2015-03-28 12:50:00

ആത്മീയതയുടെ നിറചില്ലകള്‍ ഉയര്‍ത്തേണ്ട ഹോസാന മഹോത്സവം


ആഗോളസഭ ആചരിക്കുന്ന ഹോസാന ഞായര്‍ മഹോത്സവത്തിന്‍റെ സുവിശേഷ ചിന്തകള്‍

വിശുദ്ധ മാര്‍ക്കോസ്  11, 1 - 10 ജരൂസലേമിലേയ്ക്കുള്ള രാജകീയ പ്രവേശനം

ക്രിസ്തുവും ശിഷ്യന്മാരും ജരൂസലേമിനെ സമീപിക്കുകയായിരുന്നു. ഒലിവു മലയ്ക്കു സമീപമുള്ള ബേത്ഫഗേ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്ക് അടുത്തെത്തിയപ്പോള്‍ അവിടുന്ന് രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു. എതിരെ കാണുന്ന ഗ്രാമത്തിലേയ്ക്കു ചെല്ലുവിന്‍. അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുത്ക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടു വരുവില്‍. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്. ഉടനെ തിരിച്ചയക്കുന്നതാണ് എന്നു പറയുക. അവര്‍ പോയി. തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍ അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു. നിങ്ങനെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്. ക്രിസ്തു പറഞ്ഞതുപോലെ ശിഷ്യന്മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു. അവര്‍ കഴുതക്കുട്ടിയെ ക്രിസ്തുവിന്‍റെ അടുത്തു കൊണ്ടുവന്ന്, അതിന്‍റെ പുറത്ത് കയറിയിരുന്നു. വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍നിന്ന് പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി. അവന്‍റെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു. ഹോസാന, കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! നമ്മുടെ പിതാവായ ദാവീദിന്‍റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!! അവിടുന്ന് ജരൂസലേമില്‍ പ്രവേശിച്ച് പിന്നെ ദേവാലയത്തിനുള്ളിലേയ്ക്കു പോയി.

പെസഹാ തിരുനാളില്‍ പങ്കെടുക്കുന്നതിന് ക്രിസ്തു ജെരൂസലേമിലേയ്ക്കു പോവുകയായിരുന്നു. ബെദ്ഫാഗാ വഴി ഒലിവുമലയുടെ താഴ്വാരത്തൂടെയാണ് അവിടുന്ന് ശിഷ്യന്മാര്‍ക്കൊപ്പം നടന്നു നീങ്ങിയത്. അവിടെവെച്ചാണ് തനിക്കു സഞ്ചരിക്കാന്‍ കഴുതക്കുട്ടിയെ കൊണ്ടുവരുവാന്‍ രണ്ടു ശിഷ്യന്മാരെ അടുത്തുള്ള ഗ്രാമത്തിലേയ്ക്ക് ക്രിസ്തു പറഞ്ഞയച്ചത്. ആജ്ഞാപിച്ചതുപോലെ അവര്‍  അടുത്ത ഗ്രാമത്തില്‍ ചെന്നപ്പോള്‍ കഴുതയെ കാണുകയും അതിനെ അഴിച്ചുകൊണ്ടു വരികയും ചെയ്തു. പിന്നെ അതിന്‍റെ പുറത്തിരുന്നാണ്  ജരൂസലേമിലേയ്ക്കുള്ള യാത്ര തുടര്‍ന്നത്. ഇതോടെ ശിഷ്യന്മാരുടേയും ജനങ്ങളുടേയും ആവേശം അലയിരമ്പി. അവിടുന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ അവര്‍ വഴിനീളെ വസ്ത്രങ്ങള്‍ വിരിച്ചു. ചിലര്‍ ഒലിവുശാഖകള്‍ ഉരിഞ്ഞെടുത്ത് വഴികള്‍ അലങ്കരിച്ചു. തിരുവെഴുത്തുകളിലെ രക്ഷയുടെ വാഗ്ദാനങ്ങള്‍ അനുസ്മരിപ്പിക്കുമാറ്, ജനം 118-ാം സങ്കീര്‍ത്തനം ഉറക്കെ ഏറ്റുപാടുന്നുണ്ടായിരുന്നു. “ഹോസാനാ, കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍. അസന്നമാകുന്ന ഞങ്ങളുടെ പിതാവായ ദാവീദിന്‍റെ രാജ്യം അനുഗ്രഹീതം. ഉന്നതങ്ങളില്‍ ഹോസാനാ” (മാര്‍ക്ക് 11, 9-10). സമാന്തര സുവിശേഷകന്മാര്‍ എല്ലാവരും രേഖപ്പെടുത്തിയിട്ടുള്ള ഈ ഹോസാനാ ഉത്സവാഘോഷം, ഘോഷയാത്ര അനുഗ്രഹത്തിന്‍റെ പ്രരോദനവും മഹത്വീകരണത്തിന്‍റെ സ്തോത്രഗീതവുമാണ്.

കാലംകാതോര്‍ത്ത രക്ഷകന്‍ അവസാനം തങ്ങളുടെമദ്ധ്യേ ആഗതനായെന്നും, ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചുവെന്നും, അനുഗ്രഹിച്ചിരിക്കുന്നുവെന്നും ഇസ്രായേല്‍ ഏകകണ്ഠേന പ്രഘോഷിച്ചു. പിന്നെ  ക്രിസ്തു ജരൂസലേമില്‍ പ്രവേശിക്കുന്നതോടെ ജനം പാര്‍ത്തിരുന്ന വിമോചനം അവിടുന്നില്‍ യാഥാര്‍ത്ഥ്യമാകുകയാണെന്ന വിശ്വാസം ദൃഢപ്പെടുകയായിരുന്നു.

ഈ വിജയാഘോഷത്തില്‍ അന്തര്‍ലീനമായ അനുരണനം എന്താണെന്ന് ശ്രദ്ധിക്കേണ്ടതാണ്? “ഞാന്‍ നിന്നെ ജനതയാക്കും, നിന്നിലൂടെ ഭൂമുഖത്തെ സകല കുടുംബങ്ങളും അനുഗ്രഹീതമാകും,” എന്ന് വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹത്തോടു ദൈവം ചെയ്ത വാഗ്ദാനം, (ഉല്പത്തി 12, 2-3) ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടും എന്നാണ് തിരുവെഴുത്തുകള്‍ സാക്ഷൃപ്പെടുത്തുന്നത്. ഈ ദൈവിക വാഗ്ദാനങ്ങളുടെ ഓര്‍മ്മ ഇസ്രായേല്‍ ജനം എന്നും തങ്ങളുടെ സങ്കീര്‍ത്തനങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും സജീവമാക്കിയിരുന്നു. ‘വാഴ്ത്തപ്പെട്ടവന്‍,’ അനുഗ്രഹീതന്‍, എന്ന് ഓശാനയില്‍ ജനങ്ങള്‍ പ്രഘോഷിക്കുന്ന ക്രിസ്തു മനുഷ്യകുലത്തിനു മുഴുവനും വാഴ്ത്തപ്പെട്ടവനും, അനുഗ്രഹീതനുമായിത്തീരുന്നു. സകലത്തിനെയും രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവിക പ്രാഭവവും പ്രകാശവും പെസഹാനാളില്‍ ക്രിസ്തുവില്‍ അനാവരണം ചെയ്യപ്പെടുന്നതാണ് മനുഷ്യമനസ്സുകളില്‍ ഇന്നും അലയടിക്കുന്ന, നാം കാതോര്‍ക്കുന്ന അനുരണനം.

ലോകത്തിലെ സകല ജനതകളോടും സംസ്കാരങ്ങളോടും ദൈവരാജ്യത്തിന്‍റെ സമാധാന സന്ദേശം പങ്കുവയ്ക്കുവാനുള്ള ക്ഷണമാണ് ഇന്നത്തെ മഹോത്സവം നമുക്കു നല്കുന്നത്. ലോകത്തിന്‍റെ ദൗര്‍ബല്യങ്ങളോട് കരുണാര്‍ദ്രമാകുന്നതും എന്നാല്‍ അതിന്‍റെ വശ്യഭംഗി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ വളരെ ഗഹനവും സ്നേഹമസൃണവുമായൊരു കാഴ്ചപ്പാടാണ് ക്രിസ്തു തന്‍റെ അനുയായികള്‍ക്ക് നല്കുന്നത്. തന്‍റെ കരവിരുതായ പ്രപഞ്ചത്തോട് ദൈവത്തിനുള്ള അതിയായ കാരുണ്യമാണ് പെസഹാരഹസ്യങ്ങളില്‍ തെളിഞ്ഞു നില്ക്കുന്നത്. ഹോസാനനാളില്‍ കഴുതപ്പുറത്തു സഞ്ചരിച്ച രാജാവ് യുദ്ധവീരാനല്ല, സമാധാനരാജാവാണ്!

“ദൈവമേ, അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു. അവിടുത്തേയ്ക്ക് എന്തും സാദ്ധ്യമാണല്ലോ. മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന് അവിടുന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു. എല്ലാറ്റിനേയും അങ്ങ് സ്നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല. ദ്വേഷിച്ചെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല. ജീവനുള്ള സകലത്തിനേയും സ്നേഹിക്കുന്ന ദൈവമേ, സര്‍വ്വവും അങ്ങയുടേതാണ്. അങ്ങ് അവയോടു ദയ കാണിക്കുന്നു.” വിജ്ഞാനം 11, 23-24, 26.

ക്രിസ്തുവിനെ ഇസ്രായേലിന്‍റെ രാജാവായി പ്രഘോഷിക്കുന്നവരുടെ ഹൃദയങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന്, ഇന്നത്തെ സുവിശേഷത്തെ ആധാരമാക്കി നമുക്ക് ആത്മശോധന ചെയ്യാം. പ്രവാചകന്മാര്‍ പ്രഘോഷിച്ചതും ഇസ്രായേല്‍ കാത്തിരുന്നതുമായ രാജാവ് എങ്ങനെ ഉള്ളവനായിരിക്കും എന്നൊരു  ധാരണ അവര്‍ക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജരൂസലേം ജനത ക്രിസ്തുവിനെ തള്ളിപ്പറയുകയും, ‘ക്രൂശിക്കുക, അവനെ ക്രൂശിക്കുക,’ എന്ന് ആക്രോശിക്കുകയും ചെയ്തു. രണ്ടും കണ്ട, കൂടെയുണ്ടായിരുന്ന ശിഷ്യന്മാര്‍ മൂകസാക്ഷികളായി, ആ രാത്രിയില‍ ഗദ്സെമന്‍ തോട്ടത്തില്‍നിന്നും ഗുരുവിനെ വിട്ട് ഓടി പോവുകയാണുണ്ടായത്. ഭൂരിപക്ഷം ജനങ്ങളും അന്ന് ക്രിസ്തുവില്‍ കണ്ട മിശിഹായിലും ഇസ്രായേലിന്‍റെ രാജാവിലും നിരാശയരായിരുന്നിരിക്കണം. നസ്രായനായ ക്രിസ്തു ആരാണെന്നും, അവിടുത്തെക്കുറിച്ച് എന്തു ധാരണയാണുളളതെന്നും ചിന്തിക്കേണ്ടതാണ്. ഇത് നിര്‍ണ്ണായകവും അനിവാര്യവുമായ ചോദ്യമാണ്. ഇന്നത്തെ മഹോത്സവത്തിന്‍റെ കേന്ദ്രസ്ഥായി ഇതാണ്. കുരിശ് തന്‍റെ സിംഹാസനവും, മുള്‍മുടി കിരീടവുമാക്കിയ ക്രിസ്തുരാജനെ ഈ വിശുദ്ധ വാരത്തില്‍ നമുക്ക് അനുധാവനംചെയ്യാം. സുഗമമായ ഭൗമിക സൗഭാഗ്യം വാഗ്ദാനംചെയ്യുന്ന മിശിഹായല്ല, സ്വര്‍ഗ്ഗീയ സന്തോഷവും ഈ ഭൂമിയില്‍ ജീവിക്കേണ്ട ദൈവിക അഷ്ടഭാഗ്യങ്ങളും, സ്നേഹത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും സാമൂഹ്യമൂല്യങ്ങളും വാഗ്ദാനംചെയ്യുന്ന രക്ഷകനെയാണ് ക്രിസ്തുവില്‍ നാം കാണേണ്ടത്.

ഹോസാനനാളില്‍ റോമിലും, യൂറോപ്പില്‍ പൊതുവെയും യുവജനദിനമായി ആഘോഷിക്കുന്നു. വത്തിക്കാനില്‍ പാപ്പാ യുവജനങ്ങളെ അഭിസംബോധനചെയ്തു സംസാരിക്കാറുണ്ട്. പീഡാസഹനത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങളിലൂടെ ക്രിസ്തുവിനെ അനുഗമിക്കാന്‍ സമ്മതം നല്കിക്കൊണ്ട്, യുവജനങ്ങള്‍ അവിടുത്തെ തങ്ങളുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുന്ന നല്ലനാളായിരിക്കട്ടെ ഓശാന ഞായര്‍, എന്നാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിക്കുന്നത്.

800 വര്‍ഷങ്ങള്‍ക്കുമുന്‍പ് അസ്സീസിയിലെ ഫ്രാന്‍സിസിനെയും അനുചരന്മാരെയും പിന്‍ചെന്ന വിശുദ്ധ ക്ലാര തന്‍റെ പിതാവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് കര്‍ത്താവിനായി സ്വയം സമര്‍പ്പിച്ചത് ഓശാന മഹോത്സവത്തിലായിരുന്നു. ക്രിസ്തുവിനെ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ആനന്ദവും സമാധാനവുമായി സ്വീകരിച്ച് ധീരമായ വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ ഇറങ്ങിപ്പുറപ്പെടാന്‍ അന്ന് 18 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ക്ലാരയ്ക്കു സാധിച്ചു.

ഈ വിശുദ്ധവാരത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ രണ്ടു വികാരങ്ങള്‍ ഉയര്‍ന്നു നില്ക്കട്ടെ. ഒന്ന്, ഓശാന പാടി ക്രിസ്തുവിനെ ജരൂസലേമില്‍ സ്വീകരിച്ച ജനാവലിയുടെ ആനന്ദം; രണ്ട്, മനുഷ്യകുലത്തിനുള്ള അമൂല്യദാനമായി തന്‍റെ ശരീരരക്തങ്ങള്‍ നമുക്കായി പകര്‍ന്നുതന്ന ക്രിസ്തുവിനോടുള്ള നന്ദിയും, സ്നേഹവും... ഹോസാനാ മഹോത്സവത്തോടെ നാം വിശുദ്ധവാരത്തിലേയ്ക്ക് കടക്കുകയാണ്, ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളുടെ ധ്യാനത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഈ ദിനങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ ഹൃദയപൂര്‍വ്വം പങ്കെടുത്തുകൊണ്ട്, ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും മനുഷ്യകുലത്തിനായി പീഡകള്‍ സഹിച്ച്, മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവുമായുള്ള ആഴമായ ആത്മീയ ഐക്യത്തില്‍ വളരാം. ക്രിസ്തുസ്നേഹത്തിന്‍റെ അമൂല്യ ദാനത്തോട് ഹൃദ്യമായി പ്രത്യുത്തരിക്കാം. ജരൂസലേം ജനത ക്രിസ്തുവിന്‍റെ ജരൂസലേം പ്രവേശനത്തിന്‍റെ രാജവീഥിയില്‍ ജനങ്ങള്‍ വിരിച്ച വസ്ത്രങ്ങള്‍പോലെ, നമ്മുടെ ജീവിതങ്ങളെയും നമ്മെത്തന്നെയും കൃതജ്ഞതയുടേയും ആരാധനയുടേയും വസ്ത്രങ്ങളായി വിരിക്കണമെന്നാണ്, സഭാ പിതാക്കന്മാര്‍ പഠിപ്പിക്കുന്നത്.

ഏതാനും നിമിഷങ്ങളില്‍ വാടിപ്പോകുന്ന കുരുത്തോലയോ മരച്ചില്ലകളോ അല്ല നാം ക്രിസ്തുവിന്‍റെ തൃപ്പാദങ്ങളില്‍ വയ്ക്കേണ്ടത്, മറിച്ച് നമ്മെത്തന്നെയും നമ്മുടെ എളിയ ജീവിതങ്ങളെയും കുടുംബങ്ങളെയുമാണ് ദൈവസന്നിധിയില്‍ സമര്‍പ്പിക്കേണ്ടത്. ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിനെയും അവിടുത്തെ കൃപാവരത്തെയും വസ്ത്രമായി അണിഞ്ഞിട്ടുള്ള നമുക്ക്, പാപത്തെയും മരണത്തെയും കീഴ്പ്പെടുത്തി പുനരുത്ഥാന വിജയം വരിച്ച അവിടുത്തെ തൃപ്പാദങ്ങളില്‍ കുരുത്തോലകള്‍ക്കുമപ്പുറം, നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം. ആത്മീയതയുടെ നിറചില്ലകള്‍ ഹൃദയത്തില്‍ ഉയര്‍ത്തിയ ഹെബ്രായ ജനങ്ങള്‍ക്കൊപ്പം ഇന്ന് നമുക്കും ആര്‍ത്തു പാടാം,

“കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന ഇസ്രായേലിന്‍റെ രാജാവ് അനുഗ്രഹീതന്‍! ദാവീദിന്‍റെ പുത്രനായ ക്രിസ്തുവിന് ഹോസാനാ, സ്തുതിയും സ്തോത്രവും...!!”

Audio of the Reflection is attached herewith:

 








All the contents on this site are copyrighted ©.