2015-03-07 12:21:00

ജീര്‍ണ്ണതയ്ക്കെതിരായ ശുദ്ധികലശം ക്രിസ്തു ജരൂസലേം ദേവാലയത്തില്‍


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2, 13-25

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ ക്രിസ്തു ജരൂസലേമിലേയ്ക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദൈവാലയത്തില്‍ അവിടുന്നു കണ്ടു. അവിടുന്ന് കയറുകൊണ്ട് ചമ്മിട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദൈവാലയത്തില്‍നിന്നും പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുയും മേശകള്‍ തട്ടി മറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവിടുന്നു കല്പിച്ചു. ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്‍റെ പിതാവിന്‍റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്ന് എഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടു ചോദിച്ചു. ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങള കാണിക്കുക. യേശു മറുപടി പറഞ്ഞു, നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക, മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. യഹുദര്‍ ചോദിച്ചു. ഈ ദേവാലയയം പണിയുവാന്‍ നാല്പതു സംവത്സരങ്ങള്‍ എടുത്തു. വെറും മൂന്നു ദിവസത്തിനകം താങ്കള്‍ അതു പനുരുദ്ധരിക്കുമോ? എന്നാല്‍ അവിടുന്ന് പറഞ്ഞത് തന്‍റെ ശരീരമാകുന്ന ആലലയത്തെക്കുറിച്ചാണ്. അവിടുന്ന് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവിടുത്തെ ശിഷ്യന്മാര്‍ അവിടുന്നു ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മ്മിക്കുകയകും, അങ്ങനെ വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു. പെസഹാത്തിരുനാളിന് അവിടുന്ന് ജരൂസലേമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് വളരെപ്പേര്‍ അവിടുത്തെ നാമത്തില്‍ വിശ്വസിച്ചു. ക്രിസ്തുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവിടുന്ന് അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി അവരുടെയും സാക്ഷൃം അവിടുത്തേയ്ക്ക് ആവശ്യയമായിരുന്നില്ല. മനുഷ്യനിലുള്ളത് എന്താണെന്ന് അവിടുന്ന് വ്യക്തമായി അറിഞ്ഞിരുന്നു.

പുഴകള്‍ എല്ലായിടത്തും ശുദ്ധമാണെന്നത് വിശ്വാസമാണ്. ബീഹാറില്‍ പോയപ്പോള്‍ പുണ്യനദി ഗംഗയുടെ തീര്‍ത്ഥ വിസ്മയം തേടിയും സഞ്ചരിച്ചു. ആയിരക്കണനക്കിന് ആളുകള്‍ ഒരുമിച്ചു നടത്തുന്ന ബലിയും അനുഷ്ഠാനങ്ങളും മൂലം നദി മാലിന്യങ്ങളൊക്കെ ഏറ്റുവാങ്ങി ഓവു വെള്ളംപോലെയാണ് ഒഴുകിയിരുന്നത്. ഭക്തര്‍ കുളിച്ചു ശുദ്ധരാകുമ്പോഴും അതിന് ആനുപാതികമായി മാലിന്യങ്ങള്‍ നദിയില്‍ അടിഞ്ഞുകൂടുകയാണ്. ഇത് ഭൂമിയിലെ എല്ലാ പവിത്രസ്ഥാനങ്ങളുടെയും തലവരയാണെന്നു തോന്നുന്നു. വിശുദ്ധിയുടെ ഇടങ്ങളിലെ ചില അനുബന്ധ ജീര്‍ണ്ണതകള്‍.... അതുതന്നെയാണ് ഇന്നത്തെ സുവിശേഷചിന്തയും... ക്രിസ്തു നടത്തിയ ജരൂസലേം ദൈവാലയത്തിന്‍റെ ശുദ്ധികലശം, തപസ്സിലെ മൂന്നാം വാരത്തില്‍ നമ്മെ ഓര്‍പ്പിക്കുന്നത്, കൃപയുടെ കൂടാരത്തിലും കച്ചവടത്തിന് പഞ്ഞമില്ലെന്നാണ്! മാലിന്യങ്ങള്‍ ഉണ്ടെന്നാണ്.

ക്രിസ്തു മൂന്നു പ്രാവശ്യം ജരൂസലേമിലേയ്ക്കു യാത്ര ചെയ്യുന്നതായി സുവിശേഷകന്‍ യോഹന്നാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. പെസഹാ തിരുനാളില്‍ പങ്കെടുക്കുവാന്‍ ക്രിസ്തു അവിടെ പ്രവേശിക്കുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം. പിന്നെ അവിടുന്ന് ദേവലായം ശുദ്ധീകരിക്കുന്നു. നാളുകളായി ദേവാലയത്തില്‍ കടന്നുകൂടിയ കച്ചവടക്കാരെയും നാണയമാറ്റക്കാരയുമെല്ലാം അവിടുന്നു  പുറത്താക്കി. പലപ്പോഴും പുരോഹിതന്മാരുടെ മൗനസമ്മതത്തോടെയാണ് ദേവാലയത്തില്‍ കച്ചവടം നടക്കുന്നത്.

‘കര്‍ത്താവിന്‍റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു’ എന്നു പറഞ്ഞുകൊണ്ട് (യോഹ. 2, 17)... സങ്കീര. 69, 9) സാധന സാമഗ്രികളോടെ കച്ചവടക്കാരെ അവിടുന്ന് പുറത്താക്കുകയാണ്, ചാട്ടവാറെടുത്ത് അടിച്ച് ഓടിക്കുകയാണ്. ആടുമാടുകളും കാളകളും ബലിക്ക് ആവശ്യമായിരുന്നു. എന്നാല്‍, മനുഷ്യര്‍ക്കു പ്രാര്‍ത്ഥിക്കുവാനുള്ള സ്ഥലത്താണ് കച്ചവടം നടന്നിരുന്നത്. മനുഷ്യര്‍ക്കുപകരം ബലിമൃഗങ്ങളെ അവിടെ നിറുത്തിയത് ക്രിസ്തുവിന് ഒട്ടും സ്വീകാര്യമാകുന്നില്ല എന്നുവേണം മനസ്സിലാക്കുവാന്‍. മനുഷ്യരെക്കാള്‍ മൃഗങ്ങള്‍ക്കും, പിന്നെ അതില്‍നിന്നു കിട്ടുന്ന ആദായത്തിനും പ്രാധാന്യം കല്പിക്കുന്ന പുരോഹിത പാരമ്പര്യത്തെക്കൂടിയാണ് ക്രിസ്തു ദൈവലായത്തില്‍നിന്നും ആട്ടിപ്പായിക്കുന്നതും, അപലപിക്കുന്നതും. ഇന്നും നമ്മുടെ ദേവാലയങ്ങളില്‍ ഇങ്ങനെയുള്ള മൂല്യച്ഛ്യുതി സംഭവിക്കുന്നുണ്ട്, ദേവാലയങ്ങളില്‍ കച്ചവടം കടന്നുകൂടുന്നുണ്ട്. പൗരോഹിത്യ ജീവിതത്തിന്‍റെയും, വിശ്വാസജീവിതത്തിന്‍റെയും പ്രതിബദ്ധത സൂക്ഷിച്ചില്ലെങ്കില്‍ മാറിപ്പോകുമെന്നും ക്രിസ്തുവിന്‍റെ ദേവാലയ കലശംചെയ്യല്‍ നമ്മെ പഠിപ്പിക്കുന്നു.  

‘എന്ത് അധികാരത്തിലാണ് ക്രിസ്തു ഇതു ചെയ്തത്?’ ചോദ്യം പ്രസക്തമാണ്. അധികാരം സ്വയം ഏറ്റെടുത്തതാണെന്ന് അവിടുന്നു പ്രസ്താവിക്കുന്നു. -പകരമായി നിങ്ങള്‍ ഈ ദേവാലയം നശിപ്പിച്ചോളൂ,- എന്നു നെഞ്ചത്തു കൈവച്ച് ക്രിസ്തു പറയുന്നു. അതായത്, മരിക്കുവാനും താന്‍ സന്നദ്ധനാണെന്ന് അവിടുന്നു വെളിപ്പെടുത്തുന്നു. തിന്മയ്ക്കെതിരെ ഏറ്റവും ശക്തമായ ആയുധം ജീവസമര്‍പ്പണമാണ്. പൂര്‍ണ്ണസമര്‍പ്പണില്ലാതെ സാമൂഹ്യ-സാമുദായിക വ്യവസ്ഥിതികളുടെ തിന്മയ്ക്കെതിരെയും ജീര്‍ണ്ണതയ്ക്കെതിരെയും പോരാടാനാവുകയില്ല.

യോഹന്നാന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ ദൈവാലയ ശുദ്ധീകരണം  പരസ്യജീവിതത്തിന്‍റെ ഭാഗമല്ല. സുവിശേഷത്തിന്‍റെ ആരംഭത്തിലാണ് അതു കുറിക്കുന്നത്. കാനായിലെ അത്ഭുത പ്രവൃത്തിയെ തുടര്‍ന്നാണ് ക്രിസ്തു ദേവാലയ വിശുദ്ധീകരണം നടത്തുന്നത്. ശൂന്യമായി, ഉണങ്ങി വരണ്ടിരുന്ന കല്‍ഭരണകളില്‍ മേല്‍ത്തരം വീഞ്ഞു നിറച്ച്, ഇല്ലായ്മയുടെ വ്യഥയില്‍ മുങ്ങിയ കാനായിലെ ജനങ്ങളെ അവിടുന്ന് ആനന്ദലഹരിയില്‍ ആഴ്ത്തി. പിന്നെ ഇതാ.. ദേവാലയത്തിന്‍റെ ജീര്‍ണ്ണത ഇല്ലായ്മ ചെയ്യുവാന്‍ ചാട്ടവാറെടുക്കുന്നു. കച്ചവട മനഃസ്ഥിതിയും ധനമോഹവും നിറഞ്ഞുനില്കുന്ന ദേവാലയത്തിന്‍റെ നഷ്ടപ്പെട്ട പ്രസക്തി വണ്ടെടുക്കുവാനാണ് അവിടുത്തെ ശ്രമം. തിന്മയ്ക്കെതിരെ നിലയുറപ്പിക്കുമ്പോള്‍ ഹൃദയം ദേവാലയമാകും, എന്ന സാരോപദേശം ഈ വചനത്തില്‍ ഒളിച്ചിരിപ്പുണ്ട്. ദേവാലയത്തെക്കുറിച്ച് എന്‍റെ ‘പിതാവിന്‍റെ ഭവനം’ എന്ന് പറയാന്‍ തക്കവിധം ദൈവികൈക്യം ക്രിസ്തുവിന് ഉണ്ടായിരുന്നുവെന്നും ഈ സംഭവം സ്പഷ്ടമാക്കുന്നുണ്ട്. 

ജീര്‍ണ്ണതകള്‍ക്കെതിരെ ഹൃദയപൂര്‍വ്വം കലഹിക്കുന്ന ക്രിസ്തുവിനെയാണ് ഇവിടെ ദൃശ്യമാകുന്നത്. പ്രവാചകന്മാരുടെ ക്ഷോഭം വിദ്വേഷങ്ങളില്‍നിന്നും ആന്തരിക അസ്വസ്ഥതകളില്‍നിന്നുമല്ല ഉതിര്‍ക്കൊള്ളുന്നത്. ഓരേ സ്ഥായിയില്‍ സംസാരിക്കുന്നവരെ ഇടയ്ക്ക് ഒന്നു നമ്മെ കേള്‍ക്കപ്പെടണമെങ്കില്‍ ഉച്ചസ്ഥായി ഉപയോഗിക്കേണ്ടിരിക്കുന്നു. ഗുരുക്കന്മാരുടെ ഹൈ-പിച്ചാണ് ക്ഷോഭം. ക്ലാസില്‍ കലപിലകൂട്ടുന്ന കുട്ടികളെ നിശ്ശബ്ദരാക്കാന്‍ അധ്യാപകന്‍ അലറി വിളിക്കുന്നു. നമ്മുടെ ക്ഷോഭങ്ങളെ നീതീകരിക്കുവാന്‍ ക്രിസ്തുവിന്‍റെ ക്ഷോഭം ഉപയോഗപ്പെടുത്തരുത്. നാം അനുഭവിക്കുന്ന അസ്വസ്ഥതയുടെയും വിദ്വേഷത്തിന്‍റേയുമൊക്കെ വെളിപ്പെടുത്തലാണ് നമ്മുടെ ക്ഷോഭം, വിദ്വേഷം. ക്രിസ്തുവിന്‍റേതാകട്ടെ, അവിടുന്നു മറച്ചുപിടിച്ച സ്നേഹമാണ്. മറ്റൊരു സാരമായ വ്യത്യാസം കൂടിയുണ്ട്. എപ്പോഴാണ് നമ്മള്‍ കുപിതരാവുക. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അവഗണനകൊണ്ടോ ഒക്കെയാണ്. നമ്മുടെ ‘ഈഗോ’ മറ്റൊരാള്‍ വ്രണപ്പെടുമ്പോഴാണത്. എന്നാല്‍ ക്രിസ്തു അത്തരം നിമിഷങ്ങളില്‍ സാന്ദ്രമൗനം പാലിച്ചു, പരമാവധി സ്നേഹമുള്ളൊരു വാക്കുമാത്രം ഉരുവിട്ടു. തന്നെയടിച്ചവനോട് ‘നീ എന്തിനെന്നെ അടിച്ചു?’ എന്നുമാത്രം ചോദിച്ചു. പക്ഷേ, മൂല്യനിരാസങ്ങള്‍ അവിടുത്തെ നിലപാടുകളെ ജ്വലിപ്പിച്ചു. ഇതാ, ദേവാലയത്തിലെ ക്രിസ്തുവിന്‍റെ ക്രോധം ഒരു കനല്‍പോലെ.... നമ്മളാവട്ടെ മൂല്യനിരാസങ്ങള്‍ക്ക് മുമ്പില്‍ ഭീരുക്കളായി, നിശ്ശബ്ദരായി പിന്മാറുകയാണ്.

ദൈവാലയം കച്ചവടസ്ഥലമാക്കരുത്, എന്ന് ക്രിസ്തു പറയുമ്പോള്‍ പള്ളിക്കകത്ത് ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടക്കുന്നു എന്നര്‍ത്ഥമൊന്നുമില്ല. ക്രിസ്തുവിന്‍റെ പരാമര്‍ശത്തിന്. അതിനേക്കാള്‍ ആഴമുള്ള ചില ധ്യാനത്തിന്‍റെ അടരുകള്‍ ഉണ്ടാവണം. കച്ചവടവും കമ്പോളവുമൊക്കെ സമീപനവും ശൈലിയുമാണ്. ലാഭേച്ഛ, ധനത്തിന്‍റെ ബലം, ഒടുങ്ങാത്ത മാത്സര്യം, അധികാരമോഹം, അസൂയ, അനീതിയോടുള്ള കൂട്ടുകെട്ട്, നിസംഗ ഭാവം എന്നിവയെല്ലാം കച്ചവടത്തിന്‍റെ സൂചനയായ അടയാളങ്ങളാണ്. മലീമസമായ ആലയം, മലീമസമായ ഹൃദയം തന്നെയാണ്. ഈ അര്‍ത്ഥത്തില്‍ മേല്പറഞ്ഞ തിന്മകളില്‍ ഒന്നിന്‍റെയെങ്കിലും മുദ്രകള്‍ ആത്മാവില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള നിങ്ങളും ഞാനും ദേവാലയത്തെ കമ്പോളമാക്കി തീര്‍ക്കുന്നുണ്ട്. ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ദൈവത്തെ തേടുന്ന ഭക്തരായി മാറുന്നത് കച്ചവടമനഃസ്ഥിതിയാണ്.

എത്രയോ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് നാം ദൈവത്തെ തിരയുന്നത്. എല്ലാം വാങ്ങുവാന്‍ വേണ്ടി, കിട്ടുവാന്‍ വേണ്ടി മാത്രം. എനിക്കെന്തു കിട്ടും, എനിക്കെന്തതു കിട്ടും എന്ന ആകുലതയോടെ, ആര്‍ത്തിയോടെയാണു നാം ദൈവത്തെ സമീപിക്കുന്നത്. അത് മനഃസ്സമാധാനമാണെങ്കില്‍ പോലും..! അങ്ങനെ നോക്കുമ്പോള്‍ ദേവാലയപ്പടവുകള്‍ കയറിയെത്തുന്ന ഭക്തന് കമ്പോളത്തില്‍നിന്ന് വേറിട്ട് എന്ത് അനുഭൂതിയാനുള്ളത്, എന്ത് അനുഭൂതിയാണതിന്‍റെ അകത്തളം സമ്മാനിക്കുവാന്‍ പോകുന്നത്?! 

‘അപ്പം ഭക്ഷിച്ചതുകൊണ്ടാണല്ലോ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്,’ എന്ന ക്രിസ്തുവിന്‍റെ വചനത്തിനു നേരെ നമുക്ക് കാതടയ്ക്കാനാകുമോ? (യോഹ. 6, 26). തപസ്സുകാലം ഹൃദയവിശുദ്ധിയിലേയ്ക്ക് നമ്മെ ക്ഷണിക്കുന്നു. കലശക്രിയ നമ്മുടെ ഹൃദായാന്തരാളത്തില്‍ ആവശ്യമാണ്. അങ്ങനെ നമ്മുടെ ഹൃദയങ്ങള്‍ പരിശുദ്ധിയുള്ള ദേവാലയമാക്കാം, പവിത്രമാക്കാം. അവിടെ ദൈവം വന്നു വസിക്കട്ടെ! എത്ര വൈകി ദൈവമേ, ഞാന്‍ അങ്ങേ അറിയാന്‍... Late have I found Thee O Lord …! എന്ന വിശുദ്ധ അഗസ്റ്റിന്‍റെ പ്രാര്‍ത്ഥന നമുക്കും ആവര്‍ത്തിക്കാം.  ദൈവത്തിന്‍റെ വഴികളിലേയ്ക്ക് തിരികെ ചെല്ലുവാന്‍ നാം ഒരിക്കലും വൈകുന്നില്ല. കാരണം ദൈവം നമ്മുടെ സ്നേഹമുളള പിതാവാണ്.








All the contents on this site are copyrighted ©.