2015-04-22 19:07:00

പാപ്പായുടെ ‘സ്കോളയ്ക്ക്’ യുണിസെഫ് അംഗീകാരം


വത്തിക്കാനും യൂണിസെഫും കൈകോര്‍ത്തു പ്രവര്‍ത്തിക്കും. നിര്‍ധനരായ യുവജനങ്ങളെ തുണയ്ക്കുന്ന മേഖലയില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിയിലാണ് പാപ്പാ ഫ്രാന്‍സിസിസും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമവിഭാഗം (United Nations International Children's Emergency Fund) യൂണിസെഫിന്‍റെ ഏക്സക്യൂട്ടീവ് ഡയറക്ടര്‍, ആന്‍റെണി ലെയ്ക്കും ചേര്‍ന്ന് ഏപ്രില്‍ 21-ാം ചൊവ്വാഴ്ച ഒപ്പുവച്ച കരാറിലൂടെ ആര്‍ജ്ജിച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്താവ വ്യക്തമാക്കി.

അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ച യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള scholas Occurantes എന്ന സംഘനയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ടും മാതൃകയാക്കിക്കൊണ്ടുമാണ് യൂണിസെഫ് വത്തിക്കാനുമായി യുവജനപ്രവര്‍ത്തനങ്ങളില്‍ സഖ്യംചേരുന്നതെന്ന് റോമില്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

കഴിവും പ്രാപ്തിയുമുള്ള യുവജനങ്ങള്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളില്‍നിന്നും മുന്നോട്ടുവന്ന് നിര്‍ധനരായ തങ്ങളുടെ സമപ്രായക്കാരെ തുണ്യ്ക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് തുടക്കംകുറിച്ച് scholas Occurantes പോലുള്ള പ്രസ്ഥാനങ്ങള്‍ ഇനിയും ലോകത്ത് ഉണ്ടകണമെന്ന് യുണിസെഫ് വക്താവ്, ആന്‍റെണി ലെയിക്ക് ആഗ്രഹം പ്രകടിപ്പിച്ചതായി പ്രസ്താവന ചൂണ്ടിക്കാട്ടി.

10-ഉം 19-ഉം വയസ്സിന് ഇടയിലുള്ള യുവജനങ്ങള്‍ ലോക ജനസംഖ്യയുടെ 20 ശതമാനമാണെന്നും, അവരില്‍ ബഹുഭൂരിപക്ഷവും വകസ്വരരാജ്യങ്ങളിലാണെന്നും ആന്‍റെണി ലയിക്ക് പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. യുവജനങ്ങള്‍ തങ്ങളുടെ സമപ്രായക്കാരെ തുണയ്ക്കുന്ന പ്രക്രിയയ്ക്ക് വലിയ മാനവിക മൂല്യമുണ്ടെന്നും, അങ്ങനെ അവര്‍ നന്മകളുടെ പ്രായോക്താക്കള്‍ ആകുക മാത്രമല്ല, സാമൂഹ്യപ്രതിസന്ധികളെ മറികടക്കാനുള്ള ഉത്തരവാദിത്വത്തില്‍ ചെറുപ്രായത്തിലെ പങ്കുചേര്‍ന്നുകൊണ്ട് നല്ല പൗരന്മാരായി തീരുന്നുവെന്നും ആന്‍റെണി ലെയിക്ക് വത്തിക്കാന്‍ റേഡിയോയുമായി പങ്കുവച്ചു.

പാപ്പാ ഫ്രാന്‍സിസ് തന്‍റെ ജന്മനാടായ അര്‍ജന്‍റീനായിലെ ദേശീയ ഫുഡ്ബോള്‍ താരങ്ങളെ എപ്രകാരം scholas Occurantes വഴി രാജ്യത്തെ പാവങ്ങളായ യുവജനങ്ങളുടെ സമുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാക്കിയെന്നതും ആന്‍റെണി ലെയിക്ക് മാതൃകയായി വത്തിക്കാന്‍ റേഡിയോയെ ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 21-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയില്‍ വച്ചാണ് യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള യുണിസെഫ്-വത്തിക്കാന്‍ കരാറിന് തുടക്കമായത്.  








All the contents on this site are copyrighted ©.