2015-03-29 14:19:00

വിനയത്തിലൂടെ വിശുദ്ധവാരത്തിന്‍റെ ഫലപ്രാപ്തി നേടാമെന്ന് പാപ്പാ


വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മാര്‍ച്ച് 29-ാം തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ഹോസാനാ ആഘോഷങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വസന്തം വിരഞ്ഞ തെളിമാനവും നല്ല കാലാവസ്തയുമായിരുന്നു റോമില്‍.

വിശുദ്ധ പത്രോസിന്‍റെ ചത്വരം ജനാവലിയാല്‍ തിങ്ങി നിറഞ്ഞിരുന്നു. റോമാ രൂപത യുവജനദിനം ആഘോഷിക്കുന്ന ദിവസംകൂടിയായിരുന്നതിനാല്‍, യുവജനങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. ഹോസാന പ്രദക്ഷിണത്തോടെയാണ് മഹോത്സവത്തിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. സുവിശേഷങ്ങള്‍ വിവരിക്കുന്ന ക്രിസ്തുവിന്‍റെ സാഘോഷമായ ജരൂസലേം പ്രവേശനം അനുസ്മരിപ്പിക്കുമാറ് ഒലിവുചില്ലകളും കുരുത്തോലകളും കൈയിലേന്തി ആയിരങ്ങള്‍ ഭക്തിനിര്‍ഭരമായി പ്രദക്ഷിണമായി നീങ്ങി. ഹോസാനാഗീതികള്‍ ആലപിച്ചുകൊണ്ട് അവര്‍ പാപ്പാ ഫ്രാന്‍സിസിനെ അനുഗമിച്ച് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്ത് സംവിധാനംചെയ്തിരുന്ന താല്ക്കാലിക ബലിവേദിയില്‍ എത്തിച്ചേര്‍ന്നു. പാപ്പാ ഫാന്‍സിസും, പിന്നെ സഹകാര്‍മ്മികരായിരുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും അണിഞ്ഞ ചുവന്ന പൂജാവസ്ത്രങ്ങള്‍ ക്രിസ്തുവിന്‍റെ ആത്മീയ രാജത്വം പ്രഘോഷിച്ചു.

ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒലിവുശിഖരങ്ങളും കുരുത്തോലകളും പാപ്പാ ആദ്യം ആശീര്‍വ്വദിച്ചു. തുടര്‍ന്ന് വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നും ക്രിസ്തുവിന്‍റെ ജരൂസലേം പ്രവേശനത്തിന്‍റെ  ഹ്രസ്വഭാഗം വായിച്ചു. പിന്നെ ദിവ്യബലിയായിരുന്നു. വചന പാരായണത്തില്‍ ഇന്ന് ശ്രദ്ധേയമായത് വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷത്തിലെ പീഡാനുഭവ വായനയായിരുന്നു.

പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു: 

ഹോസാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വലിയ ഉത്സവപ്രതീതി ഉണ്ടെങ്കിലും അതില്‍ അന്തര്‍ലീനമായിരിക്കുന്നത് ക്രിസ്തുവിന്‍റെ വിനീതഭാവമാണ്. അവിടുന്ന് തന്നെത്തന്നെ വിനീതനാക്കി എന്നാണ് വിശുദ്ധ മാര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് (മാര്‍ക്ക് 2, 8). എന്നാല്‍ വിനീതനായ ക്രിസ്തുവിനെയോ ദൈവത്തെയോ അന്നത്തെയും ഇന്നത്തെയും തലമുറയ്ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ക്രിസ്തു ജീവിതത്തില്‍ പ്രകടമാക്കിയ ലാളിത്യം ചിലപ്പോള്‍ നമ്മെ അലോസരപ്പെടുത്തുകയോ, അമ്പരപ്പിക്കുകയോ അല്ലെങ്കില്‍ ആശ്ചര്യപ്പെടുത്തുകയോ ചെയ്യാം. എന്നാല്‍ ക്രിസ്തുവിന്‍റെ ഈ വിനീതഭാവവും എളിമയുമാണ് ക്രൈസ്തവന്‍ ഉള്‍ക്കൊള്ളേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതും. 

            ദൈവത്തിന്‍റെ അടിസ്ഥാനസ്വഭാവമാണ് വിനയം. തന്‍റെ ജനത്തോടുകൂടെ ആയിരിക്കുവാനും അവരോടൊത്തു ചരിക്കുവാനും അവിടുന്ന് താഴ്മയില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു. പുറപ്പാടു ഗ്രന്ഥം ദൈവത്തിന്‍റെ പച്ചയായ മാനുഷികതയും വിനയവും വെളിപ്പെടുത്തുന്നു. അടിമത്വത്തില്‍നിന്നും താന്‍ വിമോചിപ്പിച്ച ജനതയാണ് അവിടുത്തേയ്ക്കും മോശയ്ക്കും എതിരായി നിരന്തരമായി പിറുപിറുത്തത്. അവിശ്വസ്തരോടുകൂടെ നടക്കുവാന്‍ തന്നെയാണ് ദൈവം വിനീതനായതെന്ന് പുറപ്പാടു സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അവസാനം അവരെ അവിടുന്ന് സ്വാതന്ത്ര്യത്തിന്‍റെ ‘തേനും പാലും ഒഴുകുന്ന നാട്ടില്‍’ എത്തിക്കുന്നു.

           വലിയ ആഴ്ചയിലൂടെ നാം ഉത്ഥാനമഹോത്സവത്തില്‍ എത്തിച്ചേരുമ്പോഴേയ്ക്കും, ക്രിസ്തുവിന്‍റെ താഴ്മയുടെ അയനമാണ് നാം പിഞ്ചെല്ലേണ്ടത്. എളിമയിലൂടെ മാത്രമേ നാം പ്രവേശിക്കുന്ന  പീഡാസഹന വാരത്തെ ഫലപ്രദമാക്കുവാനും നമ്മെത്തന്നെ വിശുദ്ധീകരിക്കുവാനും, സാധിക്കുകയുള്ളൂ.         

ക്രിസ്തുവിനെ കെണിയില്‍ പെടുത്തുവാനുള്ള ജനപ്രാമാണികളുടെ തന്ത്രങ്ങളോട് നമുക്ക് വെറുപ്പു തോന്നാം. മുപ്പതു വെള്ളിക്കാശിന് ഗുരുവിനെ ഒറ്റുകൊടുത്ത പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ യൂദാസിനെയും കൂട്ടത്തില്‍ കാണാം. മറ്റു ശിഷ്യന്മാരാലും പരിത്യക്തനായി, ബന്ധിയാക്കപ്പെട്ട്, കുറ്റവാളിയെപ്പോലെ യഹൂദ ന്യായാസനത്തിന്‍റെ മുന്നിലേയ്ക്ക് വലിച്ചിഴക്കപ്പെട്ട്, മരണത്തിനു വിധിക്കപ്പെട്ട്, അതിക്രമങ്ങളും അപമാനങ്ങളും ഏല്ക്കേണ്ടിവന്ന ക്രിസ്തുവിനെ ഈ വിശുദ്ധവാരത്തില്‍ നമുക്കു കാണാം. ‘പാറ’യെന്നു വിശേഷിപ്പിക്കപ്പെട്ട പത്രാസ് മൂന്നു തവണ ഗുരുവിനെ തള്ളിപ്പറയുന്നതും കൂട്ടത്തില്‍ സംഭവിക്കുന്ന വിശുദ്ധവാരത്തിലെ മറ്റൊരു അനുഭവമാണ്.

ജനപ്രമാണികളുടെ കുതന്ത്രങ്ങള്‍ക്കു വഴങ്ങി, ക്രിസ്തുവിന് എതിരായി നില്ക്കുന്ന ജനക്കൂട്ടമാണ് ചുറ്റുംകാണുന്നത്. കുറ്റവാളിയായ ബറാബാസിനെ മോചിപ്പിക്കണമെന്നും, ക്രിസ്തുവിനെ ക്രൂശിക്കണമെന്നും അവര്‍ ആക്രോശിച്ചു. പടയാളികളാല്‍ അവിടുന്ന് പീഡിപ്പിക്കപ്പെട്ടു. അവിടുത്തെ ശിരസ്സില്‍ അവര്‍ മുള്‍ക്കിരീടം ധരിപ്പിച്ചു. എന്നിട്ട് ചുവപ്പു മേലങ്കിയും അണിയിച്ചു. പിന്നെ ഇതാ, ‘രാജവ്,’ ‘ദൈവപുത്രന്‍’ എന്ന് അട്ടഹസിച്ച് അവര്‍ അവിടുത്തെ അപമാനിച്ചു.

ദൈവം നമുക്കായി തുറന്ന വിനയത്തിന്‍റെ മാര്‍ഗ്ഗം ഇതാണ്. ക്രിസ്തുവിന്‍റെവഴിയും ഇതാണ്. അങ്ങനെ സ്വയം താഴ്ത്താതെ വിനീതഭാവം അണിയുക സാദ്ധ്യമല്ലെന്നും അവിടുന്നു നമ്മെ പഠിപ്പിക്കുന്നു. അവിടുന്ന് അടിയമയുടെ രൂപമണിഞ്ഞുവെന്ന് പൗലോസ് അപ്പസ്തോലന്‍ പ്രസ്താവിച്ചിരിക്കുന്നു. അവസാനം ക്രിസ്തുവിന്‍റെ ജീവിതത്തെ ആധാരമാക്കി നമുക്കും പറയാം - വിനയമാണ് സേവനം. സ്വയം ഇല്ലാതായി, ശൂന്യവത്ക്കരിക്കപ്പെട്ടുകൊണട് ജീവിതത്തില്‍ ദൈവത്തിന് ഇടംനല്കുന്നതാണ് യഥാര്‍ത്ഥ വിനയവും, സത്യമായ സേവനവും (ഫില. 2,7). ഇതാണ് ഉദാത്തമായ വിനീതഭാവം.   

ക്രിസ്തുവിന് വിരുദ്ധമായ ലൗകായത്വത്തിന്‍റെ മറുപാതയുമുണ്ട്. അഹങ്കാരവും, നേട്ടവും, മിഥ്യാബോധവുമാണ് അത് പ്രബോധിപ്പിക്കുന്നത്. മരൂഭൂമിയില്‍ നാല്പതുനാള്‍ ക്രിസ്തു ഉപവസിച്ചപ്പോള്‍ ക്രിസ്തുവിന്‍റെ സാത്താന്‍ ഈ പാത കാട്ടിയാണ് അവിടുത്തെ പ്രലോഭിപ്പിച്ചത്. എന്നാല്‍ അവിടുന്ന് എല്ലാം പരിത്യജിച്ചു. പ്രലോഭനങ്ങളെ മറികടന്നു. ക്രിസ്തുവിനെപ്പോലെ അനുദിന ജീവിതത്തില്‍ പ്രതിസന്ധികളെ അതിജീവിക്കാനായാല്‍ നമുക്കും  ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാകും.

നിശ്ശബ്ദ സേവനത്തിലൂടെയും ത്യാഗപ്രവര്‍ത്തികളിലൂടെയും തങ്ങളെത്തന്നെ മറ്റുള്ളവര്‍ക്കായ്, വിശിഷ്യാ രോഗള്‍ക്കുവേണ്ടിയും പ്രായമായി ഏകാന്തതയില്‍ കഴിയന്നവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുംവേണ്ടി സമര്‍പ്പിതരായവരെ ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. ജീവിത പരിസരങ്ങളില്‍ സുവിശേഷമൂല്യങ്ങളോടു വിശ്വസ്തരായി ജീവിക്കുന്നവര്‍ തീര്‍ച്ചയായും വിവേചനവും പരിത്യക്തതയും അതിന് വിലയായി കൊടുക്കേണ്ടി വരും. അവര്‍ ക്രിസ്തുവിനെ പരിത്യജിക്കായ്കയാല്‍, അപമാനങ്ങളും മുറിവുകളും അന്തസ്സോടെ ഏറ്റെടുക്കുന്നു. അവര്‍ ക്രിസ്തുവിനെ അനുകരിക്കുന്നു, അവിടുത്തെ കുരിശിന്‍റെവഴിയെ നടക്കുന്നു. അങ്ങനെയുള്ള ‘സാക്ഷികളുടെ  മഹാഗണ’ത്തെക്കുറിച്ചുതന്നെ നമുക്ക് പറയാനാകും (ഹെബ്ര. 12, 1). ഈ പാത അനുഗമിക്കാന്‍ വഴിതെളിച്ച നാഥനും രക്ഷകനുമായ ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹം നമ്മില്‍ വളരട്ടെ. സ്നേഹമാണ് നമ്മെ നയിക്കേണ്ടതും, നമുക്ക് ശക്തിപകരേണ്ടതും. അങ്ങനെ ‘അവിടുന്ന് ആയിരിക്കുന്നിടത്ത് അവിടുത്തെ ശുശ്രൂഷകരും ആയിരിക്കട്ടെ!’ (യോഹ. 12, 26). ആമേന്‍.  








All the contents on this site are copyrighted ©.