2015-04-14 09:19:00

സ്നേഹമില്ലായ്മയുടെ ഗര്‍ത്തമാണ് ലോകത്തെ അതിക്രമങ്ങള്‍


ലോകത്ത് ഇന്നു കാണുന്ന അതിക്രമങ്ങള്‍ സ്നേഹമില്ലായ്മയുടെ ആഗാധഗര്‍ത്തമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഏപ്രില്‍ 12-ാം തിയതി ഞായാറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള സുവിശേഷ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

നന്മയില്ലാത്തതും ജീവനെ ഹനിക്കുന്നതുമായ അധാര്‍മ്മികതയുടെ സംസ്കൃതിക്ക് കാരണം, സ്നേഹമില്ലായ്മയാണെന്നും, അത് ലോകത്ത് തിന്മയുടെ അഗാധഗര്‍ത്തം സൃഷ്ടിക്കുന്നുണ്ടെന്നും പാപ്പാ സുവിശേഷത്തെ ആധാരമാക്കി വിവരിച്ചു.

 

ദൈവികകാരുണ്യത്താല്‍ മാനവികതയുടെ മുറിവുകള്‍ ഉണക്കുവാനും അവ സൗഖ്യപ്പെടുത്തുവാനുമാണ് ക്രിസ്തു വന്നത്.

 

ഉത്ഥിതനായ ക്രിസ്തു തന്‍റെ മുറുവുകള്‍ വെളിപ്പെടുത്തുകയും സാന്നിദ്ധ്യാവബോധം ശിഷ്യന്മാര്‍ക്കു നല്കുകയും ചെയ്തത് അവരുടെ അവിശ്വാസത്തിന്‍റെ മുറിവുണക്കുവാനായിരുന്നു. അവര്‍ക്ക് സമാധാനവും സമാശ്വാസവും പകരുന്ന ക്രിസ്തുസാന്നിദ്ധ്യം, ദൈവികകാരുണ്യത്തിന്‍റെ മൂര്‍ത്തരൂപമായിരുന്നെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

 

സമാധാനം ആശംസിച്ചുകൊണ്ടുള്ള ഉത്ഥിതന്‍റെ ആഗമനം വെറും ആത്മീയ ദര്‍ശനമായിരുന്നില്ല, മറിച്ച് സ്നേഹവും സാന്ത്വനവും പകരുന്ന യാഥാര്‍ത്ഥ്യമായിരുന്നെന്ന് ഉത്ഥനാനാന്തരമുള്ള ക്രിസ്തുവിന്‍റെ ദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 

ഉത്ഥാനശേഷം ക്രിസ്തു പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയ തന്‍റെ തിരുവിലാവും, ദിവ്യഹൃദയവും പിതാവില്‍നിന്നും അവിടുന്ന് ലോകത്തിനു ലഭ്യാമാക്കുന്ന ദൈവികകാരുണ്യത്തിന്‍റെ പ്രതീകങ്ങളാണെന്ന് സഭാപണ്ഡിതനായ വിശുദ്ധ ബര്‍ണാര്‍ഡിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ സമര്‍ത്ഥിച്ചു.

 

ഹൃദപരിവര്‍ത്തനത്തിലൂടെയും വ്യക്തികളുടെ മാനസാന്തരത്തിലൂടെയും മാത്രമേ ലോകത്ത് നന്മയും സമാധാനവും വളരുകയുള്ളൂവെന്നും വിശുദ്ധരുടെ ജീവിതങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ടെന്നും, അത് യാഥാര്‍ത്ഥ്യമാകുന്നത് ദൈവത്തിന്‍റെ കരുണകൊണ്ടാണെന്നും പാപ്പാ വിശദീകരിച്ചു.

 

ഉത്ഥിതനായ ക്രിസ്തുവിന്‍റെ മുറിപ്പാടുകളില്‍ ദൃഷ്ടിപതിച്ചുകൊണ്ട് ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ശാശ്വതമാണ്, (സങ്കീ.117, 2) എന്നു പ്രഘോഷിക്കുവാനും ആ സ്നേഹവും കാരുണ്യവും പങ്കുവച്ചു ജീവിക്കുവാനും സാധിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.