2015-03-13 09:23:00

സഭാകേന്ദ്രങ്ങള്‍ സഹാനുഭാവത്തിന്‍റെ സ്രോതസ്സുക്കളാകണം


സഭയുടെ അജപാലന കേന്ദ്രങ്ങള്‍ സാഹോദര്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും ഭവനങ്ങളാകണമെന്ന് കൊറിയയിലെ മെത്രാന്മാരോട് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

Ad Limina സന്ദര്‍ശനത്തിനെത്തിയ കൊറിയ-മംഗോളിയ സഭാ പ്രവിശ്യകളിലെ  മെത്രാന്മാരെ മാര്‍ച്ചു 12-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ആധുനിക ജീവിതത്തിന്‍റെ സുഖസൗകര്യങ്ങളും, സാങ്കേതികതയും ആശയവിനിമയ സംവിധാനങ്ങളും വളരെ വേഗം ഇന്ന് പുരോഗതി പ്രാപിക്കുന്നുണ്ടെങ്കിലും, വ്യക്തികള്‍ ഏറെ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ടെന്നും, അതുവഴി കുടുംബങ്ങളും സമൂഹങ്ങളും ദുര്‍ബലമാകുന്നുണ്ടെന്നും കൂടിക്കാഴ്ചയില്‍ പാപ്പാ മെത്രാന്മാരെ ചുണ്ടിക്കാട്ടി. അതിനാല്‍ അജപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്നേഹത്തില്‍ അടിയുറച്ച് കൂട്ടായ്മയോടും ഒരുമയോടുംകൂടെ പ്രവര്‍ത്തിച്ചുകൊണ്ട് പ്രേഷിതമേഖലയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാതൃഭവനങ്ങളാക്കി വളര്‍ത്തിയെടുക്കണം അങ്ങനെ ക്രൈസ്തവര്‍ ന്യൂനപക്ഷമായ കൊറിയയിലും മംഗോളിയയിലും ക്രിസ്തുസ്നേഹം പരത്താന്‍ സാധിക്കട്ടെയെന്നും പാപ്പാ മെത്രാന്‍ സംഘത്തെ ഉദ്ബോധിപ്പിച്ചു.

കൊറിയയില്‍ ഏറെ ന്യൂനപക്ഷമായിരിക്കുന്ന ക്രൈസ്തവര്‍ക്ക് സമൂഹത്തില്‍ സുവിശേഷമൂല്യങ്ങള്‍ പങ്കുവയ്ക്കുന്നതിനും, സുവിശേഷവത്ക്കരണ പാത തുറക്കുവാനും സാധിക്കണമെങ്കില്‍ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും ജീവിതശൈലി ഇന്നത്തെ ഒറ്റപ്പെട്ട ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് മെത്രാന് സംഘത്തോട് പാപ്പാ ആഹ്വാനംചെയ്തു. 2014 ആഗസ്റ്റില്‍ പാപ്പാ കൊറിയയിലേയ്ക്കു നടത്തിയ അപ്പോസ്തോലിക സന്ദര്‍ശനവും, ഏഷ്യന്‍ യുവജന സംഗമത്തില്‍ പങ്കെടുത്തതും, കൊറിയന്‍ മണ്ണില്‍ വിശ്വാസത്തിന്‍റെ വിത്തുപാകിയ പോള്‍ ചൂങിനെയും അനുചരന്മാരെയും വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയ സംഭവവുമെല്ലാം പ്രഭാഷണമദ്ധ്യേ പാപ്പാ സന്തോഷത്തോടെ അനുസ്മരിക്കുകയുണ്ടായി.

സഭാ പ്രവിശ്യകളിലെ യുവജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരെ സഹായിക്കുകുയും വേണമെന്ന് പാപ്പാ മെത്രാന്മാരെ അനുസ്മരിച്ചു. ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും ജീവന്‍ സമര്‍പ്പിക്കുവാനുമാണ് ക്രിസ്തു വന്നത് (മത്തായി 20, 28), അതുപോലെ അജപാലന സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പാതയില്‍ ആത്മാക്കള്‍ക്കായി ജീവന്‍ സമര്‍പ്പിച്ചുകൊണ്ട് വിശ്വസ്തതയോടെ ജീവിക്കണമെന്നും, അങ്ങനെ സുവിശേഷത്തിന്‍റെ നവമായ ചൈതന്യവും സന്തോഷവും മനോഹാരിതയും അജപാലനമേഖലകളില്‍ പങ്കുവച്ചുകൊണ്ട് ജീവിക്കുവാന്‍ സാധിക്കട്ടെ എന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത് (EG. 167).








All the contents on this site are copyrighted ©.