2015-05-29 10:03:00

കെടുതികള്‍ വിളിച്ചു വരുത്തുന്ന സാമ്പത്തിക വ്യവസ്ഥിതി


സാമൂഹ്യ കെടുതികളുടെ മൂലകാരണം മനുഷ്യനില്‍ കേന്ദ്രീകരിക്കാത്ത സാമ്പത്തിക വ്യവസ്ഥിതിയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

‘ഇന്നിന്‍റെ സാമൂഹ്യജീവിതവും സാമ്പത്തികതയും –പുനരവലോകനം എന്ന വിഷയവുമായി വത്തിക്കാനില്‍ സമ്മേളിച്ച Pro Pontifice Foundation പാപ്പായ്ക്കുവേണ്ടി എന്ന പ്രസ്ഥാനത്തിന്‍റെ അന്തര്‍ദേശീയ സമ്മേളനത്തെ മെയ് 27-ാം തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധന ചെയ്യവെയാണ് കര്‍ദ്ദിനാള്‍ പരോളി‍ന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

സാമൂഹ്യ-തൊഴില്‍-കച്ചവട മേഖലകളി‍ല്‍ ആഗോളതലത്തില്‍ പ്രമുഖരായ അല്‍മായര്‍ ചേര്‍ന്ന് രൂപംകൊടുത്ത സംഘടനയാണ് Pro Pontifice Foundation. 1991-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രബോധിപ്പിച്ച Centesimus Annus ‘നൂറാം വര്‍ഷം’ എന്ന ചാക്രിക ലേഖനത്തിന്‍റെ ആശയങ്ങളെ പിന്‍തുണച്ചവര്‍ പരിശുദ്ധ സിംഹാസനത്തോട് കൂറു പ്രഖ്യാപിച്ചുകൊണ്ട് ആ വര്‍ഷംതന്നെ തുടങ്ങിയ സംഘടനയാണിത്.

 Centesimus Annus നൂറാം വര്‍ഷം എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സാമൂഹ്യപ്രബോധനത്തെ ആധാരമാക്കിയാണ് Pro Pontifice Foundation സഭാ തലവനായ പാപ്പായെ പിന്‍തുണയ്ക്കുന്ന അല്‍മായ പ്രമുഖരുടെ പ്രസ്താനം വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്നത്. മനുഷ്യവ്യക്തിയെ വസ്തുവിനെപ്പോലെ തരംതാഴ്ത്തുകയും, പണത്തെ ദൈവത്തെപ്പോലെ ബിംബവത്ക്കരിക്കുകയും ചെയ്യുന്ന മനുഷ്യത്വമില്ലാത്ത സാമ്പത്തിക വ്യവസ്ഥിതിയാണ് ഇന്നിന്‍റെ ധൂര്‍ത്തിന്‍റെ സംസ്ക്കാരത്തിനും ദൈവത്തെപ്പോലും തള്ളിപ്പറയുന്ന ധാര്‍മ്മികതയില്ലാത്ത സംസ്കൃതിക്കും കാരണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.

സമഗ്രമായ മാനവപുരോഗതിയെ നിഷേധിക്കുന്ന അല്ലെങ്കില്‍ മാറ്റി നിറുത്തുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ് ഇന്ന് തൊഴില്‍ മേഖലയിലും സാമ്പത്തിക മേഖലയിലും ഒുരുപോലെ കാണുന്ന തളര്‍ച്ചയെന്നും കര്‍ദ്ദിനാള്‍ പരോളില്‍ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.