2015-05-29 11:26:00

സാങ്കാതിക മികവിനപ്പുറം മാധ്യമങ്ങള്‍ മനുഷ്യനന്മ ലക്ഷൃമിടണം


വിവരസാങ്കേതികതയും മാധ്യമങ്ങളും മാനവകുലത്തിന്‍റെ നന്മയ്ക്കുള്ള ഉപകരണങ്ങളാകണമെന്ന് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ പോള്‍ റ്റൈയ് പ്രസ്താവിച്ചു. മെയ് 27-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്തു ചേര്‍ന്ന ലോക മാധ്യമ ഉച്ചകോടിയില്‍ (World Summit on the Information Society) വത്തിക്കാനെ പ്രതിനിധീകരിച്ചു സമര്‍പ്പിച്ച പ്രബന്ധത്തിലാണ് മോണ്‍സീഞ്ഞോര്‍ റ്റൈയ് ഇങ്ങനെ പ്രസ്താവിച്ചത്.

ആധുനിക മാധ്യമങ്ങളും ‍ഡിജിറ്റല്‍ വിവര സാങ്കേതികതയും എത്രതന്നെ വിപുലമായാലും നല്ല ആശയവിനിമയം യാഥാര്‍ത്ഥ്യമാകുന്നത് സാങ്കേതികത മികവിലല്ല, അവ കൈകാര്യംചെയ്യുന്ന മനുഷ്യന്‍ പങ്കുവയ്ക്കുന്ന നന്മയെ ആധാരമാക്കിയാണെന്ന് മോണ്‍സീഞ്ഞോര്‍ ടൈയ് ചൂണ്ടിക്കാട്ടി.  നല്ല ആശയവിനിമയം സാങ്കേതികമല്ല, മാനുഷികമാണ് – മനുഷ്യ കേന്ദ്രീകൃതവും മനുഷ്യന്മയുടെ വളര്‍ച്ചയും ലക്ഷൃംവയ്ക്കുന്നതുമാണ്. മനുഷ്യനെയും മനുഷ്യാന്തസ്സും മാനിക്കുന്ന മാധ്യമങ്ങള്‍ നന്മയുടെ പ്രായോക്താക്കളാകും. സാങ്കേതികതയുടെ ഉയര്‍ന്ന ഉല്‍പന്നമല്ല നല്ല ആശയവിനിമയം, മറിച്ച് അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളു‍ടെ നന്മയുടെയും സ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും ആശയങ്ങളാണെന്ന് മോണ്‍സീഞ്ഞോര്‍ റ്റൈയ് അഭിപ്രായപ്പെട്ടു.

മനുഷ്യകേന്ദ്രീകൃതമായ വിവിര സാങ്കേതികതയുടെയും ആധുനിക മാധ്യമങ്ങളുടെയും ലോകമാണ് നാം വളര്‍ത്തേണ്ടത്, അല്ലെങ്കില്‍ നന്മ വളര്‍ത്തേണ്ട മനുഷ്യനും അതിന്‍റെ ചാലകശക്തിയാകേണ്ട മാധ്യമങ്ങളും തിന്‍മയുടെ പ്രായോക്താക്കളായി മാറുമെന്ന് മോണ്‍സീഞ്ഞോര്‍ റ്റൈയ് സമ്മേളനത്തില്‍ വ്യക്തമാക്കി. യാഥാര്‍ത്ഥവും സത്യസന്ധവുമായ ആശയവിനിമയം ആര്‍ജ്ജിക്കേണ്ടത് പരസ്പര ധാരണയും ഐക്യദാര്‍ഢ്യവുമാണ്. അതുവഴി സമൂഹത്തില്‍‍ സകലരെയും – ഉള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ ആശ്ലേഷിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സാകല്യ സംസ്കൃതിയും മാധ്യമ ശൃംഖലയുമാണ് വളരേണ്ടതെന്നും മോണ്‍ ‍റ്റൈയ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

പരസ്പര ധാരണയും സംവാദശേഷിയുമുള്ള മാധ്യമലോകത്തിനും നവസാങ്കേതികതയ്ക്കും മാത്രമേ മനുഷ്യന്‍റെ ആസന്നഭാവി സമാധപൂര്‍ണ്ണമാക്കാനാവൂ എന്ന് മോണ്‍സീഞ്ഞോര്‍ റ്റൈയ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.