2015-05-02 13:45:00

ഫലസമൃദ്ധിയുടെ ക്രിസ്തുവിലുള്ള കൂട്ടായ്മ


ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് പെസഹാക്കാലം 5-ാം വാരം - ഞായറിലെ സുവിശേഷചിന്തകള്‍

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 15, 1-8

ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്‍റെ പിതാവ് കൃഷിക്കാരനുമാണ്. എന്‍റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും ഫലമണിയാന്‍ സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക, നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്‍റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.

മുന്തിരിച്ചെടിയോട് അല്ലെങ്കില്‍ തായ്ച്ചെടിയോട് ചേര്‍ന്നുനില്ക്കുന്ന ശാഖകളെക്കുറിച്ച്, വിശുദ്ധ ഗ്രന്ഥം പറയുന്നതിന്‍റെ പൊരുള്‍ മനസ്സിലാക്കിയത് ബാംഗളൂര്‍വച്ചായിരുന്നു സാക്ഷാന്‍ മുന്തിരിച്ചെടിയെ നിരീക്ഷിച്ചപ്പോഴാണ്. അന്ന് ബ്രദര്‍ ചാക്കോയാണ് അവിടത്തെ മുന്തിരിത്തോട്ടം നോക്കിയിരുന്നത്. പരിചയ സമ്പന്നന്നായ ആ കൃഷിക്കാരന്‍ തണുപ്പുകാലം കഴിഞ്ഞ്, വസന്തം വിരിയുംമുമ്പേ മുന്തിരിച്ചെടികള്‍ വെട്ടിനിര്‍ത്തുവാന്‍ തുടങ്ങും. അതൊരു വെട്ടിനിരത്തുകൂടിയാണ്. തായ്ച്ചെടിയില്‍നിന്നും ക്ലിപ്ത അകലം പിടിച്ച് ശാഖകളും ഉപശാഖകളും അദ്ദേഹം മറ്റു കൃഷിക്കാരുടെ കൂടെനിന്ന് നിഷ്ക്കരുണം വെട്ടിവീഴ്ത്തുന്നതു കാണുമ്പോള്‍ വിഷമംതോന്നും. കാരണം വെട്ടല്‍ കഴിഞ്ഞാല്‍ നാം കാണുന്നത് തായ്ച്ചെടിയും അതിനോടു വളരെ അടുത്തു ചേര്‍ന്നു നില്ക്കുന്ന ഏതാനും ഉപശാഖകളും മാത്രമാണ്. പിന്നെ വളമിട്ട് ധാരാളം വെള്ളം നല്കി കൃഷിക്കാര്‍ മാസങ്ങളോളം പരിചരണം തുടരുമ്പോള്‍ ഇതാ, വസന്തം വിരിയുന്നു.

മുന്തിരിച്ചെടിയുടെ ശാഖകള്‍ തളിര്‍ക്കുന്നു. അപ്പോഴും കൃഷിക്കാരന്‍ ക്ഷമയോടെ അതിന് വെള്ളവും വളവും നല്കി പരിചരിക്കുന്നു. തളിര്‍ത്തു വരുന്ന ഉപശാഖകളെ തോട്ടങ്ങളിലെ താങ്ങുകളുടെ പന്തലുകളിലേയ്ക്ക് വളരെ കൃത്യമായും വാത്സല്യത്തോടും കൂടെ തിരിച്ചുവിടുന്നു.   ഒരിക്കല്‍ ബ്രദര്‍ ചാക്കോ പറഞ്ഞു. ധാരാളം ശാഖകള്‍ വളര്‍ന്ന് പച്ചപിടിച്ച് മുന്തിരിച്ചെടി തഴച്ചു വളര്‍ന്നതുകൊണ്ടു മാത്രം കാര്യമായില്ല. തായ്ച്ചെടിയോടു ചേര്‍ന്നു നില്ക്കുന്ന ശാഖകള്‍ക്കു മാത്രമേ ഫലം നല്കാനാകൂ. അതിനാല്‍ തായ്ത്തണ്ടിനോടു ചേര്‍ന്നു നില്ക്കാത്തവ, ഫലംനല്കാത്തവ തക്കസമയത്ത് മുറിച്ചു കളയാറുമുണ്ടെന്ന്.

ഇന്നത്തെ വചനം നല്കുന്ന ആദ്യ ചിന്ത, നമ്മുടെ ജീവിതത്തില്‍ സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ദൈവവുമായി അടിസ്ഥാന ഐക്യം ആവശ്യമാണെന്ന സത്യമാണ്. വൃക്ഷത്തോട് ശാഖ ഒട്ടി നില്ക്കുന്നതു പോലെ ദൈവത്തോട് ചേര്‍ന്നു നിലക്കുന്നവര്‍ക്കാണ് അവിടുത്തെ കൃപാവരം ലഭ്യമാകുന്നത്. കൃപാസ്പര്‍ശത്തിന്‍റെ സമൃദ്ധിയാണ് ജീവിതത്തില്‍ ഫലമണിയുന്നത്. ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കു ചെയ്യുന്ന നന്മകളാണ് നമ്മുടെ ജീവിതത്തിന്‍റെ ഫലപ്രാപ്തി. ക്രിസ്തുവാകുന്ന മുന്തിരിച്ചെയോട് ചേര്‍ന്നു നിന്നാല്‍ നമുക്ക് ഫലമണിയാനാകും. ജീവിതത്തിന്‍റെ ഫലപ്രാപ്തി ദൈവമഹത്വമാണ്. ക്രിസ്തു വന്നത് ശുശ്രൂഷിക്കുവാനാണ്, ശുശ്രൂഷിക്കപ്പെടാനല്ല. ലോകത്തിന്, മനുഷ്യര്‍ക്ക് നന്മ ചെയ്തുകൊണ്ട് അവിടുന്നു കടന്നുപോയി. യേശുവിനോട് ചേര്‍ന്നിരിക്കുന്ന ഏതൊരുവനും അവിടുത്തേതായിത്തീരുന്നു. ‘ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്,’ എന്ന് അവിടുന്ന് പറഞ്ഞതിന്‍റെ പൊരുള്‍ അതല്ലേ.

നാം ശ്രവിച്ച സുവിശേഷം വ്യക്തമായി പറയുന്നു മുന്തിരിച്ചെടി ക്രിസ്തുവിന്‍റെ സഭയാണ്. പഴയനിയമത്തില്‍ ഇസ്രായേല്‍ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടമായിരുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ദൈവജനം, സഭായാണെന്ന് വ്യക്തമാകുന്നു. മാത്രമല്ല, അക്കാലത്ത് അപ്പസ്തോലന്മാരെ കേന്ദ്രീകരിച്ച് വിവിധ പ്രവിശ്യകളില്‍ സഭ വളരുന്നുണ്ടായിരുന്നു.  അതിനാല്‍ സഭയെ നിര്‍വ്വചിക്കേണ്ടത് യോഹന്നാനെ സംബന്ധിച്ച് ആദ്യനൂറ്റാണ്ടിലെ ആവശ്യം കൂടിയായിരുന്നു.   ‘ഞാന്‍ സാക്ഷാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്.’ എന്ന പ്രസ്താവം യോഹന്നാന്‍ അവതരിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സാക്ഷാല്‍ എന്ന വാക്ക് ഇവിടെ സുപ്രധാനമാണ്. പല മുന്തിരിച്ചെടികളുണ്ടാകാം, എന്നാല്‍ സാക്ഷാലുള്ളത് ഒന്നുമാത്രം.

അത് യോഹന്നാനെ സംബന്ധിച്ചു ക്രിസ്തുവാണ്. അവിടുത്തോടു ചേര്‍ന്നുനില്ക്കുക എന്നതാണ് സുപ്രധാനം.  സ്വന്തം ഉണ്മയോടു ചേര്‍ന്നു നില്ക്കുന്നവര്‍ക്ക് അവിടത്തോടു ചേര്‍ന്നു നില്ക്കാം എന്നും ഇവിടെ സുചനയുണ്ട്.

‘എന്‍റെ കല്പനകള്‍ പാലിക്കുന്നവന്‍, എന്നോടൊത്തു വസിക്കുന്നു, എന്നോടു ചേര്‍ന്നു നില്ക്കുന്നു.’ എന്‍റെ കല്പനയെന്ന് ക്രിസ്തു പറയുന്നത്, സ്നേഹത്തിന്‍റെ കല്പന മാത്രമല്ല. വളരെ ശ്രദ്ധിക്കേണ്ടൊരു പദസന്ധിയാണിത്. മുന്തിരിച്ചെടിയോടു ചേര്‍ന്നു നില്ക്കുന്ന, ഒട്ടിനിലക്കുന്ന സ്നേഹശൈലിയാണ് ക്രിസ്തുവിഭാവനം ചെയ്യുന്നതും ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നതും. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ക്രിസ്തുവാണ് മുന്തിരിച്ചെടി. അതായത് വിശുദ്ധ യോഹന്നാന്‍റെ വീക്ഷണത്തില്‍ ക്രൈസ്തവന്‍ ഒട്ടിച്ചേര്‍ന്നു നില്ക്കേണ്ടത് ക്രിസ്തുവിനോടാണ്. സമര്‍പ്പണം ക്രിസ്തുവിനോടായിരിക്കണം. ഇത് സുവിശേഷകന്‍ യോഹന്നാന്‍റെയും കാഴ്ചപ്പാടാണെന്ന് മനസ്സിലാക്കാം. ക്രൈസ്തവന്‍റെ സമര്‍പ്പണം പട്ടക്കാരനോടോ പള്ളിയോടോ അല്ല, ക്രിസ്തുവിനോടാണ് എന്ന നല്ല ധാരണയുണ്ടായിരിക്കണം.

തായ്ച്ചെടിയാകുന്ന ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടും ചേര്‍ന്നുനിന്നുകൊണ്ട് ബോധ്യത്തോടെ ക്രൈസ്തവ ജീവിതം മുന്നോട്ടു നയിക്കുക എന്ന വ്യക്തമായ ധാരണയാണ് ഇന്നത്തെ സുവിശേഷം നമുക്കു നല്കുന്നത്. മുന്തിരിച്ചെടിയുടെ ഉപമയിലൂടെ ക്രിസ്തു ഇന്ന് നമ്മോടു സംസാരിക്കുമ്പോള്‍, വൃക്ഷങ്ങളും ചെടികളും അവിടുത്തെ കൗതുകപ്പെടുത്തിയിട്ടുണ്ടാവണം എന്നുവേണം ധരിക്കുവാന്‍. നീതിമാനയാ തച്ചനോടൊപ്പം തച്ചപ്പണി ചെയ്തുകൊണ്ട് ജീവിതം പുലര്‍ത്തിയിരുന്നിരിക്കണം. അതുപോലെ നല്ല തടിത്തരങ്ങള്‍ തേടിയും അയാള്‍ ബാല്യം മുതലേ, ക്രിസ്തു അലഞ്ഞു കാണണം. കര്‍ഷകന്‍ വയലിനോടും വിത്തിനോടുമൊക്കെ പുലര്‍ത്തുന്ന ആര്‍ദ്രതയും ആദരവും ഇവിടെ നാം മാനിക്കേണ്ടതാണ്. വിത്ത് വൃക്ഷമാകുന്ന ഹരിത പ്രപഞ്ചത്തിന്‍റെ അത്ഭുതം തീര്‍ച്ചയായും ക്രിസ്തു ആശ്ചര്യത്തോടെ മനസ്സിലാക്കാന്‍ ശ്രമിച്ചു കാണണം. പ്രകൃതി നല്കുന്ന ധ്യാനത്തില്‍ നിന്നായിരിക്കണം ക്രിസ്തു ഹൃദയത്തിന്‍റെ കാമ്പ് ബലപ്പെടുത്തിയതും പ്രപഞ്ച സ്രഷ്ടാവായ പിതാവിന്‍റെ സ്നേഹത്തില്‍ എന്നും വസിച്ചതും. ആ ദിവ്യാനുഭൂതി മുന്തിരിച്ചെടിയുടെ ഉപമയിലൂടെ  ശിഷ്യന്മാര്‍ക്ക് അവിടുന്നു പകര്‍ന്നു നല്കുന്നു. 

പഴയനിയമത്തില്‍ വലിയ സമ്രാജ്യശക്തികളെ ചിത്രീകരിക്കുവാന്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന ചിത്രം വലിയ വൃക്ഷങ്ങായിരുന്നു. ഉദാഹരണത്തിന് എസക്കിയേലിന്‍റെ പുസ്തകത്തില്‍ - വനത്തിലെ  എല്ലാ വൃക്ഷങ്ങളെക്കാള്‍  അത് വളര്‍ന്നു പൊങ്ങി.  അതിന്‍റെ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടു കൂട്ടി. അവയുടെ ചുവട്ടില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി. വലുപ്പംകൊണ്ട് വളര്‍ന്നുപന്തലിച്ചു നില്ക്കുന്ന ദൈവരാജ്യത്തിന്‍റെ വിത്തായും വൃക്ഷമായും മാറിയേക്കാം. ദൈവമാണ് കൃഷിക്കാരന്‍.  അവിടുന്ന് നിത്യതയുടെ കര്‍ഷകനാണ്. നിത്യതയുടെ വിത്ത് വളര്‍ന്ന് വൃക്ഷമായി, മുന്തിരിച്ചെടിയായി നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഫലമണിയുമ്പോള്‍, ദൈവരാജ്യത്തിന്‍റെ അനുഭവത്തിലേയ്ക്കാണ് അത് നമ്മെ നയിക്കുന്നത്.

എപ്പോഴാണ് ജീവിതം ഫലമണിയുന്നുവെന്ന് പറയുന്നത്? ആര്‍ക്കെങ്കിലുമൊക്കെ അത് അഭയമായി മാറുമ്പോഴാണ്. കുട്ടികളുടെ കഥയിലെ സ്വാര്‍ത്ഥതയുടെ രാക്ഷസന്മാരായി മാറുമ്പോഴാണ്, നമ്മുടെ ജീവിതങ്ങള്‍ ഫലശൂന്യമാകുന്നത്, നിഷ്ഫലമാകുമ്പോഴാണ്. 7 മക്കളെ പഠിപ്പിച്ചു വളര്‍ത്തി എന്നെല്ലാം പറഞ്ഞ് വീമ്പടിക്കുമ്പോള്‍, എന്‍റേതല്ലാത്ത ഏതെങ്കിലും കുഞ്ഞിനെ സഹായിച്ചിട്ടുണ്ടോ എന്നു ചിന്തിക്കുകയും, ഇല്ലെങ്കില്‍ അതോര്‍ത്തു ലജ്ജിക്കുകയും വേണം. ക്രിസ്തു പഠിപ്പിക്കുന്ന മുന്തിരിച്ചെടിയുടെ ഫലദായകത്വം സ്നേഹത്തിലും കൂട്ടായ്മയിലും വളരുന്ന സമൃദ്ധിയുടെ ധാരാളിത്വവും ഫലമണിയലുമാണ്. അത് ക്രൈസ്തവ സ്നേഹത്തിന്‍റെയും സ്നേഹ സമര്‍പ്പണത്തിന്‍റെയും ഫലമണിയലും സമൃദ്ധിയുമായിരിക്കും. അത് ഹൃദയ വിശാലതയുടെ സമൃദ്ധിയും, ധാരാളിത്തവുമാണ്.

എന്നാല്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മുന്തിരിച്ചെടിപോലെ സഭാകൂട്ടായ്മയുടെ ഭാഗമായി, ഭൂമി മുഴുവന്‍ പടര്‍ന്ന് അത് നന്മയുടെ ഫലമണിഞ്ഞു നില്ക്കുന്നു. സ്നേഹ കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രസ്ഥാനമാണ്, സ്ഥാപനമാണ്, കുടുംബമാണ് സഭ. വാത്സല്യം നിറഞ്ഞ് സകലര്‍ക്കുമായി ഹൃദയം തുറക്കുന്ന അമ്മയാണ് സഭ, ഇതാണ് മുന്തിരിച്ചെടിയുടെ ഉപമ നമ്മെ പഠിപ്പിക്കുന്നത്.  

ഈ ഉപമയിലൂടെ ക്രിസ്തു പഠിപ്പിക്കുന്നത് മറ്റുള്ളവരുമായി കൈകോര്‍ത്തു നിന്നെങ്കില്‍ മാത്രമേ നന്മയുടെ ഫലമണിയുന്ന മുന്തിരിച്ചെടിയായി സമൂഹം വിരിഞ്ഞു നില്ക്കൂ! മറ്റുള്ളവരെ സ്നേഹിക്കുന്നതു തന്നെ ദൈവവുമായുള്ള ഐക്യത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുന്ന ആത്മീയശക്തിയാണ്. ഐക്യത്തിന്‍റെ ആത്മീയ ശക്തിയാണ് മുന്തിരിച്ചെടി പ്രകടമാക്കുന്നത്. കൂട്ടായ്മയുടെയും സമൃദ്ധിയുടെയും ഫലദായകത്വം നല്കുന്നത്! ഇതാണ് ക്രിസ്തു രൂപപ്പെടുത്തിയ പുതുപുത്തന്‍ ആകാശവും പുതുപുത്തന്‍ ഭൂലോകവും.... അതിന് നമുക്കെന്നും നാഥന്‍റെകൂടെ നില്ക്കാം, കാരണം അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്. സ്വാര്‍ത്ഥതയുടെ പഴയവ മറ്റി, പുതിയ മൂല്യവ്യവസ്ഥിതിയില്‍ നമുക്ക് ജീവിക്കാം വളരാം. 








All the contents on this site are copyrighted ©.