2015-03-29 17:36:00

യുവജനങ്ങളെ പാപ്പാ ക്രാക്കോയിലേയ്ക്ക് ക്ഷണിച്ചു


വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെട്ട ഹോസാന ബലിയര്‍പ്പണത്തെ തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപാര്‍ത്ഥന ചൊല്ലുകയും ഹ്രസ്വസന്ദേശം നല്കുകയും ചെയ്തു. റോമാരൂപത യുവജനദിനം ആഘോഷിക്കുന്നത് ഹോസാന ഞായറിലാണ്. അതിനാല്‍ വത്തിക്കാനില്‍ യുവജനങ്ങളുടെ നിറസാന്നിദ്ധ്യമായിരുന്നു.

ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ പ്രത്യേകമായി അഭിസംബോധനചെയ്തു. സഭയ്ക്കൊപ്പമുള്ള അവരുടെ യാത്ര അല്ലെങ്കില്‍ ഇടവകയിലും, രൂപതയിലും സമൂഹത്തിലുമുള്ള അവരുടെ ആത്മീയതീര്‍ത്ഥാടനം അടുത്തവര്‍ഷം പോളണ്ടിലെ ക്രാക്കോയില്‍ അരങ്ങേറാന്‍ പോകുന്ന ആഗോള യുവജനസംഗമത്തിലേയ്ക്ക് നയിക്കപ്പെടട്ടെയെന്ന്  പാപ്പാ ആശംസിച്ചു. ആഗോള യുവജന സംഗമത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാട്ടിലാണ് അടുത്ത യുവജനമേള നടക്കുന്നതെന്ന കാര്യവും ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് എല്ലാവരെയും അനുസ്മരിപ്പിച്ചു.

2016 ജൂലൈ 25-മുതല്‍ 31-വരെ തിയതികളിലാണ് ലോക യുവജനമേള പോളണ്ടിലെ ക്രാക്കോനഗരത്തില്‍ അരങ്ങേറുവാന്‍ പോകുന്നത്.

കാരുണ്യമുള്ളവര്‍ അനുഗ്രഹീതരാണ്, എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും,’ (മത്തായി 5, 7) എന്ന സുവിശേഷസൂക്തമാണ് ആഗോള സംഗമത്തിന്‍റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നതെന്ന വസ്തുതയും പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു. യുവജനസമ്മേളനത്തിന്‍റെ പ്രതിപാദ്യവിഷയും, ദൈവികകാരുണ്യത്തിനായി സമര്‍പ്പിച്ചിട്ടുള്ള ആസന്നമാകുന്ന വിശുദ്ധവത്സരത്തിന്‍റെ മുഖ്യചിന്തയും പരസ്പരപൂരകങ്ങളായതിനാല്‍, കരുണയുള്ള സ്വര്‍ഗ്ഗീയ പിതാവിന്‍റെ സ്നേഹത്താല്‍ നിറഞ്ഞ്, അത് ജീവിത ചുറ്റുപാടുകളില്‍ ജീവിക്കുവാനും പങ്കുവയ്ക്കുവാനും പ്രസരിപ്പിക്കുവാനും സാധിക്കണമെന്നും പാപ്പാ യുവജനങ്ങളെ ആഹ്വാനംചെയ്തു. 

ക്രിസ്തുവിന്‍റെ ജരൂസലേം പ്രവേശനം മുതല്‍ അവിടുത്തെ അമ്മ, പരിശുദ്ധ കന്യകാമറിയം തന്‍റെ മകന്‍റെ കൂടെയുണ്ടായിരുന്നു. നാം ആരംഭിച്ച വിശുദ്ധവാരം വിശ്വാസചൈതന്യത്തിന്‍റ നിറവില്‍ ജീവിക്കുവാന്‍ സഹായകമാവട്ടെയെന്ന് പാപ്പാ ആശംസിച്ചു. എന്നാല്‍ മറിയത്തിന്‍റെ ഹൃദയം മകന്‍റേതുപോലെ കരുണാര്‍ദ്രമായിരുന്നു, ത്യാഗസമ്പന്നമായിരുന്നു. അവസാനം കാല്‍വരിയില്‍ കുരിശിന്‍ചുവടുവരെ അത് പതറാതെ നിന്നു. മറിയത്തിന്‍റ മാതൃക പിന്‍ചെന്ന് നാമും ജീവിതക്കുരിശുകളും ക്ലേശങ്ങളും ക്ഷമയോടെ സഹിക്കുവാനും വഹിക്കുവാനും കന്യകാനാഥ എവരെയും, വിശിഷ്യാ യുവജനങ്ങളെ തുണയ്ക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഫ്രാന്‍സിന്‍റെ ആല്‍പൈന്‍ നിരയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവരെയും, പ്രത്യേകിച്ച് ജര്‍മ്മന്‍കാരായ യുവജനങ്ങളെ പാപ്പാ കന്യകാനാഥയുടെ മദ്ധ്യസ്ഥതയില്‍ സമര്‍പ്പിക്കുകയും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ക്രിസ്തു രഹസ്യങ്ങള്‍ നന്നായി ധ്യാനിക്കുവാന്‍ സാധിക്കുന്ന വിശുദ്ധവാരമാവട്ടെ ഇതെന്ന്, ആശംസിച്ചുകൊണ്ടാണ് ത്രികാലപ്രാര്‍ത്ഥനാ പരിപാടികള്‍ പാപ്പാ ഉപസംഹരിച്ചത്.  തുടര്‍ന്ന് ഹോസാനാ തിരുക്കര്‍മ്മങ്ങള്‍ക്ക് എത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ട് ചത്വരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേയ്ക്കും പാപ്പാ തുറന്ന പേപ്പല്‍ വാഹനത്തില്‍ കടന്നുചെന്നത്, തീര്‍ച്ചയായും സന്നിഹതരായ യുവജനങ്ങള്‍ക്കും, എല്ലാവര്‍ക്കും ആവേശജനകമായിരുന്നു.

 .








All the contents on this site are copyrighted ©.