2015-04-20 16:05:00

മദ്ധ്യധരണിയാഴി വീണ്ടും ശ്മശാനമായി പാപ്പാ ദുഃഖം രേഖപ്പെടുത്തി


ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍നിന്നും ബോട്ടില്‍ പുറപ്പപ്പെട്ട 700-ഓളം അഭയാര്‍ത്ഥികളുടെ ദുരന്തമറിഞ്ഞ് പാപ്പാ ഫ്രാന്‍സീസി അതീവദുഃഖം രേഖപ്പെടുത്തി. ഏപ്രില്‍ 19-ാം തിയതി ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. ശനിയാഴ്ച രാത്രി മദ്ധ്യധരണി ആഴിയില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ചത്വരം തിങ്ങിനിന്ന വന്‍ ജനാവലിക്കൊപ്പം ഒരു മിനിറ്റോളം നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ച പാപ്പാ, തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥനയും ചൊല്ലി പരേതരു ആത്മാക്കള്‍ക്കായി കാഴ്ചവച്ചു.

മെച്ചപ്പ‍െട്ട ജീവിതം തേടിയും, ദാരിദ്ര്യത്തില്‍നിന്നും, അഭ്യാന്തര കലാപത്തില്‍നിന്നും, യുദ്ധത്തില്‍നിന്നും ഓടി രക്ഷപ്പെടുന്ന പ്രക്രിയയിലാണ് ഈ സഹോദരങ്ങള്‍ മരണഗര്‍ത്തത്തില്‍ പതിക്കുന്നതെന്ന് പാപ്പാ വേദനയോടെ പ്രസ്താവിച്ചു. നമ്മെപ്പോലുള്ള സ്ത്രീ പുരുഷന്മാരായ സഹോദരങ്ങളും കുഞ്ഞുങ്ങളുമാണ് ജീവിത പ്രയാണത്തില്‍ മരണക്കെണിയില്‍ പൊലിഞ്ഞുവീഴുന്നതെന്നും പാപ്പാ ദുഃഖാര്‍ത്ഥനായി വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സമ്മേളിച്ച ജനാവലിയെ അറിയിച്ചു

രണ്ടു നലകളുള്ള ബോട്ടില്‍ ഏപ്രില്‍ 18-ാം തിയതി  ശനിയാഴ്ചയാണ് ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍നിന്നും അഭയാര്‍ത്ഥികള്‍ യാത്ര പുറപ്പെട്ടതെന്ന് വാര്‍ത്താ ഏജെന്‍സികള്‍ സ്ഥിരീകരിച്ചു. ഏകദേശം 60 മൈല്‍ യാത്രയ്ക്കുശേഷമാണ് ബോട്ട് അപകടത്തില്‍ പെട്ടത്. അപകടസന്ദേശം ലഭിച്ച ഇറ്റാലിയന്‍ തീരസേന സംഭവസ്ഥലത്ത് എത്തിയെങ്കിലും രാത്രിയുടെ കൂരിരുട്ടിലും, പ്രതികൂല കാലാവസ്ഥയിലും 45-പേരെ മാത്രമാണ് രക്ഷിക്കാനായത്. അടുത്തെത്തിയ മറ്റു കപ്പലുകളും നടത്തിയ തിരച്ചിലില്‍ ജീവന്‍ രക്ഷിക്കാനായില്ല. അപകട കാരണങ്ങള്‍ പലതായി വ്യാഖ്യാനിക്കപ്പെടുമ്പോഴും അഫ്രിക്കന്‍ തീരങ്ങളില്‍നിന്നും പതിവായി ഇറ്റലിയും മാള്‍ട്ടയും ലക്ഷൃമാക്കിയുള്ള, അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷൃമാക്കിയുള്ള അനധികൃത മനുഷ്യക്കടത്താണ് ചെറുതും മെഡിറ്ററേനിയന്‍ കടലില്‍ നിരന്തരമായ കൂട്ടക്കുരുരിതിക്ക് കാരണമാകുന്നതെന്ന് ലോക രാഷ്ട്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന്, വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.