2015-05-07 19:41:00

ക്രിസ്തുസാക്ഷൃത്തിന് വിഘാതമാണ് ഭിന്നിപ്പ്


ഭിന്നിപ്പ് ക്രിസ്തുസാക്ഷൃത്തിന് വിഘാതമെന്ന് പാപ്പാ ഫ്രാന്‍സിസ്  ഉദ്ബോധിപ്പിച്ചു.

യൂറോപ്പിലെ സംയുക്ത സഭൈക്യ പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമായി (CEC-CCEE) മെയ് 7-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മുന്‍കാലങ്ങളിലേതുപോലുള്ള പ്രകടമായ പ്രശ്നങ്ങള്‍ ക്രൈസ്തവ സഭകള്‍ തമ്മില്‍ ഇന്ന് ഇല്ലെങ്കില്‍‍ത്തന്നെയും, ധാര്‍മ്മികവും മാനുഷികവുമായ തലങ്ങളില്‍ ഇനിയും നിലനില്‍ക്കുന്ന ചില ഭിന്നിപ്പുകള്‍ ക്രൈസ്തവ സാക്ഷൃമെന്ന വിശ്വാസജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവത്തിന് വിഘ്നമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ഇന്ന് ലോകത്ത് ക്രൈസ്തവര്‍ അനുഭവിക്കുന്ന മതപീ‍ഡനം, നാ‌‌‌ടുകടത്തല്‍ പോലുള്ള അതിക്രമങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവരുടെ ഇടയിലെ ഐക്യമില്ലായ്മയും കാരണമായിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ നിയമരൂപീകരണമോ ക്രോ‍ഡീകരണമോ ന‌‌ടക്കുമ്പോള്‍ ക്രൈസ്തവര്‍ക്കിടയിലെ ഭിന്നിപ്പുമൂലം ജനദ്രോഹപരവും അധാര്‍മ്മികവുമായ നിലപാടുകളില്‍ രാഷ്ട്രങ്ങള്‍ ചിലപ്പോള്‍ എത്തിച്ചേരുന്നുണ്ടെന്നും യൂറോപ്പിലെ സഭൈക്യ കൂട്ടായ്മയെ പാപ്പാ ബോധ്യപ്പെടുത്തി.

മൗലികമായ മതവിശ്വാസം സംഘര്‍ഷങ്ങളില്ലാതെ പ്രകോപനങ്ങളില്ലാതെയും പേരണകളില്ലാതെയും ജീവിക്കുന്ന അന്തരീക്ഷത്തില്‍ മാത്രമേ സമാധാനപൂര്‍ണ്ണമായും സ്വതന്ത്രമായും വിശ്വാസം ജീവിക്കുവാനും അതിന്‍റെ നിയമങ്ങള്‍ പാലിക്കുവാനും അവര്‍ക്കു സാധിക്കുകയുള്ളൂവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ പ്രതിനിധിയായി, ബു‍ഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷനും ഹങ്കറിയിലെ ദേശീയ മെത്രാന്‍ സമതിയുടെ പ്രസി‍‍ഡന്‍റുമായ കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍‍ദോയും, ഇതര ക്രൈസ്തവ സഭകളുടെ പ്രതിനിധിയായി ക്രിസ്റ്റഫര്‍ ഹിലും യൂറോപ്പിലെ സഭകളുടെ കൂട്ടായ്മയുടെ സംയുക്ത സമിതിക്ക് നേതൃത്വംനല്കി.  

 








All the contents on this site are copyrighted ©.