2015-03-21 11:05:00

അലിഞ്ഞുതീരുന്ന സ്വാര്‍പ്പണത്തിന്‍റെ സുവിശേഷ യുക്തി


ലത്തീന്‍ റീത്തിലെ ആരാധനക്രമപ്രകാരം തപസ്സുകാലം അഞ്ചാവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകളാണിന്ന്.  വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 12, 20-33

തിരുനാളില്‍ ആരാധിക്കായ്‍ വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. ഇവര്‍ ഗലീലിയിലെ ബെദ്സൈദായില്‍നിന്നുള്ള പീലിപ്പോസിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു. പ്രഭോ, ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു. പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു. യേശു പറഞ്ഞു മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യം സത്യമായി ഞാന്‍ പറയുന്നു, ഗോതമ്പു മണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്‍റെ ജീവിനെ ദ്വേഷിക്കുന്നവന്‍ നിത്യജീവിതത്തിനായി അത് കാത്തു സൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷകരും ആയിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവരെ പിതാവും ബഹുമാനിക്കും.

ഇപ്പോള്‍ എന്‍റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു. പിതാവേ, ഈ മണിക്കുറില്‍നിന്ന് എന്നെ രക്ഷിക്കേണമേ. അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേയ്ക്കു ഞാന്‍ വന്നത്. പിതാവേ, അങ്ങുടെ നാമത്തെ മഹത്വപ്പെടുത്തണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി. ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും. അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ യേശുവിനോട് ഒരു ദൂതന്‍ സംസാരിച്ചു എന്നു ചിലര്‍ പറഞ്ഞു. യേശു പറഞ്ഞു. ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്. ഇപ്പോഴാണ് ഈ ലോകത്തിന്‍റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ അധികാരം പുറന്തള്ളപ്പെടും. ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേയ്ക്ക് ആകര്‍ഷിക്കും. അവിടുന്ന് ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലിലുളള മരണമാണ് വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കുവാനായിരുന്നു.

‘ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നെങ്കില്‍ അത് ഫലം പുറപ്പെടുവിക്കുന്നു.’ ക്രിസ്തുവിന്‍റെ മരണത്തെ വ്യാഖ്യാനിക്കുന്ന വാക്യത്തെ അടിസ്ഥാനമാക്കി ധാരാളം അനുരജ്ഞന ദൈവശാസ്ത്ര ചിന്തകള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. മൂന്നായി അവയെ തരംതരിക്കാം. ക്രിസ്തുവിന്‍റെ മരണം ഒരു മോചന ദ്രവ്യമായിരുന്നു. Paying a Ransom, അടിമയെ സ്വതന്ത്രനാക്കി തിരകെയെടുക്കാന്‍ കൊടുക്കുന്ന പണമാണ് മോചനദ്രവ്യം. ക്രിസ്തു തന്‍റെ ജീവന്‍ മോചനദ്രവ്യമായി നല്കിക്കൊണ്ട് മനുഷ്യരെ പാപബന്ധനങ്ങളില്‍നിന്നും സ്വതന്ത്രരാക്കി എന്നതാണ് ആദ്യത്തെ അനുരജ്ഞന ദൈവശാസ്ത്രചിന്ത. ക്രിസ്തു, പകരക്കാരനായി എന്നത് മറ്റൊരു സിദ്ധാന്തം. മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ക്കും കുറവുകള്‍ക്കും ആവശ്യം സമര്‍പ്പിക്കേണ്ടി വന്ന ബലിവസ്തു സാമാന്യ യുക്തിയില്‍ മനുഷ്യകുലം തന്നെയാണ്. എന്നാല്‍ മനുഷ്യ രക്ഷയ്ക്കായി ക്രിസ്തു സ്വയം ബലിയായി അര്‍പ്പിക്കുന്നു, അവിടുന്ന് മനുഷ്യകുലത്തിനുവേണ്ടി സ്വാര്‍പ്പണംചെയ്യുന്നു. 

ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്‍റെ മാതൃകയാണ് ക്രിസ്തുവിന്‍റെ കുരിശുയാഗം, മരണം. പിന്നെ ചരിത്രത്തില്‍ അതൊരു മാതൃകാസമര്‍പ്പണമായി മാറുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന മാതൃകാസമര്‍പ്പണം! എന്നാല്‍, ഇതൊന്നുമല്ല നാലാം സുവിശേഷകന്‍, സമര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നത്. ദൈവ-മനുഷ്യബന്ധത്തിലെ പുതിയ മാനമാണ്, തലമാണിത്. ക്രിസ്തുവിന്‍റെ മരണത്തില്‍, വിശുദ്ധ യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത് അവിടുത്തെ ദൈവികശക്തി, വാഗ്ദാനം, ദൈവസ്നേഹത്തിന്‍റെ പാരമ്യം എന്നിവയാണ്. രക്ഷയുടെ നവവും മൗലികവുമായ ശൈലിയാണ് ക്രിസ്തുവിന്‍റെ കുരിശുയാഗമെന്ന് യോഹന്നാന്‍ സൂചിപ്പിക്കുന്നു. A new mode of salvation.  ദൈവസ്നേഹത്തിന്‍റെ അവതാരമാണ് ക്രിസ്തു. ക്രിസ്തുവില്‍ എങ്ങനെയാണ് ദൈവസ്നേഹം വെളിപ്പെട്ടത്?

ദൈവ-മനുഷ്യബന്ധം ഈ ലോകത്ത് നിലനിര്‍ത്താനായി ക്രിസ്തു മനുഷ്യനെ സ്നേഹിച്ച് സ്നേഹിച്ച് അഴുകിത്തീരുന്നു. ഗോതമ്പുമണി നിലത്തുവീണ് അലിയുമ്പോള്‍. എല്ലാം നഷ്ടപ്പെടുന്നു എന്ന തോന്നലാണ് ഈ അഴിയല്‍ ഉളവാക്കുന്നതെങ്കിലും, പുതുജീവന്‍ നല്കുന്ന ഈ അഴിയല്‍, ശൂന്യവത്ക്കരണം അനിവാര്യമാണ്. ഇതിലൂടെ പുതിയൊരു പിതൃ-പുതൃബന്ധം ഉടലെടുക്കുന്നു. സ്നേഹസമര്‍പ്പണത്തിന്‍റെ വേദനയാണ് ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നതിലൂടെ പ്രകടമാകുന്നത്. സ്നേഹത്തിന്‍റെ മുറിപ്പെടലും തോറ്റുപോകലുമാണിത്. ശൂന്യവത്ക്കരണത്തിന്‍റെ അടിത്തട്ടില്‍നിന്നാണ്, പരിത്യാഗത്തിന്‍റെ നിറവില്‍നിന്നാണ് പുതുജീവന്‍ നാമ്പെടുക്കുന്നത്. പുതുജീവന്‍റെ ഉയര്‍ച്ചയുണ്ടാകുന്നത്, വളര്‍ച്ചയുണ്ടാകുന്നത്, എന്ന് വിശുദ്ധയോഹന്നാന്‍ വ്യക്തമാക്കുന്നു. ഇതു മനസ്സിലാക്കാന്‍ നമ്മുടെ ഭവനങ്ങളിലേയ്ക്ക് നോക്കിയാല്‍ മതി. അമ്മയുടെയും അച്ഛന്‍റെയും ത്യാഗത്തിലല്ലേ മക്കള്‍ വളര്‍ന്ന് വലുതാകുന്നത്. മാതാപിതാക്കള്‍ സ്വയം ഇല്ലാതാകുമ്പോള്‍, മക്കള്‍ വളര്‍ന്ന് വലുതാകുന്നു. അവരുടെ ത്യാഗത്തിനു കണക്കും കയ്യുമുണ്ടോ. എന്നാല്‍ മറിച്ചും സംഭവിക്കാം. ഉത്തരവാദിത്വങ്ങള്‍ മറന്ന് സ്വാര്‍ത്ഥതയില്‍ ജീവിക്കുന്ന അമ്മയോ അച്ഛനോ കുടുംബത്തെയും മക്കളെയും ചിതറിക്കുന്നു, വേദനിപ്പിക്കുന്നു, ചിലപ്പോള്‍ അനാഥരാക്കുന്നു.

തിരുനാളിനു  ജരൂസലേം ദേവാലയത്തില്‍ വന്ന ഗ്രീക്കുകാരെക്കുറിച്ച് ഇന്നത്തെ വായന പരാമര്‍ശിക്കുന്നുണ്ട്. ഗ്രീക്കുകാരില്‍ ചിലര‍ യഹുദമതം സ്വീകരിച്ചവരായിരുന്നു. അവര്‍ക്കുവേണ്ടി ദേവാലയത്തില്‍ court of the gentiles വിജാതിയര്‍ക്കുള്ള സ്ഥലം അല്ലെങ്കില്‍ തളം പ്രത്യേകമായി സജ്ജമാക്കിയുമിരുന്നു. യഹൂദരോടൊപ്പം അവര്‍ക്കു സ്ഥാനം കൊടുത്തില്ലെങ്കിലും  ദേവലായത്തില്‍  ആരാധന നടത്തുവാന്‍ അവര്‍ക്ക് സൗകര്യമുണ്ടായിരുന്നു. അങ്ങനെയുള്ള ചില വിദേശീയര്‍ ക്രിസ്തുവിനെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അവിടുത്തെ അനുഗമിക്കുവാന്‍ ആഗ്രഹിച്ചു. ഈ സാഹചര്യത്തിലാണ് അഴിയാന്‍ തയ്യാറാകുന്ന ജീവിത സമര്‍പ്പണത്തെക്കുറിച്ച് ഗോതമ്പുമണിയുടെ ഉപമയിലൂടെ ക്രിസ്തു സംസാരിക്കുന്നത്.

സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന

സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ

ആടുകള്‍ക്കായ് സ്വയം ജീവനെ നല്കുന്ന

സ്നേഹമുള്ളോരജപാലകന്‍ ഞാന്‍. 

സ്നേഹിതര്‍ക്കുവേണ്ടി സ്വയം ജീവനേകുന്ന, സ്നേഹത്തിലും മീതെ സ്നേഹമില്ലെന്ന് അവിടുന്നു വീണ്ടും പഠിപ്പിക്കുന്നു. ആടുകള്‍ക്കായ് സ്വയം ജീവനെ നല്കുന്ന സ്നേഹമുള്ള അജപാലകനാണ് താന്നെന്നും ക്രിസ്തു ഇവിടെ പ്രസ്താവിക്കുന്നുണ്ട് (യോഹ. 10, 11... 15, 13).  ജീവിതത്തോട് രണ്ടു വിധത്തിലുള്ള സമീപനമാകാമെന്ന ലളിതമായ പാഠമായിരുന്നു ക്രിസ്തു ഭൂമിയെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ജൈവമനുഷ്യനായതുകൊണ്ട് ജന്മത്തെ ഗോതമ്പു മണിയെന്നാണ് ക്രിസ്തു വിശേഷിപ്പിച്ചത്. അതിനുമുന്‍പില്‍ എപ്പോഴും രണ്ടു സാധ്യതകളാണുള്ളത്: ആദ്യത്തേത് നമ്മുടെ നടപ്പുരീതിയാണ് – പത്തായത്തിലായിരിക്കുക. തങ്ങളില്‍ ആരംഭിച്ച് തങ്ങളില്‍ അഭിരമിച്ച് തങ്ങളിലൊടുങ്ങുന്ന ജീവിതവൃത്തത്തോട് ഒരു കുഴപ്പവും അനുഭവപ്പെടാത്തവര്‍.

‘നല്ല മനുഷ്യരെ’ന്നാണ് നമ്മള്‍ അവരെ വിളിച്ചുകൊണ്ടിരിക്കുന്നത്. അയല്‍ക്കാരോടും ദൈവത്തോടും പുലര്‍ത്തുന്ന നിസംഗത യഥാര്‍ത്ഥ പ്രലോഭനമാണ്, തിന്മയാണ്. ദൈവം ലോകത്തോട് നിസംഗത പുലര്‍ത്തുന്നില്ല. തന്‍റെ പുത്രനെ നല്കുമാറ് അത്രയേറെ ലോകത്തെ സ്നേഹിച്ചു. അതിനാല്‍ തന്നിലേയ്ക്കു ചുരുങ്ങുവാനുള്ള മനുഷ്യന്‍റെ നിസംഗഭാവം നാം ഓരോരുത്തരും അനുരജ്ഞനത്തിലൂടെ മറികടക്കേണ്ടിതാണ്. രമ്യതപ്പെട്ട് സാഹോദര്യം വളര്‍ത്തേണ്ടിയിരിക്കുന്നു.

സ്വന്തം കാര്യത്തിലേയ്ക്ക് മാത്രം ഒതുങ്ങുന്ന ആധുനികയുഗത്തിന്‍റെ മനഃസ്ഥിതിയെ നാം നേരിടേണ്ടതും ഇല്ലാതാക്കേണ്ടതുമായ ആഗോള നിസംഗതയെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളതലത്തില്‍ വളര്‍ന്ന് ബലപ്പെട്ടു നില്ക്കുന്ന നിസംഗഭാവത്തെ ആഗോളീകൃതമായ സാഹോദര്യംകൊണ്ട്, അതേ ശക്തിയില്‍ത്തന്നെ നേരിടണമെന്നാണ് പാപ്പാ അവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്.

രണ്ടാമത്തേത് ഒരുതരം പരാര്‍ത്ഥ ജീവിതമാണ്. പത്തായത്തിന് വിപരീതമായി വയലെന്ന ആഭിമുഖ്യത്തില്‍ ജീവിക്കുക. ജീവിതത്തിന്‍റെ തണുപ്പും ചൂടും, മഞ്ഞും, മഴയുംകൊണ്ട് മണ്ണില്‍ കാത്തുകിടക്കുക. നോക്കിനില്‍ക്കെ ഗോതമ്പു മണിയുടെ പൊന്‍നിറം മറയുന്നു. പിന്നെ അതിന്‍റെ സത്ത അഴിയുന്നു. ഇനി ബാക്കി ഒന്നുമില്ല. എന്നിട്ടും പിന്നീടെപ്പോഴോ ജീവന്‍റെ പച്ചനാമ്പ് ഭൂമിയുടെ പ്രസാദമായി അതില്‍നിന്നും പൊട്ടിവരിയുന്നു. അപ്പോഴും പത്തായത്തിലെ ഗോതമ്പു മണി ട്രെഡ് മില്ലില്‍ നടന്നും, ഫേഷ്യല്‍ ചെയ്തും,  ‘എന്നെക്കണ്ടിട്ട് പ്രായം തോന്നിക്കുന്നില്ലാ’യെന്ന് ഹുങ്കു പറഞ്ഞും, സിന്തറ്റിക്ക് ചിരി നിലനിറുത്തിയും അവിടെയുണ്ടാകും. അവസാനം അനുസരണയില്ലാത്ത പൂവന്‍കോഴി ഒരിക്കല്‍ അതിനെ കൊത്തിക്കൊണ്ടു പോകുംവരെ..! വൈരുദ്ധ്യങ്ങളുടെ സമാഹാരമാണ് സുവിശേഷം. അതില്‍ പൊള്ളുന്ന, എന്നാല്‍ അതില്‍ ഏറ്റവും സൗന്ദര്യമുള്ള വചനം ഇതാണ്, ‘സ്വന്തം ജീവന്‍ ശേഖരിക്കുന്നവര്‍ അത് ചിതറിക്കുന്നു. ചിതറിക്കുന്നവരാകട്ടെ അത് ശേഖരിക്കുന്നു.’

ദേശത്തിന്‍റെയും വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്മൃതികളില്‍ ആരൊക്കെയാണ് ജീവിക്കുന്നത്? നിശ്ചയമായും സ്വന്തം ജീവന്‍ ചിതറിക്കാന്‍ സന്നദ്ധരായ ആരോ ചിലര്‍ മാത്രമാണ് എന്നും ഓര്‍മ്മകളില്‍ ജീവിക്കും. നമ്മുടെ ഉറ്റവരൊക്കെ അങ്ങനെയുള്ളവരാണ്. അവര്‍ ഹൃദയത്തില്‍ ഇടം കണ്ടെത്തിയവരാണ്. അവര്‍ സ്വന്തം ജീവന്‍ ചിതറിക്കുകയായിരുന്നു. അങ്ങനെ  ഭൂമിയില്‍ അവര്‍ ഗോതമ്പുമണിപോലെ അലിഞ്ഞലിഞ്ഞ് ഇല്ലാതായി .... പ്രാണനും സ്നേഹവും എല്ലാം പങ്കുവച്ചുകൊണ്ട് കടന്നുപോയി. എന്നാല്‍ അവരുടെ സമര്‍പ്പണംകൊണ്ട് എന്നേയ്ക്കുമായി അവര്‍ നമ്മുടെ പ്രാണന്‍റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും ദൃഢവുമാക്കുവാനുള്ള ക്ഷണം ദൈവത്തില്‍നിന്നും എപ്പോഴും നമുക്ക് ലഭിക്കുന്നുണ്ട്. ജീവിതചുറ്റുപാടുകളിലെ നിസംഗതയുടെ ഭിത്തകള്‍ ഭേദിച്ച് അനരഞ്ജനത്തിലൂടെ സ്നേഹവും സാഹോദര്യവും വളര്‍ത്താം, ജീവിത പരിസരങ്ങളില്‍ സമര്‍പ്പണത്തിലൂടെ നന്മയുടെ പൊന്‍നാമ്പ് വിരിയിക്കാം. ജീവിതെ ചെറുതെങ്കിലും ഫലമണിയിക്കാന്‍ സ്വാര്‍പ്പണംചെയ്യാം. Audio Link below with a theme song.

 








All the contents on this site are copyrighted ©.