2015-04-25 11:40:00

ക്രിസ്തു നല്ലിടയന്‍ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം


ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് പെസഹാക്കാലം 4-ാം വാരം നല്ലിടയന്‍റെ ഞായറിലെ സുവിശേഷചിന്തകള്‍                             വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 11-18

ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്. ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പതാവിനെയും അറിയുന്നതുപോലെ, ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ സമര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍ പറ്റവും ഒരിടയനുമാകും. തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ്  എന്നെ സ്നേഹിക്കുന്നു. ആരും എന്നില്‍നിന്ന് അതു പടിച്ചെടുക്കുകയില്ല, ഞാന്‍ അതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കുവാനും തിരികെ എടുക്കുവാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്‍റെ പിതാവില്‍ല്‍നിന്നാണ് എനിക്കു ലഭിച്ചത്.

പെസഹാക്കാലത്തെ നാലാം വാരത്തില്‍ ആഗോളസഭ ‘നല്ലിടയന്‍റെ ഞായര്‍’ ആഘോഷിക്കുയാണ് - the Good Shepherd Sunday! ദൈവത്തിന്‍റെ പ്രതിച്ഛായ പ്രതിബിംബിക്കുന്ന മനോഹര രൂപമാണ് നല്ലടയന്‍! മനുഷ്യകുലത്തെ സ്നേഹിക്കുന്ന, മനുഷ്യനെ തേടിയെത്തുന്ന കരുണാര്‍ദ്രനായ ദൈവത്തിന്‍റെ പ്രതിരൂപമാണിത്. സഭയില്‍ ആസന്നമായിരിക്കുന്ന ശ്രദ്ധേയമായ സംഭവങ്ങള്‍ ദൈവത്തിന്‍റെ കരുണ്യവദനം വെളിപ്പെടുത്തുന്നതാണ്. ദൈവത്തിന്‍റെ കരുണ്യത്തില്‍ ആശ്രയിക്കാതെ മനുഷ്യകുലം രക്ഷപ്രാപിക്കില്ല, എന്ന സന്ദേശവുമായിട്ടാണ് പാപ്പാ ജൂബിലിവത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. വിശുദ്ധവത്സരം വിളംബരം ചെയ്ത ബൂള അല്ലെങ്കില്‍ വിളംബരപത്രിക ശീര്‍ഷകം ചെയ്ത്രിക്കുന്നത് Misericordiae Vultus,  ദൈവത്തിന്‍റെ കാരുണ്യവദനം എന്നാണ്. സഭയിലെ മഹാസംഭവത്തെ പിന്‍തുണയ്ക്കുന്നതുപോലെയാണ് ഇറ്റിലിയിലെ ട്യൂറിന്‍ നഗരത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ മുഖച്ഛായ പതിഞ്ഞത് എന്ന് വിശ്വസിക്കുകയും ശാസ്ത്രം സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ള തിരുക്കച്ചയുടെ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഇറ്റാലിയനില്‍ sindone എന്നു പറയുന്ന Holy Shroud-ന്‍റെ, തിരുക്കച്ചയുടെ പ്രദര്‍ശനം ഏപ്രില്‍ 19-ാം തിയതി ഞായറാഴ്ച ആരംഭിച്ചു കഴിഞ്ഞു. വിശുദ്ധ സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള ട്യൂറിനിലെ ഭദ്രാസന ദേവാലയത്തിലെ പ്രത്യേക കപ്പോളയിലാണ് രക്ഷകനായ ക്രിസ്തുവിന്‍റെ കാരുണ്യവദനം അത്ഭുതകരിമായി പതിഞ്ഞിരിക്കുന്ന തിരുക്കച്ചയുടെ പ്രദര്‍ശനം നടക്കുന്നത്. മനുഷ്യനെ നയിക്കുന്നവന്‍റെയും തുണയ്ക്കുന്നവന്‍റെയും എല്ലാ അര്‍ത്ഥത്തിലുമുള്ള പ്രതിച്ഛായ അണിയുന്നത് ക്രിസ്തുവിന്‍റെ കാരുണ്യരൂപമാണ്, ഇടയരൂപമാണ്.

“ഇസ്രായേലിന്‍റെ ഇടയനേ, അങ്ങയുടെ ആട്ടിന്‍പറ്റത്തെപ്പോലെ ജോസഫിനെ നയിച്ചവനേ, എന്നെ ചെവിക്കൊള്ളണമേ...” (സങ്കീര്‍ത്തനം 80, 1) എന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തെ ഇടയനായി ഇസ്രായേല്‍ ജനം കണക്കാക്കി. ദൈവജനത്തെ നയിക്കുന്നവര്‍ ഇടയന്മാരാണ്. ദാവീദ് ഇടയച്ചെറുക്കനായിരുന്നു. പിന്നീട് രാജാവ് എന്ന നിലയില്‍ അയാള്‍ ഇസ്രായേലിന്‍റെ ഇടയനായിരുന്നു. എന്നാല്‍ ഇസ്രായേലില്‍ പിന്നീടു വന്ന ഇടയന്മാര്‍.ആടുകളെ പോറ്റുന്നതിനു പകരം തങ്ങളെത്തന്നെ പോറ്റുന്നവരായിത്തീര്‍ന്നു. “അവര്‍ കൊഴുത്തതിനെ കൊന്നുതിന്നുകയും, അതിന്‍റെ മേദസ്സു ഭക്ഷിക്കുകയും, രോമംകൊണ്ടു വസ്ത്രമുണ്ടാക്കി ധരിക്കുകയും ചെയ്തു. ദുര്‍ബ്ബലമായ ആടുകളെ അവര്‍ താങ്ങിയില്ല. മുറിവേറ്റവയെ വച്ചുകെട്ടിയില്ല. വഴിതെറ്റിയതിനെ തിരികെ കൊണ്ടുവന്നില്ല. കാണാതായതിനെ തേടിയില്ല. മാത്രമല്ല, അവര്‍ കഠിനമായും ക്രൂരമായും അവയോടു പെരുമാറി. അവയെ തിരയാനോ, തേടുവാനോ ആരുമുണ്ടായില്ല” (എസേക്കിയേല്‍ 34, 1-10). എന്നാണ് എസേക്കിയേല്‍ പ്രവാചകന്‍ പറയുന്നത്.

ദൈവം തന്നെ അതിനാല്‍ ഇസ്രായേലില്‍ ഇടയനായി വരുമെന്ന്, എസെക്കിയേല്‍ പ്രവചിച്ചിട്ടുണ്ട്. “ഇതാ, ഞാന്‍തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും, ഞാന്‍ അവയെ തേടിയിറങ്ങും, നയിക്കും” (എസെ. 34, 11).  “ഞാനാണ് ആടുകളുടെ വാതില്‍, ഞാനാണ് നല്ല ഇടയന്‍” (യോഹ. 10. 10-11). ക്രിസ്തുവാണ് ആട്ടിന്‍പറ്റത്തെ ജീവനിലേയ്ക്കു നയിക്കുന്ന സ്നേഹകവാടം. അവിടുന്ന് നിത്യതയിലേയ്ക്കുള്ള വാതിലാണ്.

ദൈവമേ, എന്തുകൊണ്ടാണ് ഈ വാതില്‍പ്പടികള്‍ നീ ഉണ്ടാക്കിയിരിക്കുന്നത്. തടിത്തരങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്നേഹംകൊണ്ടാണ്. അങ്ങെ അനന്തമായ സ്നേഹം കടമ്പയായി കുറുകെ കിടക്കുമ്പോള്‍ ആര്‍ക്കാണ് ആ സ്നേഹ വലയം വിട്ട് വഴിതെറ്റിപ്പോകുവാന്‍ മനസ്സുവരിക. അതൊരു ഹെബ്രായ ശീലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നാടോടി ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി പച്ചയായ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയിലാണ്. രാത്രിയില്‍ അവയെ ഏതെങ്കിലും ഗുഹയിലേയ്ക്ക് ആനയിക്കുന്നു. ഗുഹാമുഖം അടയ്ക്കുക സാദ്ധ്യമല്ല. അതുകൊണ്ട് ഇടയന്‍ ഗുഹാമുഖത്ത് കുറുകെ കിടക്കുന്നു. ഒരാടിന് പുറത്തു കടക്കണമെങ്കില്‍ ഇടയന്‍റെ നെഞ്ചില്‍ ചവിട്ടാതെ തരമില്ല. കള്ളനോ കുറുനിരക്കോ അകത്തു വരണമെങ്കിലും അയാള്‍ അറിയാതെ തരമില്ല. അതുകൊണ്ടാണ് “ആടുകളുടെ വാതില്‍ ഞാനാണ്,” എന്നു ക്രിസ്തു പറഞ്ഞപ്പോള്‍ അവിടുത്തെ കേള്‍വിക്കാരുടെ മിഴികള്‍ സജലമായത്. വീടുവിട്ടുപോയവരൊക്കെ അവനെ കുറുകെ കടന്നവരാണ്. അതിനാല്‍ ക്രിസ്തു പറഞ്ഞ ഈ വരികള്‍ അസാധാരണമായ സംരക്ഷണത്തിന്‍റെ, ദൈവിക രക്ഷണത്തിന്‍റെ, കാരുണ്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അതിനാല്‍ അഹിതമായ എന്തെങ്കിലും നമ്മുടെ  ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഇടയന്‍ അറിയാതിരിക്കുന്നില്ല എന്നതും ഉറപ്പാണ്. പരിഹാരമോ പ്രതിരോധമോ ഇല്ലാത്ത ചില ദുരന്തങ്ങള്‍ എന്‍റെ ഉമ്മറത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ എന്നെ കാക്കുന്നവനും പരിക്കേല്‍ക്കുന്നുണ്ട് എന്നോര്‍ക്കണം. അതുകൊണ്ടാണ് ‘ക്രിസ്തു ഇപ്പോഴും ശരീരത്തില്‍ സഹിക്കുന്നു’വെന്ന് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത് (കൊളോ. 1, 24).

എന്തു ഹൃദ്യമായ സൂചനയാണ് ‘വാതില്‍’ നല്കുന്നത്! തുറന്നിട്ട വാതില്‍ കണക്കെ മനോഹരമായ എത്ര ദൃശ്യങ്ങളുണ്ട് ഭൂമിയില്‍. എന്നാല്‍ കൊട്ടിയടയ്ക്കപ്പെട്ട വാതില്‍പോലെ ഭാരപ്പെടുത്തുന്നവയും ഈ ലോകത്തുണ്ട്.  അസ്സീസിയിലെ ഫ്രാന്‍സിസിനെ ആധാരമാക്കി franco zeffirelli സംവിധാനംചെയ്ത ചലച്ചിത്രം Brother Sun and Sister Moon ഓര്‍മ്മിക്കുന്നു. മഞ്ഞുവീഴുന്ന തെരുവിലൂടെ ഇറ തേടി ഫ്രാന്‍സിസും ലിയോയും അലയുകയാണ്. അവര്‍ക്കു മുന്‍പിലായി അതിവേഗത്തില്‍ വലിച്ചടയ്ക്കുന്ന വാതിലുകളുടെ ശബ്ദം കേല്‍ക്കാം. ഹൃദയമെന്ന വ്യാസംകുറഞ്ഞ കിണറ്റിലേയ്ക്ക് ആരോ അമ്മിക്കല്ല് എടുത്തിടുന്നതുപോലെ! മലയാളി അവന്‍റെ വാതിലുകള്‍ അടച്ചിടാന്‍ തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. അതു മാറ്റമല്ല, പുരോഗമനവുമല്ല. മറിച്ച് ഒരപകട സൂചനയാണ്. നാഗരികതയെന്ന രോഗാതുരതയുടെ അപകട സൂചനയാണത്. മാത്രമല്ല സ്വാര്‍ത്ഥതയുടെയും. ‘ഇയാളെ എനിക്കു ഭയമാണെ’ന്ന്, അയല്‍ക്കാരനെപ്പറ്റി പറഞ്ഞുപരത്തി വാതിലടച്ച് നല്ലതു ചമയുന്നവരുണ്ട്. എന്താ അയാള്‍ ഭീകരനോ?! അല്ല. അകത്തു നിറഞ്ഞുനില്ക്കുന്ന സ്വാര്‍ത്ഥയാലാണ് നാം മറ്റൊരാളെ ഭയക്കുന്നത്, ഭയപ്പെടുന്നത്. തുറന്നിട്ട ഭവനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദേവാലയങ്ങളാണ്. ‘അടച്ചിട്ട ഭവനങ്ങളില്‍ ദൈവം വസിക്കുന്നില്ല’ എന്ന ജിബ്രാന്‍റെ വരികള്‍ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.

ഇടവകപ്പള്ളി, കൊച്ചിയിലെ ചാത്യാത്ത് ഓര്‍മ്മയില്‍ വരുന്നു. ചെറുപ്രായത്തില്‍ അമ്മയോടൊപ്പമോ, അമ്മുമ്മയോടൊപ്പമോ... പള്ളിയിയില്‍ പോകുന്ന നല്ല ഓര്‍മ്മകള്‍. പള്ളയിലേയ്ക്കുള്ള പടവകള്‍ കയറിച്ചെല്ലുന്നതും, ചെന്നെത്തുന്നത് കരങ്ങള്‍ വിരിച്ചു നില്കുന്ന വലിയ ക്രിസ്തുവിന്‍റെ സന്നിധാനത്തിലാണ്. ഭൂഗോളത്തിന്‍റെ മുകളില്‍ ചവുട്ടി നില്ക്കുന്ന ബൃഹഗാത്രന്‍! താഴത്തെ ലിഖിതം .... “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കാം” (മത്തായി 11, 28). വിരിച്ച കരങ്ങള്‍പോലെ മനുഷ്യന്‍റെ തുറന്ന ഹൃദയകവാടങ്ങളിലേയ്ക്ക്, ജീവിതങ്ങളിലേയ്ക്ക് ദൈവം കടന്നുവരുന്നു!

 തച്ചനായിരുന്നതുകൊണ്ടാവണം ക്രിസ്തുവിന് വാതിലുകളോട് ഇത്രയും പ്രിയം. ഞാനാകുന്നു ആടുകളുടെ വാതില്‍... (യോഹ. 10, 7). എനിക്കായി സദാ തുറന്നിട്ട വാതില്‍ ക്രിസ്തുവാണ്. അങ്ങനെ മനുഷ്യന്‍റെ ആത്മീയതയിലേയ്ക്ക് ഇളംവെയിലും, ചെറുകാറ്റും, മഴയും, തമ്പികളും പറന്നുവന്നു. ഒന്നാം മണിക്കൂറില്‍ പ്രവേശിച്ചാലും പോക്കുവെയിലിന്‍റെ പൊന്നുവീണ പതിനൊന്നാം യാമത്തില്‍ വന്നാലും നമ്മെ ആന്തരിക പ്രഭയുടെ നറുപുഞ്ചിരിയുമായി സ്വീകരിക്കാന്‍ ക്രിസ്തു കാത്തിരിക്കുന്നു. ദൈവം കാത്തിരിക്കുന്നു, ദൈവം നമ്മെ സ്നേഹിക്കുന്നു!

എപ്പോഴും വാതില്‍ സ്ഥാപിക്കുന്നത് രണ്ട് ഇടങ്ങള്‍ക്ക് ഇടയിലാണല്ലോ. അമ്മവീട്ടില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തിയ കുഞ്ഞിനെപ്പോലെ ഭൂമിയുടെ പ്രിയപ്പെട്ട വിരുന്നുകാരനായി ക്രിസ്തു വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ പാര്‍ക്കുന്ന ലോകത്തിലും, ഇനി പാര്‍ക്കേണ്ട മറുലോകത്തിനുംമദ്ധ്യേ അവിടുന്നു വാതിലാകുന്നു. The door between our terestrial and celestial planes is Christ… ആകാശത്തുനിന്നു വീണ മന്നയല്ല, അവിടുന്ന്. ‘അനന്തതയില്‍ നിന്നെത്തിയ ജീവന്‍റെ അപ്പമാണ്’ അവിടുന്ന് (യോഹ. 6, 51). ‘അവിടുത്തെ ഭക്ഷിക്കുന്നവരൊക്കെ ജീവിക്കുമെന്നൊരു’ (യോഹ. 6, 58) വാഗ്ദാനമുണ്ട്. എവിടെയോ ആകാശവും ഭൂമിയും തമ്മില്‍ സന്ധിക്കുന്നുണ്ട്. പഴയ നിയമത്തില്‍, പുറപ്പാടില്‍ കുഞ്ഞാടിന്‍റെ രക്തമുദ്ര പേറുന്ന വാതില്‍പ്പടികള്‍ വിട്ടിട്ട് സംഹാരദൂതന്‍ കടന്നുപോയില്ലേ. അതുപോലെ നല്ലിടയനായ ക്രിസ്തുവിന്‍റെ വിരലടയാളം നെറ്റിയില്‍ പതിഞ്ഞിട്ടുള്ള ജീവിതങ്ങളെയും ഭവനങ്ങളെയും സ്പര്‍ശിക്കാന്‍ തിന്മയും മരണവും ഭയക്കുന്നുണ്ട്, ഭയപ്പെടുന്നുണ്ട്. അവ കടന്നു പോകുകതന്നെ ചെയ്യും....








All the contents on this site are copyrighted ©.