2015-04-22 19:22:00

യൂറോപ്യന്‍ യൂണിയന്‍ മൂല്യങ്ങളുടെ സമൂഹമാവണം


യൂറോപ്യന്‍ യൂണിയന്‍ മൂല്യങ്ങളുടെ സമൂഹമാകണമെന്ന്, കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റെയിനാര്‍ഡ് മാക്സ് പ്രസ്താവിച്ചു.

മെഡിറ്ററേനിയന്‍ കടലില്‍ നിരന്തരമായി സംഭവിക്കുന്ന കുടിയേറ്റക്കാരുടെ ബോട്ടപകടങ്ങളുടെയും വന്‍ ആളപായങ്ങളുടെയും വെളിച്ചത്തിലാണ് യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി ജര്‍മ്മനിയിലെ മൊനാക്കോ-ഫ്രെയ്സിങ്ങ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മാക്സ് ഏപ്രില്‍ 21-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പ്രതികരിച്ചത്.

മദ്ധ്യധരണി ആഴിയില്‍ അരങ്ങേറുന്ന കുടിയേറ്റക്കാരുടെ നിരന്തരമായ ബോട്ടപകടങ്ങള്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ ഭാഷയില്‍ ആഴിയെ ‘മഹാശ്മശാന’മാക്കി മാറ്റിയിട്ടുണ്ട്. അനധികൃതമായ കുടിയേറ്റ പ്രക്രിയയെയും അതുമായ ബന്ധപ്പെട്ട മനുഷ്യക്കുരുതിയെയും യൂറോപ്യന്‍ രാജ്യങ്ങള്‍ എപ്പോഴും അപലപിച്ചിട്ടുണ്ടെങ്കിലും, ഇതു തടയുവാനും നിയന്ത്രിക്കുവാനും രാജ്യങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ മാക്സ് പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ഏപ്രല്‍ 18-ാം തിയതി ശനിയാഴ്ച രാത്രി മദ്ധ്യധരണി ആഴിയില്‍ ഉണ്ടായ ബോട്ടപകടും വീണ്ടും 800-ല്‍ ഏറെ പേരുടെ ജീവതങ്ങളാണ് വിഴുങ്ങിയതെന്ന് കര്‍ദ്ദിനാള്‍ മാക്സ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടു കിടക്കുന്ന മദ്ധ്യധരണ ആഴിയുടെ അതിര്‍ത്തി സംരക്ഷിക്കുക, അതില്‍ മനുഷ്യക്കുരുതി നടക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് രാഷ്ട്രീയ പ്രശ്നമെന്നതിനെക്കാള്‍ മനുഷ്യക ആവശ്യമായി കണ്ടുകൊണ്ട് രാഷ്ട്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാള്‍ മാക്സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.  

ഏപ്രില്‍ 20-ാം തിയതി തിങ്കളാഴ്ചതന്നെ യൂറോപ്യന്‍ യൂണിയന്‍റെ വിദേശ കാര്യമന്ത്രാലയം മെഡിറ്ററേനിയന്‍ അഭയാര്‍ത്ഥി ദുരന്തത്തിന്‍റെ വെളിച്ചത്തില്‍ വിളിച്ചുകൂട്ടിയ അടിയന്തിര യോഗത്തെയും ചര്‍ച്ചകളെയും കര്‍ദ്ദിനാള്‍ മാക്സ് പ്രസ്താവനയില്‍ ശ്ലാഘിച്ചു.  








All the contents on this site are copyrighted ©.