2015-04-09 16:24:00

പീഡനങ്ങള്‍ക്കു പിന്നില്‍ നാമ്പെടുക്കുന്ന ഉത്ഥാനസന്തോഷം


പീഡനങ്ങള്‍ക്കു പിന്നില്‍ ഉത്ഥാനത്തിന്‍റെ സന്തോഷം നാമ്പെടുക്കുമെന്ന്  പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ റോമില്‍ സമ്മേളിച്ചിരിക്കുന്ന പേട്രിയാര്‍ക്കല്‍ സിനഡു സമ്മേളനത്തെ ഏപ്രില്‍ 9-ാം തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അര്‍മേനിയന്‍ ക്രൈസ്തവ കൂട്ടക്കുരുതിയുടെ ശതാബ്ദി അനുസ്മരണവുമായിട്ടാണ് സഭയുടെ പേട്രിയാര്‍ക്കല്‍ സിനഡും, ആഗോളതലത്തിലുള്ള പ്രതിനിധികളും വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്നത്.  

ലോകചരിത്രത്തില്‍ത്തന്നെ നിരീക്ഷിച്ചിട്ടുള്ള അസമത്വത്തിന്‍റെയും പീഡനങ്ങളുടെയും നിഗൂഢതയില്‍നിന്നുമാണ് (mysterium iniquitatis)  വിശ്വാസികളുടെ സ്വതന്ത്രമായ പീഡനങ്ങളിലുള്ള പങ്കാളിത്തം (the mystery of participation in the redemptive passion) വളര്‍ന്നിട്ടുള്ളതെന്ന അര്‍മേനിയന്‍ ദേശീയ സഭാ ചരിത്രത്തിലേയ്ക്ക്  പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ വിരല്‍ചൂണ്ടി.  ക്രിസ്താബ്ദം 3-ാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയയില്‍ പിറവിയെടുത്ത അപ്പസ്തിലക സഭ, ലോകത്തെ പ്രഥമ സംഘടിത സഭയും, അ‍ര്‍മേനിയ പ്രഥമ കത്തോലിക്കാ രാഷ്ട്രവുമാണെന്ന് പ്രഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു.

1915-ല്‍ ഓട്ടോമാന്‍ ശക്തികളുടെയും പിന്നീഡ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് മേല്‍ക്കോയ്മയുടെയും പീഡനത്തിന്‍റെ നുകം പേറിയ അപ്പസ്തോലിക സഭ വിപ്രവാസത്തിന്‍റെ കനത്ത വേദനയിലൂടെയും പതറാതെ വിശ്വാസം ജീവിച്ചതിന്‍റെ നാമ്പെടുക്കലാണ് ആധുനികയുഗത്തില്‍ അനുഭവവേദ്യമാകുന്നതെന്ന് പാപ്പാ പ്രഭാഷണത്തില്‍ നിരീക്ഷിച്ചു.

ഏപ്രില്‍ 12-ാം തിയതി പെസഹാകാലത്തെ രണ്ടാം ഞായറാഴ്ച, ദൈവികകാരുണ്യത്തിന്‍റെ ദിനത്തില്‍ അര്‍മേനിയന്‍ സഭയിലെ വിശുദ്ധിയുടെയും ദൈവിക വിജ്ഞാനത്തിന്‍റെയും ആത്മീയാചാര്യന്‍ നാരഗിലെ വിശുദ്ധ ഗ്രിഗരിയെ താന്‍ വേദപാരംഗതനായി പ്രഖ്യാപിക്കുന്നതും പീഡിതസഭയുടെ നവോത്ഥാനത്തിന്‍റെ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നും പാപ്പാ പ്രഭാഷണമദ്ധ്യേ പരാമര്‍ശിച്ചു.

ഇന്നും ലോകത്ത് ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനത്തിന്‍റെ നുകം അഴിയുവാനും, സത്യവും നീതിയും വളര്‍ന്ന് അനുരഞ്ജനത്തിലൂടെ ലോകത്ത് സമാധാനം സംസ്ഥാപിതമാകുവാനും ദൈവികകാരുണ്യത്തിനായി പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാം, എന്ന ആഹ്വാനത്തോടെയാണ് പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.