2015-03-09 17:57:00

മനുഷ്യരുടെമദ്ധ്യേ വെളിപ്പെടുന്ന ദൈവത്തിന്‍റെ വിനയഭാവം


ദൈവത്തിന്‍റെ രീതികള്‍ വിനീതവും നിശബ്ദവുമാണ്. പ്രകടനപരതയോ പ്രകടനമോ അതില്‍ ഇല്ല. മാര്‍ച്ച് 9-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

നസ്രത്തിലെ ജനങ്ങളുടെ വിശ്വാസരാഹിത്യത്തെ ക്രിസ്തു ശകാരിക്കുന്ന ഭാഗമായിരുന്നു സുവിശേഷ വിചിന്തനം (ലൂക്കാ 4, 24-30). ആദ്യം അവര്‍ മതിപ്പോടെ അവിടുത്തെ കേട്ടിരുന്നെങ്കിലും, പിന്നെ ദേഷ്യവും അവജ്ഞയുമാണ് പ്രകടമാക്കിയത്. അവര്‍ ആദ്യം ക്രിസ്തുവിനെ പ്രശംസിച്ചു. പിന്നെ അധരങ്ങളില്‍നിന്നും പുറപ്പെട്ട കൃപാവചസ്സു കേട്ട് അത്ഭുതപ്പെടുകയും ചെയ്തു. എന്നാല്‍ ചിലര്‍ക്ക് പറഞ്ഞ കാര്യങ്ങള്‍ സ്വീകാര്യമായില്ല. അതുകൊണ്ട് പിറുപിറുക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്ത്, ഇവന്‍ നസ്രത്തിലെ ജോസഫിന്‍റെ മകനല്ലേ? ഇവനെന്താണ് ഞങ്ങളോടു പറയുവാന്‍ പോകുന്നത്? ഇവന്‍ ഏവിടെയാണ് പഠിച്ചത്? എന്ത് അറിവുണ്ട് ഇവന്? അത്രയുമല്ല, പിന്നെയും അവര്‍ ദേഷ്യപ്പെട്ട് അവിടുത്തെ പട്ടണത്തിനു വെളിയിലാക്കുവാനും, കുന്നില്‍മുകളില്‍നിന്ന് താഴേയ്ക്ക് തള്ളിയിടുവാനും ശ്രമിച്ചു. ക്രിസ്തു അവരോടു പറഞ്ഞു. കഫര്‍ണാമിലെ അത്ഭുതങ്ങളും അടയാളങ്ങളും ഇവിടെയും ചെയ്യണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. അതാണ് നിങ്ങളുടെ ആഗ്രഹം! എന്നിട്ട് ക്രിസ്തു പറഞ്ഞു, ഒരു പ്രവാചകനും സ്വദേശത്ത് സ്വീകൃതനല്ല!!

സിറിയ രാജാവിന്‍റെ സൈന്ന്യാധിപനായിരുന്ന നാമാന് കുഷ്ഠം പിടിപെട്ട കാര്യവും, അയാളുടെ സൗഖ്യദാനത്തിന്‍റെ കഥയും ആദ്യവായനയില്‍ പറയുന്നു. സഹായവും സൗഖ്യവും തേടി അയാള്‍ ഇസ്രായേലില്‍ ഏലിയ പ്രവാചകന്‍റെ പക്കല്‍ ചെന്നു. ഏഴു പ്രാവശ്യം യോര്‍ദ്ദാനില്‍ കുളിക്കുവാനാണ് പ്രവാചകന്‍ കല്പിച്ചത്. ആദ്യം അവിശ്വാസം പ്രകടിപ്പിച്ചു. നാമാന്‍ വലിയ കാര്യങ്ങളാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രവാചകനെ അനുസരിച്ചപ്പോള്‍ അയാളുടെ രോഗം മാറി, പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചു. ഇതാ, ദൈവം ചെറിയ കാര്യങ്ങളിലൂടെ തന്‍റെ കൃപാസ്പര്‍ശം പകര്‍ന്നു നല്കി. ആദ്യം തന്‍റെ ദാസിയുടെ വാക്കാണ് നാമാന്‍ അനുസരിച്ചു. പ്രവാചകന്‍ പറഞ്ഞ ചെറിയകാര്യം നിര്‍വ്വഹിച്ചു. അപ്പോള്‍ അയാള്‍ സുഖപ്പെട്ടു.

പാപ്പാ ഫ്രാന്‍സിസ് നിരീക്ഷിച്ചത് ഇതാണ്: നാമാനും നസ്രത്തിലെ ജനങ്ങളും പ്രതീക്ഷിച്ചത് ദൈവത്തിന്‍റെ വലിയ ഇടപെടലും ആത്ഭുത ചെയ്തികളുമാണ്. എന്നാല്‍ ദൈവം വിനീതഭാവത്തിലും നിശബ്ദതയിലും ചെറിയ കാര്യങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍റെ ആവശ്യങ്ങളില്‍ ദൈവം ഇടപെടുന്നത് അങ്ങനെയാണ്. വലിയ ‘ഷോ’ ഒന്നുമില്ലാതെയല്ലേ, ദൈവം സൃഷ്ടിചെയ്തത്. മാന്ത്രികവടി ഉപയോഗിച്ചല്ല. മണ്ണു മെനഞ്ഞാണ് മനുഷ്യനെ സൃഷ്ടിച്ചത്. രക്ഷാകര ചരിത്രത്തില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്നത് ദൈവത്തിന്‍റെ നിസ്സാരതയാണ്.

രക്ഷകനായ ദൈവം ചെറിയ കാര്യങ്ങളുടെ ദൈവമാണ് (God of small things). ഈജിപ്തിലെ അടിമത്വത്തില്‍നിന്നും ഇസ്രായേല്യരെ മോചിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് വിശ്വാസവും ആത്മവിശ്വാസവുമുള്ള സാധാരണക്കാരനെയാണ് – മോശ! പ്രതാപമുള്ള ജെറീക്കോ പട്ടണത്തെ വീഴ്ത്തിയത് വേശ്യയെക്കൊണ്ടാണ്. സമേറിയായിലെ ജനങ്ങളുടെ മാനസാന്തരത്തിനു വഴി തെളിക്കുന്നത് പാപിനിയായ സ്ത്രീയിലൂടെയാണ്. എന്തിന് ഫിലീസ്തിയന്‍ രാക്ഷസനായ ഗോലിയാത്തിനെ നിലംപറ്റിച്ചത് ദാവീദെന്ന ഇടയച്ചെറുക്കന്‍ കല്ലും കവണിയും കൊണ്ടല്ലേ. ഒറ്റനോട്ടത്തില്‍ ഇതെല്ലാം നിസ്സാരമായോ, ചെറിയ കിറുക്കത്തരമായോ തോന്നാം. ദിവ്യരക്ഷകനെ തേടിയെത്തിയ ജ്ഞാനികള്‍ കണ്ടത്, പുല്‍ത്തൊട്ടിയില്‍ പിറന്നു വീണ പാവം പൈതലിനെയല്ലേ! ഇത് ദൈവത്തിന്‍റെ മനുഷ്യഭാവവും ലാളിത്യവുമാണ്. ഈ ലാളിത്യവും വിനീതഭാവവും ദൈവത്തിന്‍റെ ശൈലിയാണ്.  

തന്‍റെ വചനചിന്തയില്‍ പാപ്പാ ക്രിസ്തുവിന്‍റെ മരുഭൂമിയിലെ പരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. വലിയ അത്ഭുതങ്ങളുടെ പ്രകടനങ്ങളാണ്  സാത്താന്‍ മരുഭൂമിയില്‍ ക്രിസ്തുവില്‍നിന്നും വശ്യപ്പെട്ടത്. ആദ്യമായി ദേവാലയത്തിന്‍റെ ഉച്ചിയില്‍നിന്നും ചാടുവാനായിരുന്നു. അങ്ങനെ അവിടുത്തെ അത്ഭുതപ്രവൃത്തി കണ്ട് എല്ലാവരും അവിടുന്നില്‍ വിശ്വസിക്കണമെന്നായിരുന്നു. എന്നാല്‍ ക്രിസ്തു എപ്പോഴും തന്നെത്തന്നെ താഴ്മയില്‍ വെളിപ്പെടുത്തി. ശാന്തവും വിനീതവുമായ ദൈവിക വിസ്മയങ്ങളില്‍ നാം വളരണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത്. ദിവ്യകാരുണ്യത്തിലും കൂദാശകളിലും നാം കാണുന്നത് ദൈവിക ലാളിത്യത്തിന്‍റെ വിസ്മയങ്ങളാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.