2015-04-27 12:23:00

ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപം നല്ലിടയനായ ക്രിസ്തുവെന്ന് പാപ്പാ ഫ്രാന്‍സിസ്


ഏപ്രില്‍ 26-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നല്കിയ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

ഈസ്റ്റര്‍ കഴിഞ്ഞുള്ള 4-ാം ഞായര്‍ സഭയില്‍ ‘നല്ലിടന്‍റെദിന’മെന്നാണല്ലോ അറിയപ്പെടുന്നത്. ക്രിസ്തു തനിക്കുതന്നെ നല്കിയ ഈ വിശേഷണം അല്ലെങ്കില്‍ നിര്‍വ്വചനം അവിടുത്തെ പീഡകളുടെയും കുരിശുമരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും വെളിച്ചത്തില്‍ ഉണര്‍വോടെ പുനര്‍പരിശോധിക്കാന്‍ ഈ ദിനം നമ്മെ ക്ഷണിക്കുന്നു. ‘നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നു’ (യോഹ 10, 11). പിതാവിന്‍റെ ഹിതം പൂര്‍ണ്ണമായും നിറവേറ്റിക്കൊണ്ട് കുരിശില്‍  സ്വാര്‍പ്പണംചെയ്തപ്പോഴാണ് ക്രിസ്തുവില്‍ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമായത്.

ഇതില്‍നിന്നും ക്രിസ്തുവാണ് നല്ലിടയനെന്ന് നമുക്ക് വ്യക്തമാകുന്നു. നിങ്ങള്‍ക്കും എനിക്കുംവേണ്ടി ജീവാര്‍പ്പണംചെയ്ത ഇടയന്‍, നല്ലിടയന്‍ അവിടുന്നാണ്. സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന സ്നേഹത്തിന്‍റെ സമുന്നതമായ മാതൃകനല്ക്കുന്ന ക്രിസ്തുവാണ് സാക്ഷാന്‍ ഇടയന്‍, നല്ലിടയന്‍ (10, 18). ആരും അവിടുത്തെ ജീവന്‍ പിടിച്ചെടുക്കുയല്ല, സ്വഃമേധയാ അവിടുന്ന് അത്  അടുകള്‍ക്കായി സമര്‍പ്പിക്കുകയാണ്. കൂലിക്കാരായ വ്യാജ ഇടയാന്മാരുമായി തുറന്ന താരതമ്യം നടത്തിക്കൊണ്ടാണ് ക്രിസ്തു തന്നെത്തന്നെ നല്ലിടയനായി നിര്‍വ്വചിക്കുന്നത്.

‘പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ സമര്‍പ്പിക്കുന്നു’ (10, 15). നല്ലിടയന്, കൂടിക്കാരനായ ഇടയനില്‍നിന്നും വ്യത്യസ്തമായി ആടുകളുടെ നന്മയും ജീവനും, പോഷണവും അല്ലാതെ മറ്റൊരു ചിന്തയുമില്ലാത്തവനാണ് നല്ലിടയന്‍. അതിനാല്‍ ആ ലക്ഷൃങ്ങളില്‍ എത്തിച്ചേരുവാന്‍ വേണ്ടി അയാള്‍ സ്വജീവന്‍ അര്‍പ്പിക്കുവാന്‍ പോലും സന്നദ്ധനാകുന്നു.  

ക്രിസ്തുവിന്‍റെ നല്ലിടയരൂപത്തില്‍ നാം കാണേണ്ടതും ധ്യാനിക്കേണ്ടതും ദൈവത്തിന്‍റെ പിതൃരൂപവും അവിടുത്തെ പരിപാലനയും നമ്മോട് ഓരോരുത്തരോടുമുള്ള വാത്സല്യവും സ്നേഹവുമാണ്. ‘കണ്ടാലും, എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. നാം ദൈവമക്കളെന്നു വിളിക്കപ്പെടുക മാത്രമല്ല, നാം ദൈവമക്കള്‍ തന്നെയാണ്’ (1യോഹ. 31). പിതാവായ ദൈവം മനുഷ്യകുലത്തില്‍ വര്‍ഷിച്ച സ്നേഹപാരമ്യമാണ് ഇന്നത്തെ ആദ്യവായനയില്‍ വിശുദ്ധ യോഹന്നാന്‍റെ വാക്കുകളില്‍ പ്രകടമാകുന്നത്.

സത്യമായും ദൈവസ്നേഹം നമ്മെ ആശ്ചര്യപ്പെടുത്തുന്നതും അഗ്രാഹ്യവുമാണ്. കാരണം ക്രിസ്തുവിനെ നല്ലയിടയനായി നല്കുന്നതുവഴി മനുഷ്യരോടുള്ള പിതാവായ ദൈവത്തിന്‍റെ ശ്രേഷ്ഠവും അമൂല്യവും അപരിമേയവുമായ സ്നേഹമാണ് ലോകത്തിന് അനുഭവവേദ്യമാകുന്നത്. അളവുകളും അതിരുകളും വ്യവസ്ഥകളൊന്നുമില്ലാത്തതും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഒന്നുമില്ലാത്തതുമായ സ്നേഹം സമുന്നതവും ഉല്‍കൃഷ്ഠവുമെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയുള്ള സ്നേഹത്തിന്‍റെ ആസ്വാദനം അല്ലെങ്കില്‍ അനുഭവം നമുക്ക് സന്തോഷം പകരുന്നതും, നിര്‍ലോഭമായി അതു നമുക്കു ലഭിക്കുന്നതിനാല്‍ നാം അതില്‍ കൃതഞ്ജതാ നിര്‍ഭരരാകുകയും ചെയ്യുന്നു.

എന്നാല്‍ നാം വികാരാധീനരായി നന്ദിയാല്‍ നിറയുകയും അത് ധ്യാനിക്കുകയും ചെയ്തതുകൊണ്ടു മാത്രമായില്ല. നല്ലിടയനെ നാം അനുകരിക്കേണ്ടിയിരിക്കുന്നു, വിശിഷ്യാ സഭയില്‍ അജപാനദൗത്യം എറ്റെടുത്തിരിക്കുന്ന വൈദികരും, മെത്രാന്മാരും. അവര്‍ ആടുകള്‍ക്കുവേണ്ടി സ്വാര്‍പ്പണംചെയ്യുകയും തന്‍റെ ആടുകളോട് കരുണകാണിക്കുകയും അവയ്ക്കായി സ്വാര്‍പ്പണംചെയ്യുകയും ചെയ്ത നല്ലിടയനായ ക്രിസ്തുവിന്‍റെ മാതൃകയില്‍  ശുശ്രൂഷകരാകുവാനും സേവകരാകുവാനും വിളിക്കപ്പെട്ടവരാണ്. അവര്‍ സഭയിലെ ഭരണകര്‍ത്താക്കളാകാനല്ല. ഈ അരൂപിയിലാണ് നവാഭിഷിക്തരായ റോമാ രൂപതയിലെയും ഇതര സമൂഹങ്ങളുടെയും പ്രതിനിധികളായ വൈദികര്‍ ജീവിക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഞായറാഴ്ച രാവിലെ പാപ്പായില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ച രണ്ടു നവവൈദികര്‍ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പാപ്പായുടെ ഇരുപാര്‍ശ്വങ്ങളിലുമായി നില്ക്കുന്നുണ്ടായിരുന്നു. അവരെ നോക്കിക്കൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സന്തോഷത്തോടെ സുവിശേഷം പ്രഘോഷിച്ച്, ക്ഷമയോടും വാത്സല്യത്തോടുംകൂടെ ദൈവജനത്തെ ശ്രുഷിക്കുവാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാനുമുള്ള കൃപ പരിശുദ്ധ കന്യകാനാഥാ ലോകത്തുള്ള സകല മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നല്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും ആശംസിച്ചു കൊണ്ടുമാണ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണം ഉപസംഹരിച്ചത്.

ഹിമാലയന്‍ താഴ്വാര രാജ്യമായ നേപ്പാളിലും അതിന്‍റെ അയല്‍ രാജ്യങ്ങളില്‍പ്പോലും അനുഭവപ്പെടുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയുംചെയ്ത ശക്തമായ ഭൂമികുലുക്കത്തെക്കുറിച്ചും ആള്‍ നഷ്ടത്തെക്കുറിച്ചും തുടര്‍ന്ന് പാപ്പാ പരാമര്‍ശിച്ചു. വന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും, മുറിപ്പെട്ടവര്‍ക്കും വേദനിക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. പ്രഭാഷണം കേള്‍ക്കുവാന്‍ സമ്മേളിച്ച ഏകദേശം 25,000-ത്തോളം വരുന്ന ജനാവലിക്കൊപ്പം പാപ്പാ നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ജനങ്ങള്‍ക്കൊപ്പം ഉരുവിട്ടുകൊണ്ട് വേദനിക്കുന്നവരെ പാപ്പാ വീണ്ടും ദൈവത്തിന്‍റെ കാരുണ്യത്തിനും സംരക്ഷണയ്ക്കുമായി സമര്‍പ്പിച്ചു.

കാനഡയില്‍ അന്നേദിവസം (ഏപ്രില‍ 26) വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ദൈവദാസി മരിയ എലീസ തജോണിനെ (1840-1881) പാപ്പാ അനുസ്മരിച്ചു. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും പാവങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ദൈവദാസി സിസ്റ്റര്‍ തജോണ്‍ വിശുദ്ധിയുടെ പടവുകള്‍ കയറിയത്. തന്‍റെ പ്രേഷിതദൗത്യം തുടര്‍ന്നു ലോകത്ത് യാഥാര്‍ത്ഥ്യമാകുന്നതിനായി ജപമാല രാജ്ഞിയുടെ സഹോദരിമാരുടെ (The Sisters of Our Lady of the Holy Rosary of San Germano) സഭ സ്ഥാപിക്കുകയും ചെയ്തു. 

തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാല പ്രാര്‍ത്ഥന ചൊല്ലി. ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് വേദിയായ അപ്പസ്തോലിക അരമനയിലെ ജാലകത്തില്‍നിന്നും പാപ്പാ മന്ദഹാസത്തോടെ, ഏവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് പിന്‍വാങ്ങിയത്.








All the contents on this site are copyrighted ©.