2015-05-07 18:39:00

പാവങ്ങള്‍ക്കായൊരു സംഗീതപൂജ


പാപ്പാ ഫ്രാന്‍സിസിന്‍റെ ബഹുമാനാര്‍ത്ഥം ദിവ്യപൂജാക്രമം സംഗീതരൂപത്തില്‍ ചിട്ടപ്പെടുത്തി.

Missa Pro Humilibus Terrae പാവങ്ങള്‍ക്കായുള്ള ദിവ്യബലി’ എന്ന ശീര്‍ഷകത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ബഹുമാനാര്‍ത്ഥം ദിവ്യബലിയുടെ സംഗീതരൂപം ചിട്ടപ്പെടുത്തിയിട്ടുള്ളത്. മെയ് 9-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക്  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അതിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ കൊമാസ്ട്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിലായിരിക്കും പാവങ്ങള്‍ക്കായുള്ള ദിവ്യബലി സംഗീതരൂപം ആദ്യമായി ഉപയോഗിക്കപ്പെടുന്നതെന്ന് സംഘാടകരായ Adkins Music Foundation  റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

അര്‍ജന്‍റീനിയന്‍ ഇറ്റാലിയന്‍ സ്വദേശികളായ 10 സംഗീതജ്ഞരുടെ സംഘടിത ഫലമായിട്ടാണ് ദിവ്യപൂജാക്രമം മനോഹരമായ സംഗീതരൂപത്തില്‍‍ പുറത്തുവരുന്നതെന്നും സംഘാടകര്‍ വെളിപ്പെടുത്തി.

നമ്മുടെ ലോകം നിരാശയിലും തിന്മയിലും അമര്‍ന്നു പോകാതരിക്കുവാന്‍ ഇന്ന് സംഗീതവും കലയും സാംസ്ക്കാരിക സംരംഭങ്ങളും അനിവാര്യമാണെന്ന ബോധ്യത്തിലാണ് സംഘാകരായ Adkins  Foundation ആഗോളതലത്തില്‍ പാവങ്ങളെ ഉള്‍ക്കൊള്ളുന്ന സംസ്കൃതി ഇന്ന് ലോകത്തു വളര്‍ത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ബഹുമാനാര്‍ത്ഥം ദിവ്യബിലിയുടെ സംഗീത സംവിധാനം നിര്‍ഹിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് Adkins Music Foundation –ന്‍റെ വക്താവ് പട്രീഷിയ റോമില്‍ പ്രസ്താവിച്ചു.

മെയ് 11-ാം തിയതി വത്തിക്കാനില്‍ സംഘാടകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍  ദിവ്യപൂജാക്രമം സംഗീത സൃഷ്ടിയുടെ അസ്സല്‍ പകര്‍പ്പ് പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിക്കുമെന്നും പട്രീഷിയ റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ജീവിച്ചിരിക്കുന്ന സഭാതലവന്‍റെ ബഹുമാനാര്‍ത്ഥം സംഗീതസൃഷ്ടിചെയ്യപ്പെടുന്നത് ചരിത്രത്തില്‍ ഇദംപ്രഥമമാണെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.