2015-03-19 19:33:00

പാപ്പാ പോംപെയിലെ മാതൃസന്നിധിയിലേയ്ക്ക് ഉച്ചഭക്ഷണം ജയില്‍വാസികള്‍ക്കൊപ്പം


പാപ്പാ ഫ്രാന്‍സിസിന്‍റെ ജയില്‍ സന്ദര്‍ശനം അന്തേവാസികള്‍ക്ക് നന്മയുടെ സ്പര്‍ശമേകുമെന്ന്, Prison Live ജയില്‍ ശുശ്രൂഷാ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, അന്നാ മരിയ എസ്പോസിത്തോ പ്രസ്താവിച്ചു. ഇറ്റലിയിലെ ജയിലുകള്‍ തിങ്ങുകയാണെന്നും, അധികം കുറ്റവാളികളും യുവജനങ്ങളാണെന്നും, പാപ്പായുടെ ജയില്‍ സന്ദര്‍ശനം അവരുടെ അരണ്ട മനസ്സുകളില്‍ ആത്മധൈര്യത്തിന്‍റെയും പ്രത്യാശയുടെയും പൊന്‍വെളിച്ചമാകുമെന്നും, നേപ്പിള്‍സിലെ ജയിലില്‍ നാളുകളായി ശുശ്രൂഷചെയ്യുന്ന അന്ന മരിയ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

മാര്‍ച്ച് 21-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയിലെ  പോംപെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവും നേപിള്‍സ് നഗരവും സന്ദര്‍ശിക്കുന്നത്. രാവിലെയുള്ള തീര്‍ത്ഥാടനകേന്ദ്ര സന്ദര്‍ശനവും സമൂഹബലിയര്‍പ്പണവും കഴിഞ്ഞാണ് പാപ്പാ അവിടത്തെ Poggioreale ജയില്‍ സന്ദര്‍ശിക്കുന്നതും അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതും.

ബന്ധനത്തില്‍ കഴിയുന്നതോടൊപ്പം അവര്‍ പ്രവര്‍ത്തര രഹിതരാണ്. അലസമായി സമയം തള്ളിനീക്കുന്നതിന്‍റെ വേദനയും അവരുടെ ശിക്ഷയുടെ ഭാഗമായിട്ടുണ്ടെന്നും അന്നാ മരിയ ചൂണ്ടാക്കാട്ടി. പാപ്പായെ കാണുവാന്‍ സമീപത്തുള്ള Secondigliano-യിലെ ജയില്‍ പുള്ളികളും എത്തുമ്പോള്‍ 600-ഓളം വരുന്ന വലിയൊരു കൂട്ടം സ്ത്രീ പുരുഷന്മാരെയായിരിക്കും പാപ്പാ അഭിസംബോധനചെയ്യുവാന്‍ പോകുന്നതെന്നും അന്നാ മരിയ വെളിപ്പെടുത്തി.

പാപ്പായുടെ ഉച്ചഭക്ഷണം ജയില്‍വാസികള്‍ക്കൊപ്പാമാണെന്നും, അത് പതിവിലും മെച്ചപ്പെട്ട ജയില്‍ഭക്ഷണം ആയിരിക്കുമെങ്കിലും, വളരെ സാധാരണ ഇറ്റാലയന്‍ ഭക്ഷണമാകുവാനാണ് സാദ്ധ്യതയെന്നും ജയില്‍ ചിട്ടകള്‍ നന്നായി പരിയചമുള്ള അന്ന മരിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.