2015-03-14 11:27:00

മനുഷ്യനെ വേട്ടയാടുന്ന ദൈവസ്നേഹം


ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ചുള്ള തപസ്സുകാലം നാലാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകള്‍

വി. യോഹന്നാന്‍ 3 , 14 21

മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവിടുന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചത് അതിനെ ശിക്ഷയ്ക്കു വിധിക്കുവാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കുവാനമാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി. പ്രകാശം ലോകത്തിലേയ്ക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞവയായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവിടുന്നു വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേയ്ക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്ന് വെളിപ്പെടുന്നു.

അപാരതയുടെ വിരല്‍പ്പാടുമായിട്ടാണ് മനുഷ്യന്‍ പിറന്നു വീഴുന്നത്. തന്‍റെ അന്ധതയാലും മനുഷ്യനിര്‍മ്മിതമായ നിയമങ്ങളുടെ കുരുക്കിനാലും ഈ സ്വാതന്ത്ര്യത്തെ നിഷേധിച്ച് മനുഷ്യന്‍ ദുരന്തം ഏറ്റുവാങ്ങുന്നുണ്ട്. അങ്ങനെ ഭൂമിയിലെ വാഴ്വ്, ജീവിതം തുറുങ്കിനു തുല്യമായിത്തീരുന്നു. ഈ സ്വാതന്ത്ര്യം തിരിച്ചുതരാനാണ് ക്രിസ്തു വന്നത്. സ്നേഹം മാത്രമാണ് ലോകത്തിലെ ഏകസ്വാതന്ത്ര്യം എന്ന് അവിടുന്ന് ഈ തപസ്സിലൂടെ നമ്മെ പഠിപ്പിക്കുന്നു. എല്ലാ മനുഷ്യനെയും ആലിംഗനം ചെയ്യാവുന്നത്ര വിശാലമാണ് ദൈവസ്നേഹം! ആ ആലിംഗനത്തിന്‍റെ മൂര്‍ത്തരൂപം ക്രിസ്തുവില്‍ കാണുന്നു. ജീവിതത്തിന്‍റെ മരവിപ്പും മുരടിപ്പും അനുഭവിച്ചവരെയൊക്കെ ക്രിസ്തു ആശ്ലേഷിക്കുന്നുണ്ട്. ക്രിസ്തുവില്‍നിന്നും നാം സ്വീകരിക്കുന്നത് ദൈവത്തിന്‍റെ ആലിംഗനവും, ആശ്ലേഷവുമാണ്. സുവിശേഷ സംഭവങ്ങള്‍ അവയുടെ സാക്ഷൃവുമാണ്.  

ദൈവസ്നേഹം അനന്തമാണ്. ഉന്നതത്തില്‍നിന്നും ഒഴുകുന്ന ലാവപോലെയാണത്. ആ സ്നേഹത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കുമാവില്ല. അത്ര ശ്രേഷ്ഠവും ശക്തവുമാണത്. ആ സ്നേഹലാവയുടെ സ്പര്‍ശമേല്‍ക്കുന്ന  നിങ്ങളിലും എന്നിലും – മാറ്റമുണ്ടാകണം, മാറ്റമുണ്ടാകും. എത്ര അധഃപതിച്ചാലും ആ സ്നേഹം നമ്മെ തേടിയെത്തും അത്ര അഗാധമാണത്. കേട്ടിട്ടുള്ളതായിരിക്കാം പറയാന്‍ പോകുന്ന ഉദാഹരണം. എന്നാലും സന്ദര്‍ഭോചിതമാകയാല്‍ പറയുകയാണ്. വൈദികന്‍ ആകാനായിരുന്നു പയ്യന്‍റെ ആഗ്രഹം. എന്നാല്‍ കുഴിമടിയനായിരുന്നു അവന്‍. ലക്ഷൃം മാറ്റിവച്ച് മെഡിക്കല്‍ കോളെജില്‍ ചേര്‍ന്നു. നമ്മുടെ കൂട്ടുകെട്ട് അവനെ നശിപ്പിച്ചു. കൂട്ടുകാരുമായി ചേര്‍ന്ന് അവന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു. ശരീരവും മനസ്സും ക്ഷയിച്ചു. കാലക്രമേണ തെണ്ടിയായി തെരുവിലേയ്ക്കിറങ്ങി. ഉപജീവിനത്തിനായി ചെരുപ്പ് പോളിഷ്ചെയ്തും, അത് നന്നാക്കിയും നാളുകള്‍ തള്ളിനീക്കി. അവസാനം കൂടെ പഠിച്ചൊരു പെണ്‍കുട്ടിയുടെ കാരുണ്യംകൊണ്ട് അവന്‍ Wilfred Meynell മെയ്നല്‍ എന്നയാളെ പരിചയപ്പെട്ടു. മെയ്നലും ഭാര്യയും അവന്‍റെ കഴിവുകളും, ഉള്ളിലെ നന്മയും തിരിച്ചറിഞ്ഞു. അവനെ വലിയ വീഴ്ചയില്‍നിന്നും അവര്‍ രക്ഷപ്പെടുത്തി. കുറേക്കഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ ജീവിതകഥ കവിതയാക്കി. കവിതയുടെ പേര് - The Hound of Heaven ‘സ്വര്‍ഗ്ഗത്തിലെ വേട്ടനായ എന്നായിരുന്നു. ആ മനുഷ്യന്‍റെ പേര് ഫ്രാന്‍സിസ് തോംസണ്. ഇംഗ്ലിഷ് സാഹിത്യ ചരിത്രത്തിലെ അതിപ്രശസ്തമായ കവിതയാണിത്. താന്‍ എങ്ങനെ ദൈവത്തില്‍നിന്നം അകന്നുപോയെന്നും, ദൈവം, എങ്ങനെ തന്നെ വേട്ടയാടിയെന്നും നല്ലഭാഷയില്‍ അദ്ദേഹം വിവിരിച്ചിരിക്കുന്നു, വര്‍ണ്ണിച്ചിരിക്കുന്നു. വേട്ടനായ ഇരയെ കിട്ടുന്നതുവരെ പാഞ്ഞു നടക്കുന്നു. തോംസന്‍റെ കഥയാണിത്. ദൈവം തന്നെ അത്രയേറെ അന്വേഷിച്ച, സ്നേഹിച്ച അനുഭവം അയാള്‍ക്കുണ്ടായി. തോംസണെ തരിച്ചു പിടിക്കുന്നതുവരെ ദൈവസ്നേഹം വേട്ടയാടിയെന്നു പറയാം.

മിശിഹായുടെ ആഗമനത്തെക്കുറിച്ച് ഇസ്രായേലിലുണ്ടായിരുന്ന ധാരണ ക്രിസ്തു തിരുത്തിക്കുറിക്കുന്നു. ലോകത്തെ വിധിക്കാന്‍, നന്മയും തിന്മയും തമ്മില്‍ വേര്‍തിരിച്ച്, ദുഷ്ടരെ ശിക്ഷിക്കാനായി ദൈവം മിശിഹായെ, രക്ഷകനെ അയയ്ക്കുമെന്നാണ് അവര്‍ കരുതിയത്. ക്രിസ്തു പറഞ്ഞു. ‘ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്’ (യോഹ. 3, 17). എങ്ങനെയാണ് ഈ രക്ഷ സാധിച്ചത് ? മനുഷ്യസ്നേഹത്തിലൂടെ ജീവന്‍ കൊടുക്കുവോളം സ്നേഹിച്ചു. അതൊരു ഉയര്‍ത്തപ്പെടലാണ്. കുരിശു മരണത്തോളമുള്ള ഉയര്‍ത്തപ്പെടല്‍. ആ മരണം തന്നെയാണ് മഹത്ത്വം. മരണത്തിനുശേഷമുള്ള മഹത്വമല്ല ഉത്ഥാനം, മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതാണ് ഉത്ഥാനം. ‘സ്നേഹിക്കുവേര്‍ക്കായ് സ്വയം ജീവനേകുന്ന സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ?’(യോഹ. 15, 13). ഇതുകൊണ്ടാണ് യോഹന്നാന്‍റെ സുവിശേഷത്തില്‍ മരണവും ഉത്ഥനവും, സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഉയര്‍ത്തപ്പെടലും അരൂപിയുടെ ആഗമനവും കുരിശില്‍വച്ചുതന്നെ നടക്കുന്നത്.  തന്‍റെ ഏകജാതനെ, ക്രിസ്തുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചുകൊണ്ട് ദൈവം പാപപങ്കിലമായ മനുഷ്യകുലത്തോട് എപ്രകാരം തന്‍റെ സ്നേഹം പ്രകടമാക്കി എന്നതാണ്, ഇന്നത്തെ ആരാധനക്രമത്തിന്‍റെയും വചനത്തിന്‍റെ ഉള്‍പ്പൊരുള്‍. അങ്ങനെ ക്രിസ്തുവഴിയാണ് പാപത്തില്‍നിന്നും മരണത്തില്‍നിന്നും നാം മോചിതരാകുന്നത്. (യോഹ. 3, 16-17).

രക്ഷാകര ദൈവശാസത്രത്തിന്‍റെ രത്നച്ചുരുക്കമാണ് ഇന്നത്തെ സുവിശേഷഭാഗത്തു നാം കാണുന്നത്. പുതിയ നിയമത്തിലെ ഏറ്റവും പ്രസിദ്ധമായ വചനമായിട്ടും ഇതിനെ കണക്കാക്കാറുണ്ട്. “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”(യോഹ. 3, 14). എന്നാല്‍ ലോകത്തെ സ്നേഹിക്കാന്‍ ദൈവം തിരഞ്ഞെടുത്ത മര്‍ഗ്ഗമാണ് സുവിശേഷകന്‍, വിശുദ്ധ യോഹന്നാന്‍ ഊന്നിപ്പറയുന്നത്. അതായത്, തന്‍റെ ഏകജാതനെ നല്കിക്കൊണ്ടാണ് ദൈവം ലോകത്തോടുള്ള സ്നേഹം പ്രകടമാക്കിയത്. ഏകജാതന്‍ എന്നാല്‍ പ്രിയപുത്രന്‍ എന്നാണ്. വിശുദ്ധ യോഹന്നാന്‍റെ ദൈവശാസ്ത്ര ചിന്തയുടെ സത്തയാണിത് : ആദ്യമായി തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി അയക്കുമാറ് അവിടുന്ന് ലോകത്തെ സ്നേഹിച്ചു.

രണ്ടാമതായി ലോകത്തോട് ദൈവം കാണിക്കുന്ന സ്നേഹത്തിന്‍റെ ഉഷ്മളത ലോകത്തെ വിധിക്കുവാനല്ല പ്രത്യുത, അതിനെ സ്നേഹവും ആനന്ദവും പ്രത്യാശയുംകൊണ്ട് നിറയ്ക്കുവാനാണ്.’ മനുഷ്യരക്ഷ ദൈവത്തിന്‍റെ പ്രഥമ ലക്ഷൃമാണ്. അതിനായി കലവറയില്ലാതെ അവിടുന്നു തന്നെത്തന്നെ സമര്‍പ്പിക്കുന്നു. എപ്രകാരമുള്ള ലോകത്തെയാണ് ദൈവം സ്നേഹിച്ചത്, എന്നുള്ള വിശുദ്ധ യോഹന്നാന്‍റെ ദര്‍ശനം മനസ്സിലാക്കുന്നത് നല്ലതാണ്. ‘ലോകം’ എന്നതിന് വിശുദ്ധ യോഹന്നാന്‍ മൂലകൃതിയില്‍ ഉപയോഗിക്കുന്ന പദം വളരെ നിഷേധാത്മകമാണ്, അത് ദൈവികനന്മയ്ക്ക് ഘടകവിരുദ്ധവുമാണ്.

പാപവും പരാജയവും തിങ്ങുന്ന, വിദ്വേഷവും അനുസരണക്കേടും വിങ്ങി നില്ക്കുന്നൊരു ലോകത്തിലേയ്ക്കാണ് ദൈവപുത്രന്‍ ആഗതനാകുന്നത്. തന്‍റെ സ്വഭാവത്തിന് വിരുദ്ധമായൊരു ലോകത്തെ ദൈവം സ്നേഹിച്ചുവെങ്കില്‍, അത് യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ പാരമ്യവും, അനന്തതയുമാണ്. പിന്നെ നമുക്കുള്ള മാതൃകയുമാണ്. സത്യമായ ക്രൈസ്തവ സ്നേഹം പാരസ്പരികമല്ല – കൊടുക്ക-വാങ്ങലല്ല. അത് അപരന്‍റെ സ്വഭാവവൈശിഷ്ട്യത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തില്‍ മാതൃകചെയ്തതാണ്. ‘നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍...അങ്ങനെ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കളായിരിക്കുവിന്‍.’ എന്ന ക്രിസ്തുവിന്‍റെ വിഖ്യാതമായ പ്രബോധനം ഇവിടെ പ്രതിഫലിക്കുന്നുണ്ട് (മത്തായി 5, 44-45). ദൈവസ്നേഹം അരൂപിയായ കാറ്റുപോലെയാണ്. അത് അദൃശ്യയമാണ്. എന്നാല്‍ അനുഭവവേദ്യവുമാണ്. ഇന്ദ്രിയക്ഷമതയുള്ളതാണ്. ചെറുകാറ്റ് നമ്മുടെ ശരീരത്തിനു കുളിരേകുന്നു.. പൂക്കളുടെ സുഗന്ധം അത് നമ്മിലെത്തിക്കുന്നില്ലേ... പിന്നെ, വഞ്ചിയുടെ പാമരത്തില്‍ വീശുന്ന കാറ്റല്ലേ, അതിനെ നയിക്കുന്നത്. എല്ലാം അദൃശ്യമായതിന്‍റെ tangible-ളായ ഇന്ദ്രിയ- ക്ഷമമായ വെളിപ്പെടുത്തലുകളാണവ. ഇതാ... ദൈവം ഉണ്ടെന്ന് ലോകം അറിയാന്‍ ക്രിസ്തുവില്‍ എല്ലാം ഇന്ദ്രിയ ക്ഷമമായതാണ്.

ഈ തപസ്സ് നമ്മെ വീണ്ടും സ്നേഹത്തിലേയ്ക്ക് മാടിവിളിക്കുകയാണ്. ക്രിസ്തുസ്നേഹം ജീവിക്കുവാനും, അതു പങ്കുവയ്ക്കുവാനും സാദരം ക്ഷണിക്കുകയാണ്. സ്വാര്‍ത്ഥതയുടെയും മറ്റു തിന്മകളുടെയും നിസംഗഭാവം വര്‍ദ്ധിച്ച ലോകത്താണ് നാം ജീവിക്കുന്നത്. അവിടെയാണ് ക്രിസ്തുസ്നേഹം നാം പങ്കുവയ്ക്കേണ്ടതും. അതുവഴി സാഹോദര്യം വളര്‍ത്തേണ്ടത്. ഇക്കുറി തപസുകാല സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത് സാഹോദര്യം നശിക്കുന്ന നിസംഗതയുടെ ആഗോളീകരണത്തെ, തത്തുല്യമായ ആഗോളവത്കൃതമായ സ്നേഹംകൊണ്ട്, ക്രിസ്തു-സ്നേഹംകൊണ്ട് നേരിടണം. മറ്റാരും പ്രകടമാക്കാത്ത വിധത്തില്‍ ലോകത്തെ ഇത്ര അഗാധമായ് സ്നേഹിച്ച ക്രിസ്തുവിനെ നമുക്ക് മാതൃകയാക്കാം. അവിടുത്തെ സ്നേഹം നമ്മുടെ ലോകത്തിന്‍റെ ബന്ധനങ്ങള്‍ അഴിക്കട്ടെ, സ്നേഹക്കുറവുകള്‍ നികത്തട്ടെ..... Audio Attached

 








All the contents on this site are copyrighted ©.