2015-04-02 17:26:00

അജപാലന ജീവിതത്തിലെ മടുപ്പ് മറികടക്കാന്‍ പാപ്പാ നല്കുന്ന സൂക്തങ്ങള്‍


അജപാലജന ജീവിതത്തിലുണ്ടാകുന്ന മടുപ്പും ക്ഷീണവും മറികടക്കേണ്ടത് ലൗകികതയാലല്ല, ആത്മീയതയാലാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധപ്പിച്ചു. ഏപ്രില്‍ 2-ാം തിയതി പെസഹാവ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പൗരോഹിത്യ കൂട്ടായ്മയുടെ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് വൈദികര്‍ക്കു നല്കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

                    ക്രിസ്തു ശിഷ്യന്മാരോടൊത്തു നടത്തിയ അന്ത്യത്താഴവിരുന്നില്‍ പൗരോഹിത്യം സ്ഥാപിച്ചതിന്‍റെ അനുസ്മരണം കൂടിയാണ് പെസഹാവ്യാഴാഴ്ച ലോകമെമ്പാടും വൈദികര്‍ അവരുടെ മെത്രാന്മാര്‍ക്കൊപ്പം അര്‍പ്പിക്കുന്ന പൗരോഹിത്യ കൂട്ടായ്മയുടെ ബലിയര്‍പ്പണം.

‘എളയവരോട് സുവിശേഷം അറിയിക്കാന്‍ നിങ്ങളെ അയച്ചിരിക്കുന്നു,’ എന്ന ഏശയായുടെയും വിശുദ്ധ ലൂക്കായുടെയും വചനഭാഗങ്ങളെ അധികരിച്ചാണ് പാപ്പാ പതിവിലും നീണ്ടൊരു പ്രഭാഷണം വൈദികര്‍ക്കായി നല്കിയത്. വൈദികരുടെ ശുശ്രൂഷാ ജീവിതത്തില്‍ മൂന്നു വിധത്തില്‍ ആയാസം, ക്ഷീണം അല്ലെങ്കില്‍ മടുപ്പ് ഉണ്ടാകാമെന്നും, അതെങ്ങിനെ നേരിടണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

എളിയവരോടു സുവിശേഷം അറിയിക്കുക, ബന്ധിതരെ മോചിപ്പിക്കുക – എന്നുള്ള മൗലികമായ സുവിശേഷ പ്രഘോഷണ ദൗത്യം സാങ്കേതികമോ കായികമോ ആയ അദ്ധ്വാനമല്ല. അത് എളുപ്പവുമല്ല. അതില്‍ ഉണ്ടാകുന്ന ആയാസം അല്ലെങ്കില്‍ മടുപ്പ് മറികടക്കാന്‍ ലൗകികമായ ഉപാധികളോ ഉപഭോഗപരമായ സുഖസൗകര്യങ്ങളോ അല്ല വൈദികര്‍ തേടേണ്ടത്. മറിച്ച്, അജപാലന മേഖലയില്‍ ജനങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട് ശുശ്രൂഷാ ജീവിതത്തിലുണ്ടാകുന്ന വ്യഥകളോ തളര്‍ച്ചയോ മടുപ്പോ ദൈവത്തിനു സമര്‍പ്പിക്കുകയാണു ചെയ്യേണ്ടത്. ‘പരിമളധൂപംപോലെ അവ ദൈവസന്നിധിയിലേയ്ക്ക് ഉയരട്ടെയെന്ന്,’ സങ്കീര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വൈദികരെ ഉദ്ബോധിപ്പിച്ചു.

ജനങ്ങളോടുകൂടെയായിരിക്കുന്ന ക്രിസ്തുവിന്‍റെ അജപാലന അനുകമ്പയാണ് വൈദികര്‍ മാതൃകയാക്കേണ്ടത്. ജനങ്ങളോട് ഒപ്പം ആയിരിക്കുന്നതും, അവരോടൊത്തു സഹിക്കുന്നതുമാണ് യഥാര്‍ത്ഥമായ അനുകമ്പയും, അജപാലന സ്നേഹവുമെന്ന് compassion, cum-patire,  to suffer with എന്ന് വാക്കിന്‍റെ മൂലാര്‍ത്ഥം വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.  ജനങ്ങളുടെ നന്ദിയും സ്നേഹവും സ്വീകരിച്ചാണ് വൈദികന്‍  വിശ്രമിക്കേണ്ടതെന്നും വൈദിക കൂട്ടായ്മയെ പാപ്പാ ഉദ്ബോധിപ്പിച്ചു.

വൈദികനുണ്ടാകുന്ന മടുപ്പ് ചിലപ്പോള്‍ ശത്രുക്കളില്‍നിന്നോ, ശത്രുതയില്‍നിന്നോ ആകാം. ദൈവവചനത്തിനും ദൈവരാജ്യത്തിനുമെതിരെ ശത്രുതയും ശത്രുക്കളും ധാരാളമായി ഇന്നും ഉയരുന്നുണ്ട്. തിന്മയെ നന്മകൊണ്ടാണ് നേരിടേണ്ടത്. ചുറ്റും ഉയരുന്ന തിന്മയുടെ ശത്രുതയില്‍നിന്നും അജഗണങ്ങളെ സംരക്ഷിക്കുക ക്ലേശകരമാണ്. അത് വിളയും കളയും പേലെയാണ്. എന്നാല്‍ നന്മയെ നശിപ്പിക്കാതെ, വിള നശിപ്പിക്കാതെ കള പിഴുതെറിയുന്നതുപോലെ, തിന്മയെ നേരിടണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അജപാലനമേഖലയില്‍ വൈദികന്‍റെ ഹൃദയത്തില്‍ ഉയരുന്ന മടുപ്പ് ദൈവത്തിനു സമര്‍പ്പിക്കുന്നതുപോലെ തന്നെ, ദൈവം തരുന്ന വിശ്രമം പ്രലോഭനങ്ങളില്‍ വീഴാത്തവിധം വിവേകപൂര്‍വ്വം കൈകാര്യംചെയ്യാന്‍ സാധിക്കണമെന്ന് വൈദികരോട് പാപ്പാ ആഹ്വാനംചെയ്തു. ശുശ്രൂഷാ ജീവിതത്തിലെ ക്ഷീണം ദൈവത്തിന്‍റെ മുന്‍പില്‍ ശ്രേഷ്ഠമാണ്. ദൈവം അത് അറിയുന്നു. അതിനാല്‍ അത് പിന്‍തുണയ്ക്കപ്പെടുമെന്നും, നീതീകരിക്കപ്പെടുമെന്നും പ്രസ്താവിച്ച പാപ്പാ, ‘അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാ’മെന്ന ക്രിസ്തുവചനം വൈദികരെ അനുസ്മരിപ്പിച്ചു.

സ്നേഹമാണ് യഥാര്‍ത്ഥ വിശ്രമം. സ്നേഹമില്ലെങ്കില്‍ എല്ലാം ഭാരപ്പെടും, അസ്വസ്ഥമാകും. സ്നേഹമില്ലാത്തവര്‍ക്ക് കാലംതന്നെ ദോഷകരമരായ വ്യഥയും വേദനയുമായി മാറുകയും ജീവിതത്തെ പരിക്ഷീണമാക്കുകയും വലിച്ചിഴക്കുകയും ചെയ്യുമെന്ന് പാപ്പാ വൈദികരെ ഉദ്ബോധിപ്പിച്ചു.

അവസാനംവരെ തന്‍റെ അജഗണത്തെയും ശിഷ്യന്മാരെയും സ്നേഹിക്കുകയും, മരണത്തിനു തൊട്ടുമുന്‍പ് ക്രിസ്തു അവരുടെ കാലുകള്‍ കഴുകിക്കൊണ്ട് തന്‍റെ സ്നേഹപാരമ്യം പ്രകടമാക്കി. അവസാന വിനാഴികയുടെ വ്യഥയിലും പ്രിയശിഷ്യരോടൊത്തു അവിടുന്നു വസിക്കുകയും ചെയ്തു. നിത്യപുരോഹിതനും ദിവ്യഗുരുവുമായ ക്രിസ്തുവിന‍്റെ മാതൃക ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാപ്പാ വൈദികര്‍ക്കുള്ള പ്രഭാഷണം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.