2015-05-25 16:39:00

ദൈവത്തിന്‍റെ സ്നേഹസ്പര്‍ശം പരിശുദ്ധാത്മാവെന്ന് പാപ്പാ ഫ്രാന്‍സിസ്


‘പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.....’ (യോഹ. 21-22). ഇന്നേദിവസം ക്രിസ്തു നിങ്ങള്‍ക്കും എനിക്കും നല്കുന്ന സന്ദേശമാണ്. ഉത്ഥാനപ്പുലരിയില്‍ എന്നപോലെ പെന്തക്കൂസ്താ നാളിലും വീണ്ടും പരിശുദ്ധാത്മാ സാന്നിദ്ധ്യം അപ്പസ്തോലന്മാര്‍ക്ക് അനുഭവവേദ്യമായി. ഇക്കുറി അത് വളരെ പ്രകടവും ശക്തവുമായ അടയാളങ്ങളോടെയായിരുന്നു. ഉത്ഥാനനാളിലെ സായാഹ്നത്തില്‍ ശിഷ്യന്മാര്‍ക്കു ക്രിസ്തു പ്രത്യക്ഷപ്പെട്ട ശേഷം അവരുടെമേല്‍ പരിശുദ്ധാത്മാവിനെ നിശ്വസിച്ചു നല്കി.

പെന്തക്കൂസ്തായുടെ പ്രഭാതത്തില്‍ അപ്പസ്തോലന്മാര്‍ ഒരുമിച്ചു കൂടിയ സ്ഥലം ശബ്ദമുഖരിതമായ അന്തരീക്ഷത്തിലായിരുന്നു. അവരുടെ മനസ്സകളെയും ഹൃദയങ്ങളെയും നിറച്ചുകൊണ്ടാണ് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം ചുറ്റും അനുഭവ വേദ്യമായത്. ക്രിസ്തുവിന്‍റെ പുനരുത്ഥാനം വിവിധ ഭാഷകളില്‍ പ്രഘോഷിക്കുവാന്‍ പോരുമാറ് നവമായ ഉന്മേഷം അവര്‍ക്കു ലഭിച്ചു.

അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരംകൊണ്ട് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കുവാന്‍ തുടങ്ങി (നടപടി 2, 4). അവരുടെ കൂട്ടത്തില്‍ പ്രഥമ ശിഷ്യയെന്നു വിശേഷിപ്പിക്കാവുന്ന യേശുവിന്‍റെ അമ്മയായ മറിയം പിറന്നുവീണ സഭയുടെ അമ്മയെപ്പോലെ അവിടെ ഉണ്ടായിരുന്നു. അങ്ങനെ സമാധാനത്തോടും മാതൃവാത്സല്യത്തോടും സന്തോഷത്തോടുംകൂടെ നിറയൗവ്വനത്തിലെ മണവാട്ടിയെപ്പോലെ അവള്‍ ക്രിസ്തുവിനെ അനുഗമിച്ചു.

കര്‍ത്താവിന്‍റെ അരൂപി ഇന്നും വ്യക്തികളിലും സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നാണ് ഇന്നത്തെ വചനം പഠിപ്പിക്കുന്നത്. മാത്രമല്ല സഭാ പിതാക്കന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, കര്‍ത്താവിന്‍റെ അരൂപി വചനം സ്വീകരിക്കുന്നതിനു നമ്മെ പരിശദ്ധാത്മാവ് യോഗ്യരാക്കുകയും, നമുക്ക് ദൈവിക ശക്തി നല്‍കുകയും ചെയ്യുന്നു. എന്താണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്, അല്ലെങ്കില്‍ എങ്ങനെയാണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്? അവിടുന്ന് നമ്മെ സത്യത്തിലേയ്ക്കു നയിക്കുന്നു (യോഹ. 16, 13), ഭൂമുഖത്തെ അവിടുന്ന് നവീകരിക്കുന്നു, ഫലദായമാക്കുന്നു, ഫലമണിയിക്കുന്നു.

താന്‍ പോകുമെങ്കിലും ലോകത്തെ സത്യത്തിലേയ്ക്ക് നയിക്കുന്ന പരിശുദ്ധാരൂപിയെ അവിടുന്നു നല്‍കുമെന്ന് സുവിശേഷത്തില്‍ ക്രിസ്തു ഉറപ്പുനല്കുന്നുണ്ട് (യോഹ.16, 13). ‘സത്യത്തിന്‍റെ ആത്മാവെ’ന്നാണ് ക്രിസ്തു പരിശുദ്ധാത്മാവിനെ വിളിക്കുന്നത്. മാത്രമല്ല, മിശിഹാ പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം, വിശിഷ്യ അവിടുത്തെ ജനന മരണത്തിന്‍റെ രഹസ്യങ്ങള്‍, പെസഹാരഹസ്യങ്ങള്‍ പരിശുദ്ധാത്മാവ് കൂടുതല്‍ മനസ്സിലാക്കിത്തരുമെന്നും ക്രിസ്തു പ്രസ്താവിക്കുന്നുണ്ട്. തങ്ങളുടെ ഗുരുവിന്‍റെ പീ‍‍ഡാസഹനവും മരണവും പൂ‍ര്‍ണ്ണമായും ഹൃദയെ ഉള്‍ക്കൊള്ളാനാവാതെ പോയ അപ്പസ്തോലന്മാര്‍ക്ക് ദൈവാത്മാവാണ് രക്ഷാകര സംഭവത്തിന്‍റെ മനോഹാരിത വെളിപ്പെടുത്തി കൊടുത്തത്. ദുഃഖവെള്ളിയുടെ കിനിഞ്ഞിറങ്ങിയ ഹൃദയവ്യഥയില്‍ അവര്‍ പേടിച്ചരണ്ട് ജരൂസലേമിലെ മേല്‍മുറിയില്‍ ആദ്യമാദ്യം അടച്ചുപൂട്ടി ഇരിക്കുകയായിരുന്നു. എന്നാല്‍ ദൈവാരൂപിയെ സ്വീകരിച്ച നിമിഷംമുതല്‍ പിന്നെ അവര്‍ ക്രിസ്തുവിന്‍റെ ശിഷ്യരാണു പറയുവാന്‍ ഭയമില്ലാത്തവരായി. മനുഷ്യരുടെ ന്യായവിധിയെക്കുറിച്ച് അവര്‍ ഭീതിയില്ലാത്തവരായി. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍ക്ക് എല്ലാ സത്യങ്ങളും വെളിപ്പെട്ടുകിട്ടുവാന്‍ തുടങ്ങി : അങ്ങനെ ക്രിസ്തുവിന്‍റെ മരണം പരാജയമല്ല, അത് ദൈവസ്നേഹത്തിന്‍റെ പരമമായ പ്രകടനമാണെന്നും, തന്‍റെ ഉത്ഥാനംവഴി മരണത്തെ കീഴടക്കി ക്രിസ്തു സജീവനും ആത്മീയനും, രക്ഷകനും നാഥനും, ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും അതിനാഥനുമായി ഉയര്‍ത്തപ്പെട്ടുവെന്നും അവര്‍ക്ക് മനസ്സിലായി. അങ്ങനെ അപ്പസ്തോലന്മാര്‍ സാക്ഷികളായ സത്യമാണ് ലോകമെമ്പാടും പ്രഘോഷിക്കപ്പെടേണ്ട സദ്വാര്‍ത്തയായി തീരുന്നത്.

പരിശുദ്ധാത്മാവ് ഭൂമിയെ നയിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. സങ്കീര്‍ത്തകന്‍ ആലപിക്കുന്നതുപോലെ, ‘കര്‍ത്താവേ, അങ്ങയുടെ അരൂപിയെ അയച്ച് ഭൂമിയുടെ മുഖം നവീകരിക്കണമേ....’ (സങ്കീ. 103, 30). അപ്പസ്തോല നടപടി പുസ്തകം വിവരിക്കുന്ന ആദിമ സഭയുടെ രൂപീകരണ സംഭവം വളരെ പ്രകടമായും സ്രഷ്ടാവായ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഈ ഗീതത്തോട് ബന്ധപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നും ക്രിസ്തു നല്കുന്ന അരൂപിയും, സകലത്തിനും ജീവന്‍ നല്കുന്ന സ്രഷ്ടാവായ പാവനാത്മാവും ഒന്നാണ്. അതിനാല്‍ സൃഷ്ടവസ്തുക്കളെ ആദരിക്കുകയെന്നത് നമ്മുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്: ദൈവം നമുക്കു നല്കിയ പൂന്തോട്ടമാണ് ഭൂമി, അതു നാം നശിപ്പിക്കരുത്, മറിച്ച് അതിനെ സംരക്ഷിക്കുകയും വളര്‍ത്തുകയുമാണ് വേണ്ടത് (ഉല്പത്തി 2 15). ഇതു സാദ്ധ്യമാകുന്നത്, ദൈവം മണ്ണില്‍നിന്നും മെനഞ്ഞെടുത്ത ആദിമനുഷ്യന്‍, ആദം ദൈവാരൂപിയാല്‍ നവീകൃതനാകുവാന്‍ അനുവദിക്കുകയാണെങ്കില്‍ മാത്രമാണ്. പുതിയ ആദമായ ക്രിസ്തുവിന്‍റെ മാതൃകയില്‍ പിതാവിനാല്‍ നവീകൃതനാകാന്‍ മനുഷ്യന്‍ സ്വയം അനുവദിക്കുകയാണെങ്കില്‍ മാത്രം. അങ്ങനെ ദൈവത്താല്‍ നവീകൃതരാകുവാന്‍ അനുവദിക്കുകയാണെങ്കില്‍ മാത്രമേ സൃഷ്ടിയുടെ സാന്ദ്രലയത്തില്‍ നമുക്ക് ദൈവമക്കളുടെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കവനാവുകയുള്ളൂ.

സൃഷ്ടവസ്തുക്കളില്‍ ഓരോന്നിലും നമുക്ക് ദൈവത്തിന്‍റെ കരവിരുതു കാണുവാനാകണം. അപ്പോള്‍ സങ്കീര്‍ത്തകനോടു ചേര്‍ന്ന് നമുക്കും ആലപിക്കാനാകും, ‘ഈ ഭൂമിയിലൊക്കെയും ദൈവമേ, അങ്ങ് എത്ര മഹോന്നതനാണ്’ (സങ്കീ. 8, 2-10). കാരണം അവിടുന്നു അതിനെ നയിക്കുകയും, നവീകരിക്കുകയും, നല്‍കുകയും, ഫലമണിയിക്കുകയും ചെയ്യുന്നു.

അരൂപിയുടെ വഴികളില്‍ നടക്കുന്നവരുടെ ജീവിതത്തില്‍ ദൈവം നല്കുന്ന ഫലപ്രാപ്തിയെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ആത്മാവിന്‍റെ ഫലങ്ങള്‍ - സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ് (ഗലാത്തി. 5, 22). ദൈവത്തോട് അടുത്തു പ്രവര്‍ത്തിക്കുന്നവരുടെ സ്വാര്‍ത്ഥമായ പെരുമാറ്റങ്ങള്‍, ഒരുവശത്ത് ജഢീകതയുടെ പ്രത്യക്ഷമായ തിന്‍മകളുമായി ഉയര്‍ന്നുനില്ക്കുന്നു. മറുഭാഗത്ത് തങ്ങളുടെ ജീവിതങ്ങളെ ദൈവാരൂപി സ്വാധീനിക്കുവാനും, മുറിക്കുവാനും അനുവദിക്കുന്നവരാണ്. അവരില്‍ സന്തോഷദായകമായ ഏഴ് ദൈവിക നന്മകള്‍ വിരിയുന്നു, അതിനെയാണ് ‘അരൂപിയുടെ സന്തോഷദായകമായ ദാനങ്ങളെ’ന്ന് പൗലോസ് അപ്പസ്തോലന്‍ വിശേഷിപ്പിക്കുന്നത് (ഗലാത്തി. 5, 6, 25).

ദൈവാരൂപിയാല്‍ നിറഞ്ഞവരെയാണ് ലോകത്തിന് ഇന്ന് ആവശ്യം, അടഞ്ഞ ഹൃദയമുള്ളവരെയല്ല. പരിശുദ്ധാരൂപിയോടും തുറവു കാണിക്കാതിരിക്കുന്നത് അസ്വാതന്ത്ര്യത്തിന്‍റെ അവസ്ഥയും പാപവുമാണ്. സ്വന്തം നേട്ടത്തിനായുള്ള സ്വാര്‍ത്ഥത, കപടഭക്തരെന്ന് ക്രിസ്തു പരാമര്‍ശിച്ച കാര്‍ക്കശ്യക്കാരായ നിയമജ്ഞന്മാര്‍, സുവിശേഷ പ്രബോധനങ്ങള്‍ നിരാകരിക്കുന്നവര്‍, ക്രൈസ്തവ ജീവിതത്തെ ശുശ്രൂഷയായി കാണാതെ വ്യക്തി താല്പര്യങ്ങള്‍ക്കുവേണ്ടി ജീവിക്കു, തതുല്യമായ മറ്റു കാരണങ്ങളില്‍ മുഴുകിയിരിക്കുകയും ചെയ്യുന്നവര്‍. എന്തു തന്നെയായാലും ലോകത്തിന് ക്രിസ്തു ശിഷ്യന്മാരുടെ ധൈര്യവും, പ്രത്യാശയും, വിശ്വാസവും സ്ഥിരതയും ആവശ്യമാണ്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ചൂണ്ടിക്കാണിക്കുന്ന സ്നേഹം, സ്ന്തോഷം, സമാധാനം, ക്ഷമ, കാരുണ്യം, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നീ പുണ്യങ്ങളും ലോകത്ത് ഇന്ന് ആവശ്യമാണ് (ഗലാത്തി. 5, 22). യഥാര്‍ത്ഥമായ വിശ്വാസവും ഉപവിയും ഈ ലോകത്ത് സമഗ്രമായി ജീവിക്കുന്നതിനുവേണ്ടിയും, അതുവഴി അനുരജ്ഞനത്തിന്‍റെയും സമാധാനത്തിന്‍റെ വിത്ത് ഈ ഭൂമിയില്‍ മുളയെടുക്കുവാനും വേണ്ടിയാണ് സഭയിലും സഭാമക്കളിലും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ വര്‍ഷിക്കപ്പെട്ടത്.

നമ്മെ സത്യത്തിലേയ്ക്കു നയിക്കുവാനും നവീകരിക്കുവാനും, ഭൂമിയെ പുതുതാക്കുവാനും കരുത്തുള്ള വരദാനങ്ങള്‍ നമ്മില്‍ വര്‍ഷിക്കുന്ന പരിശുദ്ധാത്മാവ്, ലോകത്തെ ദിനന്തോറും കാര്‍ന്നുതിന്നുന്ന പാപത്തിനും അഴിമതിക്കുമെതിര, ക്ഷമയോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടെ നിരുപാധികം പോരാടുന്നതിനുള്ള കരുത്തുനല്‍കട്ടെ!








All the contents on this site are copyrighted ©.