2015-03-11 18:00:00

പങ്കുവയ്ക്കേണ്ട മഹത്തായ ദാനമാണ് പ്രകൃതി


പങ്കുവയ്ക്കേണ്ട മഹത്തായ ദാനമാണ് പ്രകൃതിയെന്ന്, ഐക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

ജനീവയിലെ യുഎന്‍ ആസ്ഥാനത്ത്, മാര്‍ച്ച് 9-ാം തിയതി തിങ്കളാഴ്ച ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 28-ാമത് പൊതുസമ്മേളനത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലാണ് പ്രകൃതിയെ നീതിപൂര്‍വ്വകമായി ഉപയോഗിക്കണമെന്നും, അത് മനുഷ്യാവകാശങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചത്. പരിസ്ഥിതിയുടെ സുസിഥിരമായ ആസ്വാദനത്തിന് നീതിയുടെയും, ആദരവിന്‍റെയും സമത്വത്തിന്‍റെയും മാനങ്ങള്‍ പാലിക്കണമെന്നും, പരിസ്ഥിതി വിനാശത്തില്‍ മനുഷ്യാവകാശത്തിന്‍റെ വ്യാപകമായ നിഷേധം ലോകത്ത് ഇന്ന് നടമാടുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി അഭിപ്രായപ്പെട്ടു.

വികസനം, പരിസ്ഥിതി സംരക്ഷണം, വന്‍വ്യവസായ പദ്ധതികളുടെ നടപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്കും, തദ്ദേശവാസികള്‍ക്കും നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക താല്പര്യങ്ങളും മനുഷ്യാവകാശവും മാനിച്ചുകൊണ്ടുള്ള പാരിസ്ഥിതി പദ്ധതികളും സംരക്ഷണ പരിപാടികളുമാണ് രാഷ്ട്രങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി വ്യക്തമാക്കി.

സാഹോദര്യത്തിന്‍റെ അരൂപിയോടെ സകലരുടെയും പൊതുഗേഹമായ ഭൂമി സംരക്ഷിക്കുകയും അത് ഉപയോഗിക്കുകയും വേണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് തൊമാസി അഭിപ്രായപ്രകടനം നടത്തി. 








All the contents on this site are copyrighted ©.