2015-04-14 09:39:00

നവവേദപാരംഗതന്‍ നാരഗിലെ വിശുദ്ധ ഗ്രിഗരി


നാരഗിലെ വിശുദ്ധ ഗ്രിഗരിയെ പാപ്പാ ഫ്രാന്‍സിസ് സഭാപണ്ഡിത പദവിയിലേയ്ക്ക് ഉയര്‍ത്തി. ഏപ്രില്‍ 12-ാം തിയതി ഈസ്റ്റര്‍ കഴിഞ്ഞുള്ള രണ്ടാം ഞായറാഴ്ച  ദൈവികകാരുണ്യത്തിന്‍റെ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ ആദ്യഭാഗത്താണ് അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ വൈദികനും, ആത്മീയാചാര്യനും, വിശ്വാസസംരക്ഷകനുമായ നാരഗിലെ വിശുദ്ധ ഗ്രിഗരിയെ (950-1005) പാപ്പാ ഫ്രാന്‍സിസ് സഭാ പണ്ഡിതാനായി ഉയര്‍ത്തിയ ഹ്രസ്വമായ കര്‍മ്മം നടന്നത്.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കന്‍ സംഘത്തിന്‍റെയും, സഭാദ്ധ്യക്ഷന്മാരുടെയും ലോകത്തുള്ള വിശ്വാസസമൂഹങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും വെളിച്ചത്തിലാണ് അപ്പസ്തോലിക അധികാരത്തില്‍ അര്‍മേനിയക്കാരനായ നാരഗിലെ വിശുദ്ധ ഗ്രിഗരിയെ സഭാ പണ്ഡിതായി ഉയര്‍ത്തുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചു.                                                                                                                             

പത്തുലക്ഷത്തിലേറെ അര്‍മേനിയന്‍ വിശ്വാസികളുടെ രക്തസാക്ഷിത്വത്തിന്‍റെ നൂറാം വാര്‍ഷികം അനുസ്മരിച്ച ചരിത്രഘട്ടത്തിലാണ് പാപ്പാ ഫ്രാന്‍സിസ് അര്‍മേനിയന്‍ സഭയുടെ ദൈവശാസ്ത്രപണ്ഡിതനും, കവിയും സാഹിത്യകാരനും, ക്രൈസ്തവ യോഗാത്മജീവിതത്തിന്‍റെ പ്രായോക്താവുമായ നാരഗിലെ വിശുദ്ധ ഗ്രിഗരിയെ സഭാപണ്ഡിതന്മാരുടെ ഗണത്തിലേയക്ക് ഉയര്‍ത്തിയത്. വിശുദ്ധന്‍റെ ഹ്രസ്വജീവചരിത്ര പാരായണത്തെ തുടര്‍ന്നാണ് പാപ്പാ പ്രഖ്യാപനം നടത്തിയത്.

ദിവ്യബലിയുടെ ആമുഖ ഭാഗത്തു നടന്ന ഉദ്യോഗിക പ്രഖ്യാപന കര്‍മ്മത്തെ തുര്‍ന്ന് വിശദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിങ്ങിനിന്ന വിശ്വാസികളുടെയും ആര്‍മേനിയന്‍ സഭാദ്ധ്യക്ഷന്മാരുടെയും കൂട്ടായ്മയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.

 








All the contents on this site are copyrighted ©.