2015-03-13 11:58:00

പാപ്പായുടെ പെസഹാചരണം ജയില്‍വാസികള്‍ക്കൊപ്പം


പാപ്പാ ഫ്രാന്‍സിസ് റോമിലെ ജയിലില്‍ പെസഹാ ആചരിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. റോമാ നഗരത്തിന്‍റെ കിഴക്കെ പ്രാന്തത്തിലുള്ള റെബീബിയയിലെ ജയിലിലായിരിക്കും ഏപ്രില്‍ 2-ാം തിയതി പെസഹവ്യാഴാഴ്ച ബലിയര്‍പ്പണവും കാലുകഴുകല്‍ ശുശ്രൂഷയും ഇക്കുറി പാപ്പാ ഫ്രാന്‍സിസ് നിര്‍വ്വഹിക്കുന്നത്. പെസഹാവ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5. 30-ന് ജയില്‍ വാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 12 പേരുടെ കാലുകഴുകല്‍ ശുശ്രൂഷയെ തുടര്‍ന്ന് പാപ്പാ അവര്‍ക്കൊപ്പം ബലിയര്‍പ്പിച്ച് വചനചിന്തകള്‍ പങ്കുവയ്ക്കും.

ലത്തീന്‍ ഭാഷയില്‍ Pater Noster - ‘സ്വര്‍ഗ്ഗസ്ഥനായ പിതാവ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള  ജയില്‍ വളപ്പിലുള്ള കപ്പേളയിലാണ് പാപ്പാ പെസഹാ ആചരിക്കുന്നതെന്ന്  മാര്‍ച്ച് 12 വ്യാഴാഴ്ച - പറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. ജയിലറയില്‍ കഴിയുന്നവര്‍ ദൈവമക്കളാണെന്ന അനുഭവമായിരിക്കും  പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം പകര്‍ന്നു നല്കുവാന്‍ പോകുന്നതെന്ന്, റോമിലെ റെബീബിയ ജയിലിന്‍റെ ആത്മീയ ഉപദേഷ്ടാവ് ഫാദര്‍ സാന്ദ്രോ സ്പിരാനോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പാപ്പായുടെ ജയില്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രസ്താവിച്ചു.

സഭയും സമൂഹവവും തങ്ങളെ സ്നേഹക്കുന്നു എന്ന അനുഭവം സമൂഹം കുറ്റവാളികളായി വിധിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ലഭിക്കുമെന്ന് ജയിലിലെ അന്തേവാസികളുടെ ആത്മീകകാര്യങ്ങളില്‍ വ്യാപൃതനായിരിക്കുന്ന (Chaplain of the Prison) ഫാദര്‍ സ്പിരാനോ അഭിപ്രായപ്പെട്ടു. പെസഹാ വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ജയിലില്‍ നടത്തുന്ന ശുശ്രൂഷയില്‍ ജയില്‍പ്പുള്ളികളായ സ്ത്രീകളുടെ കാലുകഴുകുന്നു എന്ന വാര്‍ത്തയില്‍ നെറ്റിചുളിക്കുന്ന ചിലര്‍ ഉണ്ടെങ്കിലും സ്ത്രീയും പുരുഷനും ഒരുപോലെ ദൈവമക്കളാണെന്നും അന്തസ്സും സ്വാതന്ത്ര്യവും അവകാശങ്ങളും ഉള്ളവരാണെന്നുമുള്ള അടിസ്ഥാന വീക്ഷണത്തിലാണ് പാപ്പാ അത് നിര്‍വ്വഹിക്കുന്നതെന്നും ഫാദര്‍ സ്പിരാനോ അഭിമുഖത്തില്‍ വ്യക്തമാക്കി. 








All the contents on this site are copyrighted ©.