2015-04-09 17:19:00

വിശ്വാസത്തിന്‍റെ കണ്ണുകളാല്‍ കാണേണ്ട കാലത്തിന്‍റെ അടയാളങ്ങള്‍


കാലത്തിന്‍റെ അടയാളങ്ങള്‍ വിശ്വാസത്തിന്‍റെ കണ്ണുകളാല്‍ കാണണമെന്ന് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദെ ആവിസ് പ്രസ്താവിച്ചു.

സന്ന്യസ്തരുടെ രൂപീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ റോമില്‍ ആരംഭിച്ചിരിക്കുന്ന ആഗോള സംഗമത്തില്‍ ഏപ്രില്‍ 8-ാം തിയതി ബുധനാഴ്ച അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ദെ ആവിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  വൈവിധ്യാമാര്‍ന്ന സാംസ്ക്കാരിക, സാമൂഹ്യ പശ്ചാത്തലത്തില്‍ വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്ന്യാസ സമൂഹങ്ങള്‍ അതാതു രാജ്യങ്ങളില്‍ കാലത്തിന്‍റെ കാലൊച്ചകേട്ടുകൊണ്ടും, ഒപ്പം ആഗോളസഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുമാണ് ക്രിയാത്മകമായി പ്രതികരിക്കേണ്ടതെന്ന് സന്ന്യസ്തരുടെ വന്‍സംഗമത്തോട് കര്‍ദ്ദിനാള്‍ ദെ ആവിസ് ആഹ്വാനംചെയ്തു.

കഴിഞ്ഞ കാലത്ത് ലഭിച്ചിട്ടുള്ള നിരവധിയായ നന്മകള്‍ക്ക് ആദ്യം നന്ദിയുള്ളവരായിരിക്കണമെന്നും, പിന്നെ സുവിശേഷത്തിന്‍റെ മൗലികമായ ആദര്‍ശങ്ങള്‍ അനുദിനജീവിതത്തില്‍ കാലികമായ പ്രാവര്‍ത്തികമാക്കിക്കൊണ്ടായിരിക്കണം സന്ന്യാസജീവിതങ്ങള്‍ ഇന്ന് പ്രസക്തമാക്കുവാനും, ഫലവത്താക്കുവാനും പരിശ്രമിക്കേണ്ടതാണെന്ന്, കര്‍ദ്ദിനാള്‍ ദെ ആവിസ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. .

സഭയുടെ ആനുകാലികമായ പ്രേഷിതനിയോഗങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടുവേണം സന്ന്യസസഭകള്‍ അവരുടെ രൂപീകരണ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍ കര്‍ദ്ദിനാള്‍  ദെ ആവിസ് തന്‍റെ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു.  കുറഞ്ഞുവരുന്ന ദൈവവിളികള്‍, പ്രായാധിക്യത്തിലെത്തിയവരുടെ ആധിക്യം, സാമ്പത്തിക പ്രതിസന്ധികള്‍, ആഗോളവത്ക്കരണത്തിന്‍റെ വെല്ലുവിളികള്‍,  വ്യക്തികളെ നിഗൂഢമായി സ്വാധീനിക്കുന്ന ആപേക്ഷികാവാദം, സന്ന്യാസത്തിന്‍റെ സാമൂഹിക മദിപ്പുകുറവ്, പാര്‍ശ്വവത്ക്കരിക്കപ്പെടല്‍ എന്നിവ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന വിപരീതാത്മകമായ കാലഘട്ടത്തില്‍ പ്രത്യാശയോടെ ക്രിസ്തുവിലേയ്ക്കും അവിടുത്തെ സുവിശേഷത്തിലേയ്ക്കും തിരിഞ്ഞു ജീവിക്കുവാന്‍ സാധിക്കുന്നതിന് മൗലികമായ രൂപീകരണവും ആത്മീയതയും ആവശ്യമാമെന്ന് കര്‍ദ്ദിനാള്‍ ദെ ആവിസ് സമ്മേളനത്തിന് താക്കീതു നല്കി.

ചൊവ്വാഴ്ച, ഏപ്രില്‍ 7-ന് നടന്ന ജാഗരപ്രാര്‍ത്ഥനയോടെ ആരംഭിച്ച സന്ന്യാസരൂപീകരണത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്നവരുടെ സമ്മേളനം ഏപ്രില്‍ 11-ാം തിയതി ശനിയാഴ്ചവരെ തുടരും. 








All the contents on this site are copyrighted ©.