2015-05-28 20:21:00

നാം സഹോദരങ്ങളുടെ കരച്ചില്‍ കേള്‍ക്കണമെന്ന് പാപ്പാ


മാനവികതയുടെ കരച്ചില്‍ കേള്‍ക്കുന്നവരാകണം ക്രൈസ്തവരെന്ന് പാപ്പാ ഫ്രാ‍ന്‍സിസ് ഉദ്ബോധിപ്പിച്ചു.

മെയ് 28-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ബാര്‍ത്തിമേവൂസ് എന്ന കുരുടന്‍റെ രോദനം കേട്ട് ക്രിസ്തു അവന് കാഴ്ച നല്കിയ സുവിശേഷ സംഭവം വ്യാഖ്യാനിച്ചുകൊണ്ടാണ് കരയുന്നവരെ തുണയ്ക്കുവാനുള്ള ക്രൈസ്തവ ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത് (മാര്‍ക്കോസ് 11,11-26).

കരയുന്നവനെ നിശബ്ദനാക്കാന്‍ അപ്പസ്തോലന്മാരില്‍ ചിലര്‍ പരിശ്രമിച്ചപോലെ കേഴുന്നവരുടെ രോദനം കേള്‍ക്കാത്ത ക്രൈസ്തവരുണ്ടെന്നും, സമൂഹത്തിലെ പാവങ്ങളെയും ബലഹീനരെയും സാധാരണക്കാരായവരെയും ചൂഴണം ചെയ്യുന്നവരുമുണ്ടെന്നും സുവിശേഷചിന്തയില്‍ പാപ്പാ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് ദേവാലയത്തില്‍ ബിസിനസ് നടത്തിയും സമൂഹത്തെ ചൂഷണംചെയ്തും ജീവിക്കുവാന്‍ ശ്രമിക്കുന്ന സമൂഹപ്രമാണികളെയും വചനസമീക്ഷയില്‍ പാപ്പാ വിമര്‍ശിച്ചു.

ക്രിസ്തുവിനുവേണ്ടി, അവിടുത്തെ സ്നേഹം മനസ്സിലാക്കുവാനും, അവിടുത്തെ സുവിശേഷ ചൈതന്യത്തില്‍ വളരുവാനും ആഗ്രഹിക്കുന്നവര്‍ ആത്മരക്ഷയ്ക്കായ് നിലവിളിക്കുകയും മുറവിളികൂട്ടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രൈസ്തവര്‍ അവരുടെ സന്തോഷത്തിലും സുഖസൗകര്യങ്ങളിലും മുഴുകിപ്പോവുകയും മറ്റുള്ളവരുടെ കരച്ചിലിന് കാതുകൊട്ടിയടയ്ക്കുകയും ചെയ്യുന്നുണ്ടെന്നും സുവിശേഷ ചിന്തയില്‍ പാപ്പാ പങ്കുവച്ചു. രക്ഷയ്ക്കായ് കേഴുന്നവരോടു ക്രൈസ്തവര്‍ തന്നെ കാണിക്കുന്ന നിസംഗതയെ പാപ്പാ കുറ്റപ്പെടുത്തുന്നു.

മറ്റൊരു കൂട്ടര്‍ ക്രിസ്തുവിന്‍റെ കൂടെ നില്ക്കുകയും, സ്വാര്‍ത്ഥതയില്‍  ക്രിസ്തുനാമവും സാന്നിദ്ധ്യവും മുതലെടുക്കുയും ചൂഷണംചെയ്യുകയും ചെയ്യുന്നവരാണ്. അവര്‍ ദേവാലയത്തില്‍ കച്ചവടംചെയ്യുന്ന ബിസിനസുകാരാണെന്ന് പാപ്പാ പ്രസ്താവിച്ചു അവര്‍ ക്രിസ്തുവിന്‍റെ ചാരത്തും, സമൂഹത്തിലുമാണ്. എന്നാല്‍ അവരുടെ സാന്നിദ്ധ്യം സ്വാര്‍ത്ഥവും തങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതുമാണ്. അത്തരക്കാര്‍ ജനങ്ങളെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുന്നതിനു പകരം, അകറ്റുകയാണ് ചെയ്യുന്നതെന്നും അത് ക്രിസ്തുവിനുള്ള എതിര്‍സാക്ഷൃവും കപടനാ‍ട്യവുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

എന്നാല്‍ തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അനുഭവവേദ്യമാക്കുകയും, അത് പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ ക്രിസ്തുവിന്‍റെ സാക്ഷികളായി മാറുന്നു. അവര്‍ മറ്റുള്ളവരെയും ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുന്നു. കൃപയ്ക്കും രക്ഷയ്ക്കും ആത്മീയ സൗഖ്യത്തിനുമായി കേഴുന്നവരുടെ കരച്ചില്‍ കേള്‍ക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. നാം മനുഷ്യരെ ക്രിസ്തുവില്‍നിന്നും അകറ്റാതെ, അടുപ്പിക്കുന്നവരായി ജീവിക്കാം എന്നു ഉദ്ബോധിപ്പിച്ചുകൊണ്ടാണ് സുവിശേഷചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.