബോസ്നിയ ഹെരെസെഗോവിനാ നാട്ടിലും ആകമാനും സമാധാനവും സമൃദ്ധിയിയും ദൈവം വിരിയിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.