2015-04-15 19:15:00

തുര്‍ക്കിയുടെ പ്രതികരണം ക്രിയാത്മകമാകുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍


അര്‍മേനിയന്‍ വംശീയഹത്യയെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പരാമര്‍ശത്തോട് തുര്‍ക്കിയുടെ പ്രസിഡന്‍റ്, ഏര്‍ദോഗാന്‍റെ പ്രതികരണം ക്രിയാത്മകമായ ഫലംനല്കുമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. തുര്‍ക്കിയുടെ ഓട്ടോമാന്‍ സാമ്രാജ്യകാലത്ത് 1915-ലാണ് അര്‍മേനിയന്‍ ക്രൈസ്തവരുടെ വംശീയഹത്യ നടന്നത്.

അര്‍മേനിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്‍റെ 100-ാം വാര്‍ഷകം ആഘോഷിച്ചുകൊണ്ടും, അവിടത്തെ പാത്രിയാര്‍ക്കല്‍ അപ്പസ്തോലിക സഭയുടെ ആത്മീയാചാര്യനായ നാരഗിലെ വിശുദ്ധ ഗ്രിഗരിയെ സഭാപണ്ഡിതരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടും ഏപ്രില്‍ 12-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ചടങ്ങിലെ പ്രഭാഷണത്തിലാണ് പാപ്പാ വംശീയഹത്യയെക്കുറിച്ച് തുറന്ന പ്രസ്താവന നടത്തിയത്.

20-ാം നൂറ്റാണ്ടിലെ പ്രഥമ ‘വംശീയ കൂട്ടക്കുരുതി’യെന്ന് ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അര്‍മേനിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഇരുരാഷ്ട്രങ്ങളും ചേര്‍ന്ന് ചരിത്രകാരന്മാരുടെ സംയുക്ത കമ്മിഷന്‍ നിയോഗിച്ച് പഠനംനടത്തണമെന്ന പ്രസിഡന്‍റ് ഏര്‍ദോഗാന്‍റെ നിര്‍ദ്ദേശം ക്രിയാത്മകമാണെന്ന്, ഏപ്രില്‍ 15-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു.

പാപ്പായുടെ വാക്കുകളോടുള്ള നിഷേധാത്മകമായ പ്രതികരണങ്ങള്‍ക്കുമപ്പുറം, തുര്‍ക്കി-അര്‍മേനിയ രാഷ്ട്രീയ നിലപാടില്‍ അനുരഞ്ജനത്തിന്‍റെ പാത തെളിയിക്കുവാന്‍ സാദ്ധ്യതയുള്ളതാണ് ഇരുരാഷ്ട്രങ്ങളും ചേര്‍ന്ന് പുരാരേഖകള്‍ പഠിച്ച് സത്യം മനസ്സിലാക്കുവാനുള്ള പ്രസിഡന്‍്, ഏര്‍ദേഗാന്‍റെ നിര്‍ദേശവും നീക്കവുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചു.  

തുര്‍ക്കിയുടെ പ്രതികരണം അനുരജ്ഞന പാത തുറക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. 








All the contents on this site are copyrighted ©.