2015-03-18 16:24:00

സുവിശേഷകാരുണ്യം പാപ്പായുടെ പ്രബോധനങ്ങളുടെ മുഖരേഖ


സുവിശേഷ കാരുണ്യം പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളുടെ മുഖരേഖയാണെന്ന്, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍, ഫാദര്‍ മാവുരോ കൊസോളി പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തെക്കുറിച്ച് മര്‍ച്ച് 17-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്  പാപ്പായുടെ ദൈവികകാരുണ്യത്തെക്കുറിച്ചുള്ള അടസ്ഥാന വീക്ഷണം ഫാദര്‍ കൊസോളി വിശദമാക്കിയത്. 

ദൈവത്തിന്‍റെ കൃപാസ്പര്‍ശം പകര്‍ന്നുനല്കുന്ന വാക്കാണ് ‘കാരുണ്യം’ അങ്ങനെ ദൈവികകാരുണ്യത്തിന്‍റെ സദ്ഫലങ്ങള്‍ വിശുദ്ധവത്സരത്തില്‍ കൊയ്തെടുത്തുകൊണ്ട്, ആ സുവിശേഷ കാരുണ്യം അനുദിന ജീവിതത്തില്‍ സഹോദരങ്ങളുമായി പങ്കുവയ്ക്കുകയെന്നതാണ് വിശുദ്ധവത്സരംകൊണ്ട് ലക്ഷൃമിടുന്നതെന്ന് ഫാദര്‍ കൊസോളി വിശദീകരിച്ചു.

കാരുണ്യം കൃപയുടെ അടയാളമാണ്. ദൈവം കാരുണ്യവാനാണ്. അവിടുന്ന് മനുഷ്യരോട് കരുണകാണിക്കുന്നു. വിശുദ്ധവത്സരം പ്രഖ്യാപിച്ചുകൊണ്ട് സഭ മനുഷ്യജീവിതത്തില്‍ ദൈവത്തിനുള്ള അന്യൂനവും പരമവും പ്രഥമവുമായ സ്ഥാനം അംഗീകരിക്കുകയും പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നതെന്നും, അറിയപ്പെട്ട ധാര്‍മ്മിക ശാസ്ത്രപണ്ഡിതനായ ഫാദര്‍ കൊസോളി വ്യക്തമാക്കി.

പാപ്പായുടെ പ്രബോധനങ്ങള്‍ ദൈവികകാരുണ്യത്തെ കേന്ദ്രീകരിച്ചാകയാല്‍ മനുഷ്യന്‍റെ പാപാവസ്ഥയെ അവഗണിക്കുന്ന നിലപാടാണിതെന്ന് നെറ്റിചുളിച്ച് പ്രസ്താവിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നും, എന്നാല്‍ അതു ശരിയല്ലെന്നും ഫാദര്‍ കൊസോളി ചൂണ്ടിക്കാട്ടി. സുവിശേഷ കാരുണ്യം വ്യക്തമാക്കുന്നത് തിന്മയെ നന്മകൊണ്ട് കീഴടക്കാമെന്നും, പാപി മാനസാന്തരപ്പെട്ട് അനുതാപത്തിലൂടെയും അനുരജ്ഞനത്തിലൂടെയും രക്ഷപ്രാപിക്കുമെന്നാണെന്നും ഫാദര്‍ കസോളി വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന അനിതരസാധാരണമായ വിശുദ്ധവത്സരം, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുകൂടെയാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. കൗണ്‍സിലിനുശേഷമുള്ള സഭയാണ് ചരിത്രത്തില്‍ ദൈവികകാരുണ്യത്തിന്‍റെ ദര്‍ശനവും പ്രബോധനങ്ങളുമായി ആധുനിക യുഗത്തിലേയ്ക്കു ഇങ്ങിപ്പുറപ്പെട്ടതെന്നും ഫാദര്‍ കൊസോളി അഭിമുഖത്തില്‍ നിരീക്ഷിച്ചു. ബലഹീനനും പാപിയുമായ മനുഷ്യന്‍ അതുപിച്ച് ദൈവിക കാരുണ്യം സ്വീകരിക്കുകയും, തുടര്‍ന്നും ജീവിക്കുവാനുമുള്ള പ്രത്യാശയാറ്റുന്ന ഘടകമാണ് ദൈവികകാരുണ്യമെന്നും ഫാദര്‍ കൊസോളി അഭിമുഖത്തില്‍ വ്യക്തിമാക്കി.

2015 ഡിസംബര്‍ 8 അമലോത്ഭവത്തിരുനാള്‍ മുതല്‍ 2016 നവംബര്‍ 24-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാള്‍ വരെയാണ് ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം.








All the contents on this site are copyrighted ©.