2015-05-29 18:51:00

ആത്മീയതയെ കാര്‍ന്നുതിന്നുന്ന കമ്പോള മനഃസ്ഥിതി


സഹോദരങ്ങളോട് തുറവു കാണിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥമായ വിശ്വാസ ജീവിതത്തില്‍ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. എന്നാല്‍ സ്വാര്‍ത്ഥതയുടെയും കച്ചവട മനഃസ്ഥിതിയുടെയും മതാത്മകതയെ ദൈവം നശിപ്പിക്കുമെന്നും പാപ്പാ പ്രാസ്താവിച്ചു. മെയ് 29-ാം തിയതി വെള്ളിയാഴ്ചരാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ നടത്തിയ വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത്.

 

  1. ആത്മീയതയില്‍ ഒളിഞ്ഞിരിക്കുന്ന കമ്പോള മനഃസ്ഥിതിയെ ക്രിസ്തു അപലപിക്കുന്നു.

ഇന്നത്തെ സുവിശേഷഭാഗം മൂന്നു ജീവിതശൈലികളാണ് നമുക്കു കാട്ടിത്തരുന്നത് - ഫലം പുറപ്പെടുവിക്കാത്ത അത്തിവൃക്ഷം, ദേവാലയത്തിനുള്ളിലെ കച്ചവടക്കാര്‍, ഒപ്പം ദൈവവിശ്വാസിയും.

ആദ്യത്തെ മാതൃകയായ അത്തിവൃക്ഷം വന്ധ്യമായ ജീവിതത്തെ സൂചിപ്പിക്കുന്നു. അത് ഫലം നല്‍കാത്ത, നന്മ ചെയ്യാന്‍ കഴിവില്ലാത്ത ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. സ്വാര്‍ത്ഥനായ വ്യക്തി പ്രശ്നങ്ങള്‍ ഒഴിവാക്കി, ആരെയും സഹായിക്കാതെ തനിക്കുവേണ്ടി മാത്രം ജീവിക്കാന്‍ ശ്രമിക്കുന്നു. അങ്ങനയുള്ള അത്തിവൃക്ഷത്തെ ക്രിസ്തു ശപിക്കുന്നുണ്ട്. കാരണം അതു ഫലശൂന്യമാണ്. അതിനു ശ്രമിക്കുന്നുമില്ല. ഫലം നല്കാത്ത വൃക്ഷം മറ്റാരെയും സഹായിക്കാതെ തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന സ്വാര്‍ത്ഥരായ വ്യക്തികളെ പ്രതിനിധീകരിക്കുന്നു. ഇക്കൂട്ടര്‍ കാലക്രമത്തില്‍ മനോരോഗികളായിത്തീരുന്നു. ആധത്മിക വന്ധ്യതയെയും സ്വാര്‍ത്ഥതയെയും അപലപിക്കുന്നു. ഞാന്‍ എനിക്കുവേണ്ടിയാണ് ജീവിക്കുന്നത്, മറ്റുള്ളവരും എനിക്കിക്കൊപ്പം നീങ്ങണമെന്നും, എനിക്കൊരു കുറവുമില്ലെന്നുമുള്ള ചിന്തയിലുമാണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്.

  1. ദേവാലയം കച്ചവടകേന്ദ്രമാക്കരുത്

​രണ്ടാമത്തെ മാതൃക അല്ലെങ്കില്‍ ശൈലി - ദേവാലയത്തിലെ ചൂഷകരായ കച്ചവടക്കാരുടേതാണ്. പവത്രമായ ദേവാലയം അവര്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗപ്പെടുത്തുന്നു, നാണയങ്ങള്‍ മാറ്റിക്കൊടുക്കുന്നു, ബലിയര്‍പ്പണത്തിനായി മൃഗങ്ങളെ വില്‍ക്കുന്നു. എന്തിന് അവരു‌ടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവിടെ പ്രമാണിമാരെ നിയമിക്കുന്നു. ഇതെല്ലാം ചെയ്യുന്നത് ദേവാലയത്തിലെ പുരോഹിതരുടെ അനുവാദത്തോ‌‌ടു കൂ‌ടിയായിരുന്നു. അങ്ങനെ ഇത്തരക്കാര്‍ മതത്തെ ഉപജീവന മാര്‍ഗമാക്കി മാറ്റുകയാണ്.

പാവങ്ങളില്‍നിന്നുപോലും കൂടുതല്‍ ബലിവസ്തുക്കള്‍ക്കായി പാവങ്ങളെപ്പോലും പിഴിഞ്ഞെടുക്കുന്ന രീതിയും അതിന് നിര്‍ബന്ധംപിടിക്കുന്ന പുരോഹിതരുടെയും തലമുറകളുടെയും കഥ നമുക്ക് ബൈബിളില്‍ കാണാം. ദേവാലയത്തിലെ വാണിഭക്കാര്‍ക്കു നേരെ ക്രിസ്തു ശക്തമായ വാക്കുകളാണ് ഉപയോഗിക്കുന്നത്. ‘എന്‍റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെ‌‌ടും, എന്നാല്‍ നിങ്ങളതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിമാറ്റിയിരിക്കുന്നു.’ (മാര്‍ക്കോസ് 11, 17).

ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് തീര്‍ത്ഥാടനത്തിനെത്തുന്നവരെയും, ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹിച്ചെത്തിയവരെയുമാണ് ദേവാലയാധികൃതര്‍ ചൂഷണംചെയ്തിരുന്നത്. പുരോഹിതര്‍ അവരെ അവിടെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചില്ല, അവര്‍ക്ക് മതബോധനം നല്‍കിയില്ല. എന്നിട്ടോ ദേവാലയം ഇതാ, കള്ളന്മാരുടെയും കവര്‍ച്ചക്കാരുടെയും ഗുഹയാക്കി തീര്‍ത്തിരിക്കുന്നു. പണം നല്‍കി പ്രവേശിക്കേണ്ട ഇടമാക്കി മാറ്റിയിരിക്കുന്നു. അതുവഴി ദൈവാരാധന വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു. യേരൂസലേം ദേവാലയത്തില്‍ അന്നു ന‌ടന്ന കാര്യങ്ങള്‍ ഇന്ന് നമുക്കിടയില്‍ സംഭവിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. അതിനാല്‍ ആരെങ്കിലും ദൈവത്തിനു നല്‍കേണ്ടവ സ്വന്തം ആവശ്യത്തിന് ഉപ‌യോഗിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

  1. അത്ഭുതങ്ങള്‍ വിരിയിക്കുന്ന വിശ്വാസ ജീവിതം

വിശ്വാസമുള്ള ജീവിതം, അതാണ് ക്രിസ്തു വിവക്ഷിക്കുന്ന മൂന്നാമത്തെ ജീവിതരീതി. ദൈവത്തില്‍ വിശ്വാസമുണ്ടാവുക മാത്രമല്ല, മലയോ‌ട് മാറി ക‌ടലില്‍ചെന്ന് പതിക്കുക എന്നു വിശ്വാസത്തോടെ പറഞ്ഞാല്‍ അതു സംഭവിക്കുക തന്നെ ചെയ്യും. അതു പോലെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന ഉത്തമബോധ്യത്തോടെ പ്രാര്‍ത്ഥിക്കുന്നത് ലഭിക്കുകതന്നെ ചെയ്യും. വിശ്വാസത്തോ‌ടെ ചോദിക്കുന്നതിന് ദൈവം ഉത്തരം നല്‍കും. ഇതാണ് വിശ്വാസജീവിതത്തിന്‍റെ അടിസ്ഥാനം.

ഞാനിതിനുവേണ്ടി എന്ത് ചെയ്യണം? വിശ്വാസത്തോടെ നിന്നെ നന്മചെയ്യാന്‍ സഹായിക്കുന്ന ദൈവത്തോട് ചോദിക്കൂ എന്നേ മറുപടിയുള്ളൂ. പക്ഷേ പ്രാര്‍ത്ഥിക്കുന്നതിനു മുന്‍പ് സഹോദരനെതിരെ എന്തെങ്കിലുമെന്‍റെ ഹൃദയത്തിലുണ്ടോ എന്ന് പരിശോധിക്കണം, ഉണ്ടെങ്കില്‍ അയാളോട് ക്ഷമിക്കണം. ഇതുമാത്രമാണ് ഏക നിബന്ധന, കാരണം സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ്, നമ്മുടെ പാപങ്ങള്‍ നമ്മോ‌ട് ക്ഷമിക്കുന്നുണ്ട്. ഇതാണ് വിശ്വാസ ജീവിതത്തിന് ആധാരം. സഹോദങ്ങളോട് തുറവുള്ളതും ദൈവത്തോട് ചേര്‍ന്നു നില്ക്കുന്നതുമായ വിശ്വാസ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുകതന്നെ ചെയ്യും.

ഇങ്ങനെയുള്ള ആഴമായ വിശ്വാസജീവിതം നയിക്കുവാനും, ഫലം പുറപ്പെടുവിക്കാത്ത, കച്ചവടമനഃസ്ഥിതിയില്‍ അകപ്പെട്ടു പോകാതെ ജീവിക്കുവാനും സഹായിക്കണമേ, എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് തന്‍റെ പ്രസംഗം പാപ്പാ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.