2015-05-20 18:31:00

വിശപ്പ് മാനവികതയുടെ ആക്ഷേപവും ശാപവും


ലോകത്ത് വിശപ്പ് അനിവാര്യമാണെന്ന ധാരണ തെറ്റാണെന്ന്, ആഗോളസഭയുടെ ഉപവി പ്രസ്ഥാനം, കാരിത്താസ് ഇന്‍റെര്‍നാഷണലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ പ്രസ്താവിച്ചു.

മെയ് 18-ാം തിയതി തിങ്കളാഴ്ച മിലാനിലെ രാജ്യാന്തര മേളയില്‍ കാരിത്താസിനെ പ്രതിനിധീകരിച്ചു സംസാരിക്കവെയാണ് കര്‍ദ്ദിനാള്‍ താഗ്ലേ ഇങ്ങനെ പ്രസ്താവിച്ചത്.

ജീവനു പോഷണവും ഭൂമിക്ക് നവോര്‍ജ്ജവും എന്ന സന്ദേശവുമായി ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ നടക്കുന്ന രാജ്യാന്തര പ്രദര്‍ശനത്തിലാണ് മെയ് 18-ാം തിയതി ഞായറാഴ്ച കാരിത്താസ് ഉപവി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന പങ്കാളിത്തവും പ്രചാരണവും ലഭിച്ചത്.

പോഷകാഹാരത്തെ സംബന്ധിച്ച ലോകത്തെ പ്രഥമ വന്‍പ്രദര്‍ശനത്തില്‍ വിശപ്പ് മാനവികതയുടെ ആക്ഷേപവും ശാപവുമാണെന്ന്,  സഭയുടെ ഉപവി പ്രസ്ഥാനത്തിന്‍റെ പുതിയ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ താഗ്ലേ പ്രസ്താവിച്ചു.

പോഷകാഹാരങ്ങളുടെ ഉല്പാദനത്തിലൂടെ മാനവകുലത്തെയും ഭൂമിയെയും സമ്പന്നമാക്കാം എന്ന ലക്ഷ്യവുമായി മിലാനില്‍ ആരംഭിച്ചിരിക്കുന്ന ആറുമാസം നീണ്ടുനില്ക്കുന്ന പ്രഥമ രാജ്യാന്തര പ്രദര്‍ശനത്തില്‍ വത്തിക്കാന്‍ പവിലിയന്‍ തുറന്നിട്ടുള്ളത് ശ്രദ്ധേയമാണ്.

സമ്പന്നതയുടെ ഭക്ഷൃോല്പന്നങ്ങളും പോഷകാഹാര വസ്തുക്കളും പ്രദര്‍ശനത്തില്‍ ധാരാളമായി ഉയര്‍ന്നു നില്ക്കുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ലോകത്തെ പാവങ്ങളും നിരാലംബരുമായവരെ തുണയ്ക്കുകയും ആശ്ലേഷിക്കുകയും വേണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സാകല്യ സംസ്ക്കൃതിയുടെ സന്ദേശവുമായിട്ടാണ് വത്തിക്കാന്‍ മിലാനില്‍ പവിലിയന്‍ തുറന്നിരിക്കുന്നതെന്ന്, പ്രദര്‍ശനവേദി സന്ദര്‍ശിച്ച വത്തിക്കാന്‍ റേ‍ഡിയോ വക്താവ്, ലിന്‍ഡാ ബഡോണി വെളിപ്പെടുത്തി. ലാറ്റിനമേരിക്കന്‍ രാജ്യമായ തെഗൂചിഗാല്‍പ്പായിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ മരദിയാഗസ് അധികാരത്തിന്‍റെ കാലപരിധിയിലെത്തിയതിനെ തുടര്‍ന്നാണ് കാരിത്താസ് ഉപവി പ്രസ്ഥാനത്തിന്‍റെ പുതിയ പ്രസി‍‍ഡന്‍റായി ഫിലിപ്പീന്‍സിലെ മനില അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പോള്‍ ലൂയി താഗ്ലെ തല്‍സ്ഥാനത്ത് നിയമിതനായത്. മെയ് 12-മുതല്‍ 17-വരെ തിയതികളില്‍ റോമില്‍ നടന്ന പ്രസ്ഥാനത്തി‍ന്‍റെ പൊതുസമ്മേളനമാണ് കര്‍ദ്ദിനാള്‍ താഗ്ലെയെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.








All the contents on this site are copyrighted ©.