2015-03-05 15:36:00

പ്രായമായവരുടെ പരിചരണം കുടുംബങ്ങളിലായിരിക്കണം


മാര്‍ച്ച് 5-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ ആരംഭിച്ച  ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.  ‘വൃദ്ധജനങ്ങളുടെ ശുശ്രൂഷയും ജീവിതാന്ത്യപരിചരണവും’ (Oldage and Palliative care) എന്ന വിഷയത്തെ ആധാരമാക്കിയാണ് വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡമി Pontifical Academy for Life ഇക്കുറി അതിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം വിളിച്ചുകൂട്ടിയിരിക്കുന്നത്.

ആരോഗ്യപരിപാലന സംവിധാനങ്ങളും  വൈദ്യശാസ്ത്രത്തിന്‍റെ സാങ്കേതികതയും സൗകര്യങ്ങളും ഇന്ന് ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടടെങ്കിലും, പ്രായമായ മാതാപിതാക്കളും വൃദ്ധജനങ്ങളും പ്രഥമതഃ കുടുംബങ്ങളില്‍ പരിചരിക്കപ്പെടണം, സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാന കാഴ്ചപ്പാടിലായിരിക്കണം വൃദ്ധജനങ്ങളുടെ ശുശ്രൂഷയും ജീവിതാന്ത്യ പരിചരണ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കേണ്ടതെന്ന് പ്രഭാഷണത്തില്‍ പാപ്പാ നിഷ്ക്കര്‍ഷിച്ചു.

ജീവന്‍ നല്കിയ മാതാപിതാക്കളെ, ജീവന്‍റെ സ്രോതസ്സുക്കളായവരെ ബഹുമാനിക്കേണ്ടത് സ്നേഹത്തോടെ അവരെ പരിചരിച്ചുകൊണ്ടും മരണംവരെ അവരെ ഭവനങ്ങളില്‍ ശുശ്രൂഷിച്ചുകൊണ്ടുമാണെന്ന് ‘മാതാപിതാക്കളെ ബഹുമാനിക്കണം,’ എന്ന നാലാം ദൈവപ്രമാണത്തെ ആധാരമാക്കി ഡോക്ടര്‍മാരും, ശാസ്ത്രഗവേഷകരും ഉള്‍പ്പെട്ട സമ്മേളനത്തോട് പാപ്പാ ആഹ്വാനംചെയ്തു. 

ഉപയോഗം കുറഞ്ഞ സാധനങ്ങള്‍ വലിച്ചെറിയുന്നതുപോലുള്ള ഉപഭോഗത്തിന്‍റെ യുക്തി ജീവനോടു കാണിക്കരുതെന്നും, ഐക്യദാര്‍ഢ്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും ആദരവിന്‍റെയും മനോഭാവം കുടുംബങ്ങളില്‍ വളര്‍ത്തുകയും നിലനിര്‍ത്തുകയും വേണമെന്നും ആര്‍ച്ചുബിഷപ്പ് ഇഗ്നാസിയോ കരസ്ക്കോ ഇപ്പോള്‍ നേതൃത്വംനല്കുന്ന അക്കാഡമിയുടെ സമ്മേളനത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.