2015-04-09 16:10:00

പുണ്യദിനങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കരുത്


ക്രൈസ്തവരുടെ പുണ്യദിനങ്ങള്‍ പ്രവൃത്തി ദിനങ്ങളാക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഇനിയും ആശങ്കാജനകമെന്ന്, ദേശീയമെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാദര്‍ ജോസഫ് ചിന്നായന്‍ പ്രസ്താവിച്ചു.

ഏപ്രില്‍ 3- മുതല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളിലെ മുഖ്യന്യായാധിപന്മാരെ മൂന്നു ദിവസത്തേയ്ക്ക് ഡല്‍ഹിയില്‍ സമ്മേളനത്തിനു വിളിച്ചത് ക്രൈസ്തവര്‍ക്ക് പൂജ്യമായ ദുഃഖവെള്ളി ഈസ്റ്റര്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു. ക്രൈസ്തവരായ ന്യായാധിപന്മാര്‍ എണ്ണത്തില്‍ കുറവാണെങ്കില്‍പ്പോലും, ന്യൂനപക്ഷമായ ക്രൈസ്തവരോടുള്ള അവജ്ഞയാണ് രാജ്യത്തിന്‍റെ ന്യായപീഠത്തിലെ ഉന്നതാധികാരികള്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കിയതെന്ന്, ദേശീ മെത്രാന്‍ സമിതിക്കുവേണ്ടി, ഫാദര്‍ ജോസഫ് ചിന്നായന്‍ ഏപ്രില്‍ 7-ാം തിയതി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയില്‍ വിയോജിപ്പു പ്രകടമാക്കി.

ലോകത്തെവിടെയും മാനിക്കുന്നതാണ് ക്രിസ്തുവിന്‍റെ ജനനവും, മരണവും ഉത്ഥാനവുമെന്നും, അത് ഭാരതസര്‍ക്കാര്‍ ഇക്കാലമൊക്കയും മാന്യമായി ആദരിക്കുകയും ന്യൂനപക്ഷമായ ക്രൈസ്തവരോട് പരിഗണന കാണിക്കുകയും ചെയ്തിരുന്നതാണ്. ക്രിസ്തുമസ് ദിനം സല്‍ഭരണത്തിന്‍റെ പ്രവൃത്തി ദിനമാക്കി പ്രഖ്യാപിച്ച മോഡി സര്‍ക്കാര്‍ ഭാരതത്തിലെ ന്യൂനപക്ഷമായ ക്രൈസ്തവരോടു കാണിക്കുന്ന വിവേചനപരമായ അവഗണനയുടെ അടയാളമാണ് ഈ പുതിയ പ്രവൃത്തി ദിനങ്ങളെന്ന് ഫാദര്‍ ചിന്നായന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.