2015-03-11 16:16:00

വിശുദ്ധിയുടെ ഊന്നുവടി വത്തിക്കാനിലെത്തി


ആവിലായിലെ അമ്മത്രേസ്യായുടെ ഊന്നുവടി പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു.

മാര്‍ച്ച് 11-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ്, ജനനത്തിന്‍റെ 500-ാം വാര്‍ഷികം ലോകമെമ്പാടും ആഘോഷിക്കുന്ന സഭയുടെ വേദപാരംഗതയും ആഗോള കര്‍മ്മലീത്താ സഭയുടെ നവോത്ഥാരകയുമായ അമ്മത്രേസ്യാ ഉപയോഗിച്ചിരുന്ന ഊന്നുവടി പാപ്പാ ആശീര്‍വ്വദിച്ചത്.

2014 ഓക്ടോബര്‍ 15-ാം തിയതി വിശുദ്ധയുടെ തിരുനാള്‍ദിനത്തില്‍ സ്പെയിനില്‍ പുണ്യവതി അന്ത്യവിശ്രമംകൊണ്ട ഭവനത്തില്‍നിന്നും 5-ാം ജന്മശതാബ്ദി അനുസ്മരണവുമായി ലോകമെമ്പാടും ‘ആത്മീയപ്രകാശ യാത്ര’ നടത്തിയ ഊന്നുവടിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ കൈകളില്‍ ആശീര്‍വ്വാദത്തിനെത്തിയത്. ഇനിയും വത്തിക്കാനില്‍നിന്നും യൂറോപ്പിലെ ഏതാനും രാജ്യങ്ങള്‍കൂടി ‘ആത്മീയപ്രകാശ യാത്ര’ നടത്തുന്ന ഊന്നുവടി, വിശുദ്ധയുടെ ശതാബ്ദി ജന്മദിനമായ മാര്‍ച്ച് 28-ാം തിയതി ആവിലായിലെ മാതൃഗേഹത്തില്‍ എത്തിച്ചേരുമെന്ന് നിഷ്പാദുക കര്‍മ്മലീത്ത സഭയുടെ റോമിലെ ജനറലേറ്റില്‍നിന്നും ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

.......................................

അമ്മത്രേസ്യായുടെ അഞ്ചാം ജന്മശതാബ്ദി ആവിലായിലേയ്ക്ക് പാപ്പായുടെ സന്ദേശം

അമ്മത്രേസ്യായുടെ അണയാത്ത ആത്മീയ പൈതൃകം ഇനിയും കൈമാറണമെന്ന് ആവിലയിലേയ്ക്ക് അയച്ച സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വേദപാരംഗതയും കര്‍മ്മലീത്താ ആദ്ധ്യാത്മികതയുടെ നവോത്ഥാരകയുമായ ആവിലായിലെ അമ്മത്രേസ്യായുടെ 5-ാം ജന്മശതാബ്ദി ഒക്ടോബര്‍ 15-ാം തിയതി ബുധനാഴ്ച ആരംഭിച്ചതിനോട് അനുബന്ധിച്ച്, ആവിലായിലെ മെത്രാപ്പോലീത്തായ്ക്കും സ്പെയിനിലെ മെത്രാന്‍ സംഘത്തിനുമായി അയച്ച സന്ദേശത്തിലാണ്, ഇന്നും പ്രബോധിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട അമ്മത്രേസ്യായുടെ ധ്യാനാത്മക ജീവിതത്തെക്കുറിച്ചും, ആദ്ധ്യാത്മികതയെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചത്. അമ്മത്രേസ്യ തന്‍റെ ജീവിതത്തിലൂടെയും രചനകളിലൂടെയും പകര്‍ന്നു തന്ന ആത്മീയാനന്ദം, പ്രാര്‍ത്ഥനയിലൂടെ എത്തിച്ചേരേണ്ട ദൈവികൈക്യം, സാഹോദരസ്നേഹം, കൃപയുടെ സാന്നിദ്ധ്യം എന്നിവ കാലികവും മനുഷ്യജീവിതത്തിന് ഇന്നും ദിശാബോധംനല്കാന്‍ കെല്പുള്ളതുമായ ആത്മീയതയാണെന്ന് സന്ദേശത്തില്‍ പാപ്പാ വിശേഷിപ്പിച്ചു.

 

ആഗോളസഭയ്ക്കും കര്‍മ്മല കുടുംബത്തിനും ധ്യാനാത്മക ജീവിതത്തിന്‍റെ അടരുകള്‍ പകര്‍ന്നു നല്കിയ ആത്മീയധാമമായ ഈശോയുടെ വിശുദ്ധ അമ്മ ത്രേസ്യായ്ക്ക് ജന്മംനല്കിയ ആവിലാ നഗരത്തിലെ ജനങ്ങള്‍ക്കും, സ്പെയിനിലെ വിശ്വാസസമൂഹത്തിനും, ആഗോള കര്‍മ്മല കടുംബത്തിനും വിശുദ്ധയുടെ 500-ാം ജന്മവാര്‍ഷികാഘോഷാവസരത്തില്‍ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ നേരുകയും, അപ്പോസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.