2015-04-01 16:48:00

പേപ്പല്‍ ബൂളയിലൂടെ വിശുദ്ധവത്സരം രേഖീകരിക്കപ്പെടും


മാര്‍ച്ച് 13-ാം തിയതി പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ അനുതാപ ശുശ്രൂഷയ്ക്കിടെ പ്രഖ്യാപിച്ച ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരം, അല്ലെങ്കില്‍ ജൂബിലിവര്‍ഷം ഏപ്രില്‍ 11-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങിലെ പരമ്പരാഗതമായ ‘പേപ്പല്‍ ബൂള വിളംബര’ത്തോടെ രേഖീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുമെന്ന് ഏപ്രില്‍ 1-ാം തിയതി ബുധനാഴ്ച പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവ വെളിപ്പെടുത്തി.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വടക്കെ അറ്റത്തുള്ള അലംകൃത ‘ജൂബിലി കവാട’ത്തില്‍ നടത്തപ്പെടുന്ന ബൂളയുടെ വിളംബരത്തില്‍ ജൂബിലി വര്‍ഷത്തിന്‍റെ സമയപരിധി, നിയോഗം, ഉദ്ദേശിക്കുന്ന ഫലപ്രാപ്തി, നടത്തിപ്പുരീതി എന്നിവ പാപ്പാ ലോകത്തെ അറിയിക്കുന്നതെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഈസ്റ്റര്‍ കഴിഞ്ഞുള്ള രണ്ടാംവാരത്തില്‍ ആഗോളസഭ ആചരിക്കുന്ന ‘ദൈവിക കാരുണ്യത്തിന്‍റെ ഞായറാഴ്ച’ത്തെ സായാഹ്നപ്രാര്‍ത്ഥനാ ശുശ്രൂഷയിലായിരിക്കും (ശനിയാഴ്ച വൈകുന്നേരമായിരിക്കും) വിശുദ്ധവത്സരത്തിന്‍റെ ‘ബൂള വിളംബരം’ പാപ്പാ ഫ്രാന്‍സിസ് നടത്തുന്നത്.

ഏപ്രില്‍ 11-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന സായാഹ്നപ്രാര്‍ത്ഥനയുടെ മദ്ധ്യേയായിരിക്കും ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സര പ്രഖ്യാപനം നടത്തപ്പെടുന്നതെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയുടെ പ്രസ്താവന സ്ഥിരീകരിച്ചു. 

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യപിച്ച ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരം (The Holy Year of the Mercy of God) 2015 ഡിസംബര്‍ 8-ാം തിയതി അമലോത്ഭവനാഥയുടെ തിരുനാളില്‍ ആരംഭിച്ച് 2016 നവംബര്‍ 20-ാം തിയതി ദൈവികകാരുണ്യത്തിന്‍റെ ദൃശ്യരൂപമായ ക്രിസ്തുരാജന്‍റെ തിരുനാളിലാണ് സമാപിക്കുന്നത്.

സഭയുടെ റോമിലെ മറ്റു മൂന്നു പ്രധാന ബസിലക്കളായ – സെന്‍റ് പോള്‍സ്, ലാറ്റര്‍, മേരി മേജര്‍ എന്നിവിടങ്ങളിലും ജൂബിലി പ്രഖ്യാപനം നടത്തപ്പെടും. ഏപ്രില്‍ 12-ാം തിയതി ദൈവിക കാരുണ്യത്തിന്‍റെ ഞായറാഴ്ച ദിവ്യബലിയുടെ അന്ത്യത്തില്‍ മേല്പറഞ്ഞ ബസിലിക്കകളുടെ ജൂബിലികവാടത്തില്‍ നടത്തപ്പെടുന്ന ഹ്രസ്വമായ ചടങ്ങിലായിരിക്കും പേപ്പല്‍ ബൂള വിളംബരംചെയ്യപ്പെടുന്നത്. ലാറ്ററന്‍ ബസിലിക്കയില്‍ റോമാ രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനിയും, പൗലോസ്ലീഹായുടെ ബസിലിക്കയില്‍ അതിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ ജെയിംസ് മൈക്കിള്‍ ഹാര്‍വി, മേരി മെയ്ജര്‍ ബസിലിക്കയില്‍ അതിന്‍റെ മുഖ്യപുരോഹിതനായ മോണ്‍സീഞ്ഞോര്‍ എബ്രീലി യെ കാസ്തേലോ എന്നിവര്‍ ദിവ്യബലിമദ്ധ്യേ ബൂളയുടെ വിളംമ്പരം പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ നിര്‍വ്വഹിക്കുമെന്നും മോണ്‍സീഞ്ഞോര്‍ മരീനിയുടെ പ്രസ്താവന വ്യക്തമാക്കി. 

Bulla (L) എന്ന ലത്തീന്‍ വാക്കിന് സീല്‍ എന്നാണ് അര്‍ത്ഥം.  പാപ്പായുടെ പ്രഖ്യാപനത്തിന്‍റെ ആധികാരികത തെളിയിക്കുവാന്‍ അതില്‍ മുദ്രണംചെയ്യുന്ന സീലിനെയാണ് ബൂള, പേപ്പല്‍ ബൂള എന്നു വിളിക്കുന്നത്. പാപ്പായുടെ കൈപ്പടയിലുള്ള ലിഖിതത്തിന്‍റെ അന്ത്യത്തില്‍ ചേര്‍ക്കുന്ന ലോഹത്തിന്‍റെ ആധികാരിക സ്വഭാവമുള്ള മുദ്രയാണ് papal bull അല്ലെങ്കില്‍ പേപ്പല്‍ ബൂള. പാപ്പായുടെ സ്ഥാനിക മുദ്ര പതിപ്പിച്ച സ്വാധികാര പ്രബോധനം (motu proprio) സാധാരണ ഗതിയില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളുടെ വിളംമ്പരങ്ങളാണ്. ജോണ്‍ 23-ാമന്‍ പാപ്പായുടെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വിളിച്ചുകൂട്ടല്‍, പോള്‍ ആറാമന്‍ പാപ്പായുടെ കൗണ്‍സിലിന്‍റെ പുനരാരംഭം, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മഹാജൂബിലി പ്രഖ്യാപനം എന്നിവ ചരിത്രപ്രാധാന്യമുള്ള ‘പേപ്പല്‍ ബൂള’കളാണ്. 2000-ാമാണ്ട് ക്രിസ്തുജയന്തി മഹാജൂബിലിക്ക് ശേഷമുള്ള വിശുദ്ധ വത്സരമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ ജുബിലിവര്‍ഷം.

സഭയുടെ ഔദ്യോഗിക ഭാഷയായ ക്ലാസിക്കല്‍ ലത്തീനില്‍ എഴുതപ്പെടുന്ന പേപ്പല്‍ ബൂളകളുടെ താഴെ മുദ്രണിത്തിനു മുകളിലായി പാപ്പായുടെ പേരിനെ വിശേഷിപ്പിക്കുന്നത് episcopus, Servus servorum Dei, അതായത് ദൈവത്തിന്‍റെ ശുശ്രൂഷകരുടെ ശുശൂഷകനായ സഭാസേവകന്‍ അല്ലെങ്കില്‍ മെത്രാന്‍ എന്നാണ്. 








All the contents on this site are copyrighted ©.